കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ കൊടിയേറ്റ്; പാസ് വിതരണം രാവിലെ ഒമ്പതു മുതൽ
text_fieldsതിരുവനന്തപുരം: 25ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് ബുധനാഴ്ച തിരിതെളിയും. തിരുവനന്തപുരത്തെ ആറു തിയറ്ററുകളിലായി നടക്കുന്ന മേളയില്‍ 2500 പ്രതിനിധികള്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. തലസ്ഥാനത്തെ വിവിധ തിയറ്ററുകളിലായി 2164 സീറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. തിയറ്ററുകളില്‍ അണുനശീകരണം പൂര്‍ത്തിയായിട്ടുണ്ട്. ഒന്നിടവിട്ട സീറ്റുകളിലായാണ് പ്രവേശനം.
തിയറ്ററുകളിലേക്കുള്ള പ്രവേശനം പൂര്‍ണമായും റിസര്‍വേഷൻ അടിസ്ഥാനത്തിലായിരിക്കും. സീറ്റ്നമ്പർ അടക്കം ഈ റിസര്‍വേഷനില്‍ ലഭിക്കും. സിനിമ തുടങ്ങുന്നതിന് 24 മണിക്കൂർ മുമ്പ് റിസർവേഷൻ ആരംഭിക്കും. സിനിമ ആരംഭിക്കുന്നതിനു രണ്ടു മണിക്കൂർ മുമ്പ് റിസര്‍വേഷൻ അവസാനിക്കുകയും ചെയ്യും.
റിസര്വേഷനൻ അവസാനിച്ചശേഷം സീറ്റ് നമ്പർ എസ്.എം.എസായി പ്രതിനിധികൾക്ക് ലഭിക്കും. തെര്മല്സ്കാനിങ് നടത്തിയതിനുശേഷം മാത്രമായിരിക്കും പ്രവേശനം. മുപ്പതില്പരം രാജ്യങ്ങളില്‍നിന്നുള്ള 80 സിനിമകളാണ് മേളക്കെത്തുന്നത്. മത്സര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ 14 ചിത്രങ്ങള്‍ മാറ്റുരക്കും. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി എന്നിവിടങ്ങളിലായാണ് മേള .
ഫെസ്റ്റിവല്‍ ഓഫിസും ഡെലിഗേറ്റ് സെല്ലും പ്രവര്‍ത്തനം ആരംഭിച്ചു. കെ.ടി.ഡി.സി ചെയര്മാന് എം. വിജയകുമാര്‍ ഡെലിഗേറ്റ് സെൽ ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനം നടത്തുന്ന ആരോഗ്യ പ്രവർത്തകരോടുള്ള ആദര സൂചകമായി ആദ്യ പാസ് അക്കാദമി ചെയർമാൻ കമൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ശിവ മോളിക്ക് നല്കി. സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഫെസ്റ്റിവൽ ഓഫിസ് ഉദ്ഘാടനം ചെയ്തു.
അക്കാദമി വൈസ് ചെയർപേഴ്സൺ ബീനാ പോൾ, എക്സിക്യുട്ടിവ് അംഗം വി.കെ. ജോസഫ്, സെക്രട്ടറി അജോയ് ചന്ദ്രൻ, ട്രഷറർ സന്തോഷ് ജേക്കബ് എന്നിവര്‍ പങ്കെടുത്തു. പാസ് വിതരണത്തിനായി ടാഗോർ തിയറ്ററിൽ ഏഴ് കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
രാവിലെ ഒമ്പതു മുതൽ വൈകീട്ട് ഏഴു വരെയാണ് വിതരണം. ഫെസ്റ്റിവൽ ബുക്ക്, പാസ്, മാസ്ക് എന്നിവ അടങ്ങിയ കിറ്റുകൾ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കാണ് വിതരണം ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.