മമ്മൂട്ടിക്ക് വെല്ലുവിളിയായി കുഞ്ചാക്കോ; പാട്ടിൽ പാടുപെട്ട് ജൂറി
text_fieldsതിരുവനന്തപുരം: ആറാം തവണയും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരത്തിലേക്കുള്ള യാത്രയിൽ മമ്മൂട്ടിക്ക് വെല്ലുവിളി ഉയർത്തിയത് നടൻ കുഞ്ചാക്കോ ബോബൻ മാത്രം. പ്രാഥമിക റൗണ്ടിൽ ഇവർക്കൊപ്പം സൗബിൻ ഷാഹിർ (ഇലവീഴാ പൂഞ്ചിറ), അലൻസിയർ(അപ്പൻ), ഷൈൻ ടോം ചാക്കോ (അടിത്തട്ട്), ഫഹദ് ഫാസിൽ (മലയൻ കുഞ്ഞ്) എന്നിവർ മികച്ച നടനുള്ള പരിഗണന വിഭാഗത്തിൽ ഉണ്ടായിരുന്നെങ്കിലും അവസാന റൗണ്ടിൽ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും മാത്രമാണ് പരിഗണിക്കപ്പെട്ടത്.
ഇരുവർക്കും വേണ്ടി ജൂറിയിൽ വാദം മുറുകിയതോടെ അഭിനയമികവിനൊപ്പം കഥാപാത്രങ്ങളുടെ പിഴവുകൾ കൂടി കണ്ടെത്തണമെന്ന നിർദേശം ജൂറി ചെയർമാൻ ഗൗതം ഘോഷ് മുന്നോട്ടുെവച്ചു. ‘നൻപകൽ നേരത്ത് മയക്ക’ത്തിൽ ജെയിംസായും സുന്ദരമായും പകർന്നാടിയ മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന അഭിനയത്തിൽ ഒരു കുറവും ആർക്കും കണ്ടെത്താനായില്ല. തികച്ചും വിഭിന്നമായ സ്വഭാവ വിശേഷമുള്ള രണ്ട് മനുഷ്യരുടെ ദ്വന്ദ്വഭാവങ്ങളെ അതിസൂക്ഷ്മവും നിയന്ത്രിതവുമായ ശരീരഭാഷയിൽ പകർന്നാടിയ അഭിനയത്തികവിന് നൂറിൽ നൂറ് മാർക്കാണ് ജൂറി ഒന്നടങ്കം നൽകിയത്.
എങ്കിലും ‘ന്നാ താൻ കേസ് കൊട്’, ‘അറിയിപ്പ്’ എന്നീ ചിത്രങ്ങളിലെ കുഞ്ചോക്കോ ബോബന്റെ പ്രകടനത്തെ കാണാതിരിക്കാനും ജൂറിക്ക് കഴിഞ്ഞില്ല. ഇതോടെയാണ് പ്രത്യേക ജൂറി പരാമർശത്തിൽ അലൻസിയറിനൊപ്പം കുഞ്ചോക്കോ ബോബന്റെ പേരും എഴുതിച്ചേർക്കുന്നത്. മികച്ച സംവിധായകനുള്ള പുരസ്കാരത്തിനും ശക്തമായ ചർച്ചകൾ ഉണ്ടായി. ‘നൻപകൽ നേരത്ത് മയക്ക’ത്തിലൂടെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പേര് അവസാനഘട്ടം വരെ എത്തിയെങ്കിലും ചിത്രത്തിന്റെ കൈയടക്കത്തിൽ പലയിടത്തും ലിജോക്ക് പാളിയതായി ജൂറി വിലയിരുത്തി.
ഇതോടെ 'അറിയിപ്പി'ലൂടെ മഹേഷ് നാരായണൻ മുന്നിലെത്തി. അതേസമയം വലിയ തർക്കമൊന്നുമില്ലാതെയാണ് വിൻസി അലോഷ്യസ് മികച്ച നടിയായത്. നാട്ടിൻപുറത്തുകാരിയുടെ പ്രാദേശികത്തനിമയാർന്ന സ്വഭാവവും പ്രണയവും പ്രതിരോധവും ശക്തമായി അവതരിപ്പിക്കാൻ വിൻസിക്ക് കഴിഞ്ഞതായി ജൂറി ഐകകണ്ഠ്യേന വിലയിരുത്തി.
മികച്ച സംഗീത സംവിധായകൻ, ഗായകൻ, ഗായിക, ഗാനരചയിതാവ് വിഭാഗങ്ങളിൽ പുരസ്കാര ജേതാക്കളെ കണ്ടെത്താനായിരുന്നു ജൂറി പാടുപെട്ടത്. അവസാന റൗണ്ടിലെത്തിയ 49 ചിത്രങ്ങളിൽ പലതിലും ഗാനങ്ങൾ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നവ പുരസ്കാരത്തിന് പരിഗണിക്കാവുന്നവയും അല്ലായിരുന്നു. ഇതോടെ പ്രാഥമികഘട്ടത്തിൽ തള്ളിക്കളഞ്ഞ പത്തൊമ്പതാം നൂറ്റാണ്ട്, അയിഷ, വിഡ്ഢികളുടെ മാഷ് എന്നിവ വിണ്ടും വിളിച്ചുവരുത്തിയാണ് ഈ വിഭാഗങ്ങളിൽ പുരസ്കാരം നിർണയിച്ചത്.
അഭിനയം കണ്ട് ഞെട്ടി -ഗൗതം ഘോഷ്
തിരുവനന്തപുരം: മലയാളത്തിലെ അഭിനേതാക്കളുടെ മികവ് കണ്ട് അദ്ഭുതപ്പെട്ടതായി ജൂറി അധ്യക്ഷനും ബംഗാളി ചലച്ചിത്ര നിർമാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ്. 53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഒരു സിനിമയിൽ ചെറിയ വേഷത്തിലെത്തുന്നവർ മറ്റൊരു സിനിമയിൽ മുഖ്യവേഷം കൈകാര്യം ചെയ്യുന്നു. അത്രത്തോളം ശക്തരാണ് കേരളത്തിലെ താരങ്ങൾ.
വിഷയത്തിലെ വൈവിധ്യമാണ് മലയാള സിനിമയെ വേറിട്ട് നിർത്തുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 14 ജില്ലകളിലും സിനിമ വ്യാപിച്ചുകിടക്കുന്നു. ഇത്തരമൊരു സവിശേഷത രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര പുരസ്കാര തുക കാലോചിതമായി പരിഷ്കരിക്കണമെന്ന് ജൂറി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.