മഞ്ജു ജീവിക്കുകയായിരുന്നു; ആയിഷ ടീമിനെ അഭിനന്ദിച്ച് കെ.കെ ശൈലജ
text_fieldsമഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ചിത്രമാണ് ആയിഷ. ജനുവരി 20 ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ആയിഷയെ അഭിനന്ദിച്ച് മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ രംഗത്ത് എത്തിയിരിക്കുകയാണ്. മഞ്ജു ആയിഷയായി ജീവിക്കുകയായിരുന്നെന്നും ചിത്രത്തിലൂടെ ആരുടെയും മുന്നിൽ തലകുനിക്കാത്ത നിലമ്പൂർ ആയിഷയുടെ വ്യക്തിത്വം മനോഹരമായി വരച്ചു കാട്ടി എന്നും കെകെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
'ആയിഷ കേരളത്തിന്റെ അഭിമാനമായ കലാകാരി നിലമ്പൂർ ആയിഷയുടെ ജീവിതാനുഭവങ്ങൾ ഉൾചേർന്ന സിനിമയാണെന്ന് അറിഞ്ഞപ്പോൾ തീർച്ചയായും കാണണമെന്ന് ആഗ്രഹിച്ചിരുന്നു. മാത്രമല്ല മഞ്ജു വാര്യർ ആ കഥാപാത്രമായി പകർന്നാടുന്നത് കാണാനും അതീവ താല്പര്യമുണ്ടായിരുന്നു. സിനിമ കണ്ടു. ഒട്ടും നിരാശപ്പെടുത്തിയില്ല.
ഫ്യൂഡൽ യാഥാസ്ഥിതിക സമൂഹത്തോട് പടപൊരുതി അരങ്ങിലേക്ക് തലയുയർത്തി കടന്നുവന്ന ആയിഷാത്തയുടെ ജീവിതകഥ പൂർണമായും പറയുകയല്ല ആമിർ പള്ളിക്കലും ആസിഫും ഉദ്ദേശിച്ചതെന്ന് മനസ്സിലായി. ഗദ്ദാമമാരായി ഗൾഫ്നാടുകളിൽ എത്തുന്ന പെൺകുട്ടികളുടെ ദുരിതകഥകൾ നേരത്തെ പല സിനിമകളിലും വരച്ചുകാട്ടിയിട്ടുണ്ട്. ആൾകൂട്ടത്തിലും ഒറ്റപ്പെട്ടുപോകുന്ന ധനിക കുടുംബാംഗമായ മാമ്മയും ഗദ്ദാമയായ ആയിഷയും തമ്മിലുള്ള ഹൃദയഹാരിയായ ബന്ധത്തിന്റെ കഥ പറയുകയാണ് ആയിഷ.
എന്നാൽ അതോടൊപ്പം ആരുടെയും മുന്നിൽ തലകുനിക്കാത്ത നിലമ്പൂർ ആയിഷയുടെ വ്യക്തിത്വം വരച്ചുകാട്ടുകയും ചെയ്യുന്നു. ആയിഷയായി മഞ്ജു ജീവിച്ചു, മാമ്മയായി അഭിനയിച്ച ഡോണ അത്ഭുതകരമായ പകർന്നാട്ടമാണ് നടത്തിയത്. യാഥാസ്ഥിതിക കേരളീയ സമൂഹത്തോട് ആയിഷാത്ത നടത്തിയ വെല്ലുവിളികൾ കുറച്ചുകൂടി പ്രകടമാക്കാൻ സമയക്കുറവ് മൂലമാകാം കഴിയാതിരുന്നത്. പക്ഷേ അത് ഒരു കുറവായി തോന്നാത്തവിധം ആയിഷയെ ശക്തമാക്കാൻ സംവിധായകന് കഴിഞ്ഞു. ആയിഷ ടീമിന് അഭിനന്ദനങ്ങൾ’–കെ.കെ. ശൈലജ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.