പാലാക്കാരുടെ കൊച്ചേട്ടനും സിനിമക്കാരുടെ പാലായും
text_fieldsപാലാ: സിനിമയുടെ പാലായിലെ കേന്ദ്രമായാണ് അന്തരിച്ച ചെറുപുഷ്പം കൊച്ചേട്ടെൻറ പുലിയന്നൂരിെല വസതി അറിയപ്പെട്ടിരുന്നത്. അക്കാലത്തെ പ്രദേശത്തെ ഏറ്റവും വലിയ വീടായിരുന്ന കൊച്ചേട്ടെൻറ വീടായിരുന്നു സിനിമപ്രവര്‍ത്തകരുടെയും നടീനടന്മാരുടെയും താമസസ്ഥലം. ജില്ലയില്‍ എവിടെ ചിത്രീകരണം നടന്നാലും താമസം ഒരുക്കിയിരുന്നത് ഈ വലിയ വീട്ടിലായിരുന്നു. നിരവധി സിനിമകളിലും ഈ വീട് കഥാപാത്രമായി.
പ്രേംനസീര്‍, കമൽഹാസന്, മമ്മൂട്ടി, മോഹന്‍ലാല്‍, മധു, സുകുമാരന്‍, സുരേഷ് ഗോപി, ജയറാം, ശ്രീനിവാസന്, ജഗതി, ഷീല, ജയഭാരതി, ശ്രീദേവി, സീമ, രമ്യാകൃഷ്ണന്‍, കെ.പി.എ.സി ലളിത, മേനക, ഉര്‍വശി തുടങ്ങി നിരവധി ചലച്ചിത്ര നടീനടന്മാർ ആഴ്ചകളോളം കൊച്ചേട്ടെൻറ അതിഥികളായും കഥാപാത്രങ്ങളായും പുലിയന്നൂരിലെ വീട്ടില്‍ ഒത്തുകൂടിയിട്ടുണ്ട്.
പാലായിലെ പ്രമുഖ വ്യാപാരിയായിരുന്ന കൊച്ചേട്ടന് 1975ലാണ് സിനിമരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആദ്യ ചിത്രമായ 'അനാവരണം' സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും സിനിമരംഗത്ത് കൊച്ചേട്ടനെ അറിയപ്പെടുന്ന വ്യക്തിയാക്കി. ചിത്രത്തിലെ അണിയറക്കാര്‍ക്കെല്ലാം നഷ്ടം സഹിച്ചും അദ്ദേഹം പ്രതിഫലം നല്‍കിയത് ചലച്ചിത്രരംഗത്ത് സംസാരവിഷയമായിരുന്നു.
തുടര്‍ന്ന് താൽക്കാലികമായി സിനിമലോകത്തുനിന്ന് മാറിയെങ്കിലും സംഗീതസംവിധായകന് ദേവരാജന്‍ മാസ്റ്ററും മാധുരിയും വീട്ടിലെത്തി അഭ്യർഥിച്ചതോടെ വീണ്ടും സജീവമായി. 1977ല്‍ വൻ വിജയം നേടിയ 'ആ നിമിഷം' സിനിമയുമായാണ് മടങ്ങിവന്നത്. അടുത്തവര്‍ഷം (1978) കമൽഹാസന്, മധു, ഷീല, സീമ എന്നിവരെ കഥാപാത്രങ്ങളാക്കി എത്തിയ 'ഈറ്റ'യും വന്‍വിജയം കണ്ടതോടെ മലയാള സിനിമയില്‍ ഏറ്റവും മികച്ച ബാനറായി ചെറുപുഷ്പം ഫിലിംസും ഉടമയായ കൊച്ചേട്ടനും വളരുകയായിരുന്നു.
2002ല്‍ മലയാളത്തിലെ അന്നുവരെയുള്ള ഏറ്റവും ചെലവേറിയ സിനിമയായ 'ദുബായ്'ഏറ്റെടുക്കാന്‍ മറ്റുവിതരണക്കാര് മടിച്ചുനിന്നപ്പോള്‍ സധൈര്യം തിയറ്ററിലെത്തിച്ചത് ചെറുപുഷ്പം ഫിലിംസാണ്. സൂര്യ ടി.വിയിലെ 350 എപ്പിസോഡ് സൂപ്പര്‍ഹിറ്റാക്കിയ ആദ്യമെഗാ സീരിയല്‍ 'മനസ്സറിയാതെ'യും കൊച്ചേട്ടെൻറ സംഭാവനയാണ്. ദക്ഷിണേന്ത്യയിലെ പ്രധാന നിര്‍മാതാക്കളായിരുന്ന സൂപ്പര്‍ഗുഡുമായി ചേര്‍ന്ന് എട്ട് സിനിമയാണ് ചെറുപുഷ്പം ഫിലിംസ് പുറത്തിറക്കിയത്. മലയാളത്തിനുപുറമെ തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. കൊച്ചി ഉദയംപേരൂരില്‍ അഞ്ചേക്കറിെല ചെറുപുഷ്പം സ്റ്റുഡിയോ അടുത്തകാലംവരെയും സിനിമകേന്ദ്രമായിരുന്നു.
എ. വിന്‍സെൻറ്, ഐ.വി. ശശി, ഭരതന്, പി.ജി. വിശ്വംഭരന്, ശശികുമാര്‍, കമല്‍ തുടങ്ങിയ പ്രമുഖ സംവിധായകരോടൊപ്പം പ്രവര്‍ത്തിക്കാനും അദ്ദേഹത്തിനായി. സിനിമമേഖല പുതുതലമുറയിലേക്ക് മാറിയതോടെയാണ് കൊച്ചേട്ടന് പിന്തിരിഞ്ഞത്.
ചെറുപുഷ്പം ചാരിറ്റബിൾ ഹോസ്പിറ്റല്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയാവുകയും ടെക്സ്റ്റൈല്‍സ് വ്യാപാരം, ഹോം അപ്ലയന്‍സ് തുടങ്ങിയ മേഖലയിലേക്ക് ശ്രദ്ധതിരിക്കുകയും ചെയ്തെങ്കിലും സിനിമയിലെ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. തികഞ്ഞ മനുഷ്യസ്നേഹിയും കാരുണ്യപ്രവര്‍ത്തനങ്ങളില്‍ തൽപരനുമായിരുന്നു അദ്ദേഹം. വിവിധ സാമൂഹിക സംഘടനകളിലും സാംസ്കാരികപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. വാര്‍ധക്യസഹജ ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെ മകന് കുഞ്ഞുമോനെ ബിസിനസ് കാര്യങ്ങള്‍ ഏല്പിച്ച് വിശ്രമജീവിതത്തിലായിരുന്നു.
പാലായിലെ ചെറുപുഷ്പം ചാരിറ്റബിൾ ഹോസ്പിറ്റല്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയായും പ്രവർത്തിച്ചിരുന്നു. ഭാര്യ: തൊടുപുഴ വലിയമരുതുങ്കല്‍ കുടുംബാംഗം പരേതയായ അന്നക്കുട്ടി. മക്കള്‍: മോളി, പരേതയായ വത്സമ്മ, റോസമ്മ, മേഴ്സി, കുഞ്ഞുമോന്. മരുമക്കള്‍: പരേതനായ ഡോ. ജോസി മാളിയേക്കല്‍ (എറണാകുളം), ജോയ് മാളിയേക്കല്‍ (പാലാ), വില്‍സണ്‍ നിരപ്പേല്‍ (തൊടുപുഴ), സണ്ണി പുത്തോക്കാരന്‍ (എറണാകുളം), ജ്യോതി ചെറക്കേക്കാരന്‍ (തൃശൂര്‍).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.