കൊച്ചുപ്രേമന് യാത്രാമൊഴി
text_fieldsതിരുവനന്തപുരം: വേറിട്ട അഭിനയശൈലിയിൽ ചിരിവിരുന്നൊരുക്കി മലയാളി മനസ്സുകളിൽ മറക്കാനാകാത്ത കഥാപാത്രങ്ങൾ ബാക്കിയാക്കി വിടപറഞ്ഞ നടൻ കൊച്ചുപ്രേമന് അന്ത്യാജ്ഞലി. വസതിയായ തിരുമല വലിയവിള 'ചിത്തിര'യിലെത്തിച്ചശേഷം ഞായറാഴ്ച രാവിലെ 11ഓടെ മൃതദേഹം തൈക്കാട് ഭാരത് ഭവനിൽ പൊതുദർശനത്തിന് വെച്ചു.
മന്ത്രിമാരായ ജി.ആർ. അനിൽ, വി. ശിവൻകുട്ടി, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, ഐ.ബി. സതീഷ്, ജി. സ്റ്റീഫൻ, സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, മേയർ ആര്യ രാജേന്ദ്രൻ, എം. വിജയകുമാർ, മുകേഷ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, തുളസീദാസ്, വയലാർ മാധവൻകുട്ടി, വക്കം ഷക്കീർ, രാജ് മോഹൻ, അനിൽ മുഖത്തല, മഞ്ജു പിള്ള, ചിപ്പി, സോനാനായർ, കന്യ, രഞ്ജിത്ത്, അഴകപ്പൻ, കിരീടം ഉണ്ണി, മേഘ്ന വിൻസെന്റ്, മായാവിശ്വനാഥ്, ജീജ സുരേന്ദ്രൻ, ബിന്ദു, ഗായത്രി, ലീലാ പണിക്കർ, പ്രമോദ് പയ്യന്നൂർ, ജി.എസ്. പ്രദീപ് തുടങ്ങിയവർ വീട്ടിലും ഭാരത് ഭവനിലുമായി പ്രിയതാരത്തിന് യാത്രാമൊഴിയേകാനെത്തി.
താരസംഘടനയായ അമ്മ, പ്രൊഡ്യുസേഴ്സ് അസോസിയേഷൻ, ഫെഫ്ക, ആത്മ ഉൾപ്പെടെ നിരവധി സംഘടനകളുടെ ഭാരവാഹികൾ ആദരാഞ്ജലി അർപ്പിച്ചു. 12.30ന് തൈക്കാട് ശാന്തികവാടത്തിൽ മകൻ ഹരികൃഷ്ണൻ അന്ത്യകർമങ്ങൾ ചെയ്തു. ശ്വാസകോശസംബന്ധമായ രോഗങ്ങളെ തുടർന്ന് രണ്ടുമാസമായി ചികിത്സയിലായിരുന്ന കൊച്ചുപ്രേമൻ ശാരീകാസ്വസ്ഥതകളെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്. 250ഓളം സിനിമകളിലും നിരവധി ടെലി-സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.