അഭിനയകലയുടെ മാളികപ്പുറമേറി ശ്രീപദ്
text_fieldsപയ്യന്നൂർ: ചെറുപ്രായത്തിൽ തന്നെ ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ശ്രീപദ് കണ്ണൂരിന്റെ മാത്രമല്ല, മലയാള സിനിമയുടെ തന്നെ അഭിമാനമായി മാറി. പയ്യന്നൂരിനടുത്ത് പേരൂൽ വരിക്കച്ചാൽ എന്ന ഗ്രാമത്തിലേക്ക് ഇന്ത്യയിലെ സമുന്നത ചലച്ചിത്ര പുരസ്കാരമെത്തുന്നതിലൂടെ ഗ്രാമം കൂടിയാണ് പുരസ്കൃതമാകുന്നത്.
സമീപകാല സിനിമകളിൽ സജീവമാണ് ഈ ആറാം ക്ലാസുകാരൻ. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച മികച്ച ബാലനടനുള്ള വയലാർ രാമവർമ അവാർഡ് നേടിയ ഈ പതിനൊന്നുകാരൻ ഒരു വർഷത്തിനുശേഷം ദേശീയ അവാർഡ് നേടി അഭിനയകലയുടെ മാളികപ്പുറമേറുകയായിരുന്നു. ഒരേസമയം കണ്ണീരും ചിരിയും പടർത്തി പ്രേക്ഷക ഹൃദയത്തിലേക്കാണ് മാളികപ്പുറത്തിലെ പിയൂഷ് ഉണ്ണി നടന്നുകയറിയത്.
ടിക്-ടോക് വിഡിയോകളിലൂടെയായിരുന്നു ശ്രീപദിന്റെ അഭിനയകലയിലേക്കുള്ള രംഗപ്രവേശം. ചുരുങ്ങിയ നാളുകൾകൊണ്ട് 480 ഓളം ടിക്-ടോക്ക് വിഡിയോകളാണ് ചെയ്തത്. ഇതിൽ പലതും സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പകർന്നാട്ടം പിന്നെ ലഘുചിത്ര രംഗത്തേക്കായി. ഇതിൽ ബ്ലൂടൂത്ത്, നീ മധു പകരൂ, കണിവെള്ളരി എന്നീ വിഡിയോ ആൽബങ്ങൾ ഹിറ്റായി. ഇതോടെ, പരസ്യ ചിത്ര സംവിധായകരുടെ ഇഷ്ട നായകനായി ഈ കുട്ടി കലാകാരൻ.
ഇതോടെയാണ് ബിഗ് സ്ക്രീൻ രംഗത്തേക്കുള്ള ചുവടുവെപ്പ്. ആ തവളയുടെ ത ആയിരുന്നു ആദ്യ സിനിമ. തൊട്ടുപിന്നാലെ, കുമാരിയിൽ വേഷമിട്ട ചൊക്കൻ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ഇതിനിടയിൽ വാനിലുയരെ എന്ന വിഡിയോയിലും ശ്രീപദ് തിളക്കം. എന്നാൽ, മാളികപ്പുറമാണ് ഗതിമാറ്റിയത്. ഈ ബ്ലോക്ക് ബസ്റ്റർ ചിത്രത്തിൽ ശ്രീപദ് അവതരിപ്പിച്ച പിയൂഷ് ഉണ്ണിയെന്ന കഥാപാത്രം ശ്രീപദിന്റെ കരിയർ തന്നെ മാറ്റിമറിക്കുകയായിരുന്നു. ഉണ്ണി മുകുന്ദന്റെ കൂടെയുള്ള മാളികപ്പുറത്തിലെ പിയൂഷ് ഉണ്ണിയെന്ന കഥാപാത്രത്തിനു തന്നെയാണ് മികച്ച ബാല നടനുള്ള വയലാർ രാമവർമ ഫിലിം അവാർഡും ലഭിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രമേയമാക്കി മാധ്യമ പ്രവർത്തകൻ ഇ.എം. അഷ്റഫ് രചനയും സംവിധാനവും നിർവഹിച്ച എ.ഐ മോണിക്കയിൽ സ്വരൂപ് എന്ന കഥാപാത്രമായി ശ്രീപദ് അഭിനയിച്ചു. നടൻ ദിലീപിന്റെ കൂടെയും ശ്രീപദ് പ്രധാന കഥാപാത്രമായി.
പേരൂൽ യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ശ്രീപദ്. മാതമംഗലം പേരൂൽ വരിക്കച്ചലിൽ താമസിക്കുന്ന ശ്രീപദ് നീലേശ്വരം രാജാസ് എ.യു.പി സ്കൂൾ അധ്യാപകൻ രജീഷിന്റെയും ഏഴിലോട് ഗവ. എൽ.പി സ്കൂൾ അധ്യാപികയായ രസ്നയുടെയും മകനാണ്. വാമികയാണ് സഹോദരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.