കിരൺ റാവുവിന്റെ ‘ലാപത ലേഡീസ്’ ജപ്പാനിൽ റിലീസിന് ഒരുങ്ങുന്നു
text_fieldsന്യൂഡൽഹി: ശരാശരി ഇന്ത്യൻ സ്ത്രീകളുടെ ജീവിതം വരച്ചുവെച്ച് പ്രേക്ഷക പ്രശംസ നേടിയ ഹിന്ദി ചലച്ചിത്രം ‘ലാപത ലേഡീസ്’ ജപ്പാനിൽ റിലീസിന് ഒരുങ്ങുന്നു. ജാപ്പനീസ് ഭാഷയിലുള്ള ചിത്രത്തിന്റെ ട്രെയിലർ പങ്കുവെച്ചുകൊണ്ട് ചിത്രത്തിന്റെ സംവിധായികയും സഹനിർമാതാവുമായ കിരൺ റാവു ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അടുത്തമാസം ഒക്ടോബർ നാലു മുതൽ ജപ്പാനിൽ സിനിമ പ്രദർശനത്തിനെത്തും. ട്രെയിൻ യാത്രയ്ക്കിടെ അബദ്ധത്തിൽ മാറിപ്പോകുന്ന രണ്ട് നവവധുക്കളുടെ ഹൃദയ ഹാരിയായ കഥ പറയുന്ന സിനിമ കിരൺ റാവുവും ആമിർഖാനും ചേർന്നാണ് നിർമിച്ചത്. വൻ താര നിരകളില്ലാതെ കടന്നുവന്ന് പ്രേക്ഷകമനസ്സു കീഴടക്കിയ ലാപതലേഡീസ് ഒ.ടി.ടി പ്ലാറ്റ് ഫോമിൽ വൻ വിജയമായിരുന്നു.
നിതാൻഷി ഗോയലും പ്രതിഭ രന്തയും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ സമകാലീന ഇന്ത്യൻ സാമൂഹികാവസ്ഥയെ തുറന്നു കാണിക്കുന്ന സിനിമ പുരുഷാധിപത്യത്തിനു നേരെ തിരിച്ച കണ്ണാടിയായിരുന്നു. നേരത്തെ, ചിത്രം ജഡ്ജിമാരടക്കം പങ്കെടുത്ത സദസ്സിൽ സുപ്രീംകോടതിയിൽ പ്രദർശിപ്പിച്ചിരുന്നു.
ലിംഗ ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് പ്രദർശനം നടന്നത്. ബിപ്ലബ് ഗോസ്വാമിയുടെ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്‌നേഹ ദേശായിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.