ഒരു ഇടവേളക്ക് ശേഷം നിഷാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു;'കിഷ്കിന്ധാ കാണ്ഡം'ത്തിലെ ക്യാരക്ടർ പോസ്റ്റർ
text_fields'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന 'കിഷ്കിന്ധാ കാണ്ഡം'ത്തിലൂടെ വർഷങ്ങളുടെ ഇടവേളക്ക് ശേഷം 'ഋതു' ഫെയിം നിഷാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ഗുഡ്‌വിൽ എന്റെർറ്റൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ചിത്രത്തിൽ 'സുധീർ' എന്ന കഥാപാത്രത്തെയാണ് നിഷാൻ അവതരിപ്പിക്കുന്നത്. താരത്തിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ വേഷത്തിൽ താരം പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം സെപ്റ്റംബർ 12 മുതൽ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ ബാഹുൽ രമേഷാണ് നിർവഹിക്കുന്നത്.
2009 ഓഗസ്റ്റ് 14നാണ് നിഷാൻന്റെ ആദ്യ മലയാള ചിത്രമായ 'ഋതു' തിയറ്റർ റിലീസ് ചെയ്തത്. ചിത്രത്തിലെ ശരത് വർമ്മ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നിഷാൻ 'ഋതു'വിന് ശേഷം 'അപൂർവരാഗം', 'ഇതു നമ്മുടെ കഥ', 'ഗീതാഞ്ജലി' തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ആസിഫ് അലിയോടൊപ്പം അഭിനയിച്ച് മലയാള സിനിമയിലേക്ക് ചുവടുവെച്ച താരം ഇപ്പോൾ നീണ്ട കാലയളവിന് ശേഷം ആസിഫ് അലിയുടെ മറ്റൊരു ചിത്രമായ 'കിഷ്കിന്ധാ കാണ്ഡം'ത്തിലൂടെ രണ്ടാം വരവിന് ഒരുങ്ങുകയാണ്. അപർണ്ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. വിജയരാഘവൻ, ജഗദീഷ്, അശോകൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ടീസറിന് സോഷ്യൽ മീഡിയകളിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. ജഗദീഷിന്റെയും അശോകന്റെയും ക്യാരക്ടർ പോസ്റ്ററുകൾ അടുത്തിടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. വേറിട്ട വേഷപ്പകർച്ചയിൽ 'സുമദത്തൻ' എന്ന കഥാപാത്രമായ് ജഗദീഷ് വേഷമിടുന്ന ചിത്രത്തിൽ 'ശിവദാസൻ' എന്ന കഥാപാത്രത്തെയാണ് അശോകൻ അവതരിപ്പിക്കുന്നത്.
ചിത്രസംയോജനം: സൂരജ് ഇ എസ്, സംഗീതം: മുജീബ് മജീദ്, വിതരണം: എന്റെർറ്റൈൻമെന്റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈൻ: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് മേനോൻ, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഓഡിയോഗ്രഫി: രെൻജു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ: ആതിര ദിൽജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.