'ചുരുളി'യിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈകോടതി; സെൻസർ ബോർഡിനും ലിജോക്കും നോട്ടീസ് അയച്ചു
text_fieldsകൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി' യിലെ ഭാഷാ പ്രയോഗം അതിഭീകരമാണെന്ന് ഹൈകോടതി. സിനിമയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ജസ്റ്റിസ് എന്‍. നഗരേഷ് ആണ് അഭിപ്രായം വ്യക്തമാക്കിയത്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്, ലിജോ ജോസ് പെല്ലിശ്ശേരി, സോണി പിക്‌ചേഴ്‌സ് എം.ഡി, നടന്മാരായ ചെമ്പന്‍ വിനോദ് ജോസ്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി എന്നിവര്‍ക്കെതിരെ കോടതി നോട്ടീസും അയച്ചു.
ചിത്രം പൊതുധാര്‍മികതയ്ക്കു നിരക്കാത്ത അസഭ്യവാക്കുകള്‍ കൊണ്ട് നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെന്‍ ആണ് ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. സ്ത്രീകളുടേയും കുട്ടികളുടേയും മാന്യതയെ പ്രകോപിപ്പിക്കുന്നതാണ് സിനിമയിലെ ഭാഷയെന്നും 'ചുരുളി' ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കം ചെയ്യണമെന്നുമാണ് അവര്‍ ഹരജിയിൽ ആവശ്യപ്പെട്ടത്.
സിനിമയുടെ റിലീസിന് അനുമതി നല്‍കിയതിലൂടെ സെന്‍സര്‍ ബോര്‍ഡ് ചട്ടങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു. അത്തരം റിലീസ് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് വിധേയമാണ്. കോവിഡ് കാലമായതിനാല്‍ വീടുകളില്‍ കഴിയുന്ന കുട്ടികള്‍ ഇത്തരം ഉള്ളടക്കങ്ങളിലേക്കെത്താനുള്ള സാധ്യത കൂടുതലാണെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടി. അതേസമയം, സിനിമയുടെ സെന്‍സര്‍ ചെയ്ത പകര്‍പ്പല്ല ഒ.ടി.ടി പ്ലാറ്റഫോമില്‍ റിലീസ് ചെയ്തതെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു.
സോണി ലിവ് ആണ് 'ചുരുളി' റിലീസ് ചെയ്തത്. സിനിമയിൽ ഉടനീളമുള്ള അസഭ്യ പ്രയോഗങ്ങള്‍ വൻ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. സിനിമാറ്റോഗ്രാഫ് ആക്ട് 1952, സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് 1983, കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവ പ്രകാരമുള്ള മാറ്റങ്ങള്‍ നിർദേശിച്ച ശേഷമാണ് 'ചുരുളി'ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നാണ് സെന്‍സര്‍ ബോര്‍ഡ് വിശദീകരിക്കുന്നത്. എന്നാല്‍, ഈ മാറ്റങ്ങള്‍ ഇല്ലാതെയാണ് ചിത്രം റിലീസ് ചെയ്തതെന്നും സെൻസർ ബോർഡ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.