മാപ്പിള ഖലാസികളുടെ കഥയുമായി ദിലീപ്; ഗോകുലം ബാനറിൽ ബ്രഹ്മാണ്ഡ ചിത്രം
text_fieldsമലബാർ മാപ്പിള ഖലാസികളുടെ ജീവിതം ചലച്ചിത്രമാകുന്നു. ദിലീപിനെ നായകനാക്കി ഗോകുലം മൂവിസിെൻറ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രമൊരുക്കുന്നത്. നടൻ ദിലീപിെൻറ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച് ചെയ്തത്.ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയനായ മിഥിലാജാണ് കഥയും സംവിധാനവും.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായാണ് ഖലാസി അണിയറയിൽ ഒരുങ്ങുന്നത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും ദക്ഷിണേന്ത്യൻ സിനിമാ ഇതിഹാസങ്ങൾ ചിത്രത്തിനായി ഒന്നിക്കും. ആദ്യഘട്ടചിത്രീകരണം കോഴിക്കോട് ആരംഭിക്കും. വലിയ ക്യാൻവാസിലൊരുങ്ങുന്ന ചിത്രത്തിനായി പടുകൂറ്റൻ സെറ്റാണ് അണിയറയിൽ ഒരുങ്ങുന്നത്. ഖലാസി സാഹസികതകളെ സാങ്കേതികതികവോടെയാകും പകർത്തുക. മലബാർ മുതൽ മെക്കവരെ നീളുന്ന ഖലാസി ചരിത്രത്തിന് ഇതാദ്യമായാണ് ചലച്ചിത്രഭാഷ്യമൊരുങ്ങുന്നത്. മലബാർ ഖലാസികളുടെ മെയ്ക്കരുത്തിന്‍റെയും മനക്കണക്കിന്‍റേയും കഥയാണ് ചിത്രം പറയുന്നത്.
ആരാണ് ഖലാസികൾ
കപ്പൽ നിർമാണ തൊഴിലാളികൾ എന്നർഥം വരുന്ന അറബ് പദമാണ് ഖലാസി. ബേപ്പൂർ, ചാലിയം, കല്ലായി, ഫറോക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് ഖലാസി സംഘങ്ങൾ കൂടുതലുള്ളത്. അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങൾ വലിച്ച് കയറ്റുന്നതിനും ഉയർത്തി വയ്ക്കുന്നതിനുമാണ് ഇവരെ തുടക്കത്തിൽ വിളിച്ചിരുന്നത്. തുടർന്ന് വലിയ ഭാരം ഉയർത്തുന്ന പണികളും ഇവർ ഏറ്റെടുത്തു തുടങ്ങി. 1988-ലെ പെരുമൺ തീവണ്ടി ദുരന്തകാലത്തെ ഖലാസി ഇടപെടലുകൾ മലയാളിക്ക് മറക്കാനാകില്ല.
അഷ്ടമുടിക്കായലിൽ വീണ ഐലൻഡ് എക്സ്‌പ്രസിന്റെ 10 ബോഗികൾ കരയ്ക്കെത്തിച്ചത് ഖലാസികളുടെ സഹായത്തോടെയായിരുന്നു. ശബരിമലയിൽ കെ.എസ്.ഇ.ബി. 35 ടൺ ഭാരമുള്ള ട്രാൻസ്‌ഫോമർ സ്ഥാപിച്ചതും കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം തിരിച്ച് റൺവേയിൽ എത്തിച്ചതും ഖലാസികളായിരുന്നു. ഇടുക്കി ഡാം, ഫറോക്കിലെ വടക്കുമ്പാടം, കല്ലായിപ്പാലം, ഒഡിഷയിലെ മഹാനദിയിലെ പാലം ,ഗോവയിലെ മാംഗനീസ് ഫാക്ടറി, കോന്നി ഐരവൺ തൂക്കുപാലം തുടങ്ങിയവ ഖലാസിപ്പെരുമയിൽ ഉയർന്നവകൂടിയാണ്. മെക്കയിൽ 662 മീറ്റർ ഉയരമുള്ള റോയൽ ക്ലോക്ക് ടവറിന്റെ മുകളിലത്തെ ജോലികൾ ചെയ്തു തീർത്തത് കോഴിക്കോട്ട് നിന്നുള്ള ഖലാസിമാരാണ്.
അണിയറയിൽ
കേരളവർമ പഴശിരാജയ്ക്കും കായംകുളം കൊച്ചുണ്ണിക്കും ശേഷം ശ്രീ ഗോകുലം മൂവിസ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന സിനിമയാണ് ഖലാസി. ഫ്ലവേഴ്സ് ചാനലിലെ എക്സ്ക്യൂട്ടീവ് പ്രൊഡ്യൂസർ മിഥിലാജിന്‍റെ ആദ്യ ചലച്ചിത്രസംരഭമാണ് ഖലാസി. മിഥിലാജിനൊപ്പം അനൂരൂപ് കൊയിലാണ്ടിയും സതീഷുമാണ് തിരക്കഥയെഴുതുന്നത്. ഗോകുലം ബാനറിൽ സഹനിർമാതാക്കളാകുന്നത് വി സി പ്രവീണും ബൈജു ഗോപാലനുമാണ്. കൃഷ്ണമൂർത്തിയും സുധാകർ ചെറുകൂരുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.