സംസ്ഥാന ചലച്ചിത്ര പുരസ്കാരം; വെങ്ങര ഗ്രാമം ആഹ്ലാദത്തിൽ
text_fieldsപഴയങ്ങാടി: ഹരീഷ് മോഹനൻ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതിന്റെ ആഹ്ലാദ നിറവിൽ വെങ്ങര ഗ്രാമം. കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച ‘ചാവേർ’ സിനിമക്കുവേണ്ടി രചിച്ച ‘ചെന്താമര പൂവിൻ ചന്തം കണക്കുള്ള’ എന്ന ഗാനമാണ് ഹരീഷ് മോഹനനെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരത്തിനർഹനാക്കിയത്. ഈ ഗാനത്തിന് സംഗീത സംവിധാനം നിർവഹിച്ച ജസ്റ്റിൻ വർഗീസിനാണ് മികച്ച സംഗീത സംവിധായകനുള്ള അവാർഡ്.
ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ‘ചാവേർ’ സിനിമയിലെ ഹിറ്റായ പൊലിഗ, പൂമാല പൊതിയെ എന്നീ ഗാനങ്ങളും ഹരീഷ് മോഹനന്റേതാണ്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിരുദധാരിയായ ഹരീഷ് മോഹനൻ വെങ്ങര മൂലക്കീൽ സ്വദേശിയാണ്. ‘തേര്’ സിനിമയിലെ മൂന്ന് പാട്ടുകൾ, ‘നടികർ’ സിനിമയിലെ മായാരൂപം എന്ന ഗാനം, ‘കനകം കാമിനി കലഹം’ സിനിമയുടെ പ്രമോ ഗാനം എന്നിവയും രചിച്ചത് ഹരീഷാണ്.
വിദ്യാർഥിയായിരിക്കുമ്പോൾ യുവജനോത്സവങ്ങളിൽ ഗാനരചനകൾക്ക് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ദുബൈയിലെ എമിറേറ്റ്സ് ചാർട്ടേഡ് അക്കൗണ്ട്സ് ഗ്രൂപ്പിൽ ഓൺലൈനിൽ ജോലി ചെയ്തുവരുകയാണ് ഈ യുവ എൻജിനീയർ. വെങ്ങരയിലെ ടി.എം. മോഹനൻ-കെ.വി.രമണി ദമ്പതികളുടെ മകനാണ്. സഹോദരൻ ഹിരൺ ബംഗളൂരുവിൽ മെഡിക്കൽ കമ്പനിയിൽ ജീവനക്കാരനാണ്.
പുരസ്കാര വാർത്തയറിഞ്ഞതോടെ വെങ്ങര ഗ്രാമം ആഹ്ലാദ നിറവിലാണ്. എം. വിജിൻ എം.എൽ.എ ഉൾപ്പെടെ നിരവധിപേർ വീട്ടിലെത്തി അഭിനന്ദനമറിയിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പിയും ചലച്ചിത്ര രംഗത്തെ പ്രമുഖരും ഫോണിലൂടെ അഭിനന്ദനമറിയിച്ചു. വീട്ടിലെത്തിയവർക്ക് ഹരീഷിന്റെ അമ്മ രമണി മധുരം നൽകി സന്തോഷം പങ്കുവെച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.