മലയാള സിനിമയുടെ ഗൊദാർദ്
text_fieldsതിരുവനന്തപുരം: ലോകസിനിമയിലെ എക്കാലത്തെയും വലിയ പ്രതിഭകളില്‍ ഒരാളാണ് ഴാങ് ലുക് ഗൊദാര്‍ദ്. കാലും കൈയും തലയും അനങ്ങുന്ന കാലത്തോളം താന്‍ സിനിമയെടുക്കുമെന്ന് ഉറക്കെ പറയാൻ 91ാം വയസ്സിലും ഗോദാർദിന് മടിയില്ല. അങ്ങനെ നോക്കുമ്പോൾ മലയാള സിനിമയുടെ ഗോദാർദാണ് കെ.പി. കുമാരൻ. പ്രായത്തിന്റെ കണക്ക് പുസ്തകത്തിൽ 85 വലിയൊരു സംഖ്യയാണെങ്കിലും സംവിധായകന്റെ കുപ്പായത്തിൽ അദ്ദേഹം വിസ്മയമാണ്.
കോവിഡിന്റെ പാരമ്യത്തിലും കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി കഴിഞ്ഞവർഷം അദ്ദേഹം പൂർത്തിയാക്കിയ 'ഗ്രാമവൃക്ഷത്തിന്റെ കുയിൽ' മാത്രം മതി കെ.പി. കുമാരനിലെ പ്രതിഭയെ തിരിച്ചറിയാൻ. അരനൂറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതം മലയാളസിനിമയുടെകൂടി ചരിത്രമാണ്. ആ ചരിത്രത്തെയാണ് സംസ്ഥാന സർക്കാർ ജെ.സി. ഡാനിയൽ പുരസ്കാരം നൽകി ആദരിച്ചത്.
1936ൽ കണ്ണൂർ കൂത്തുപറമ്പിൽ ജനിച്ച കെ.പി. കുമാരൻ 19ാം വയസ്സിൽ സർക്കാർ ജോലിക്കാരനായി. ഗതാഗതവകുപ്പിൽ ക്ലറിക്കൽ തസ്തികയിൽ തിരുവനന്തപുരത്തും ആലപ്പുഴയിലും ജോലി ചെയ്തു. പിന്നീട് എൽ.ഐ.സിയായി തൊഴിലിടം. തന്റെ ജീവിതം സിനിമയാണെന്ന് കുമാരൻ തിരിച്ചറിയുന്നത് അറുപതുകളിലാണ്. അടൂർ ഗോപാലകൃഷ്ണനൊപ്പം ചിത്രലേഖ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായി. 1972ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിന്റെ തിരക്കഥ പങ്കാളിയായി. 1975ല്‍ നാറാണത്തുഭ്രാന്തനെ ഇതിവൃത്തമാക്കി കുമാരന് സംവിധാനം ചെയ്ത 'റോക്ക്' ഏഷ്യ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള സ്വര്‍ണമെഡല്‍ നേടി. ആ വർഷം തന്നെ 'അതിഥി'യുമായെത്തി കെ.പി. കുമാരൻ മലയാള സിനിമയുടെ വാതിൽ ചവിട്ടിത്തുറന്നു. 'അതിഥി'യെ കണ്ട് മലയാള സിനിമ തറവാട് കെ.പി. കുമാരനും ഉമ്മറത്ത് കസേര നൽകി. പിന്നീടുള്ള അഞ്ച് പതിറ്റാണ്ടുകാലത്ത് പത്തോളം ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കി.
സിനിമകൾ സമ്മാനിച്ച സാമ്പത്തിക പരാജയം ഒരിക്കലും ഈ സംവിധായകന്റെ ചിന്തയെ തളർത്തിയില്ല. ഒരു വ്യാഴവട്ടത്തിനുശേഷം 83ാം വയസ്സിൽ വീണ്ടും സംവിധാനം ചെയ്യാനിറങ്ങിയ കുമാരനെ മനസ്സ് കൊണ്ട് പരിഹസിച്ചവരായിരുന്നു പലരും. പക്ഷേ, അതൊന്നും അദ്ദേഹം വകവെച്ചില്ല. കുടുംബസമ്പാദ്യം ചെലവഴിച്ച് പോരാതെവന്നപ്പോൾ ഭാര്യ ശാന്തമ്മ പിള്ളയുടെ പെൻഷൻ നിക്ഷേപം പൊട്ടിച്ചെടുത്ത്, മക്കളെക്കൊണ്ട് പി.എഫ് വായ്പയെടുപ്പിച്ച് അദ്ദേഹം കുമാരനാശാന്റെ ജീവിതം മലയാള സിനിമക്ക് നൽകി. ഇന്നത്തെ രാഷ്ട്രീയകാലാവസ്ഥയാണ് ഈ വയസ്സാംകാലത്തും തന്നെക്കൊണ്ട് സിനിമ ചെയ്യിപ്പിച്ചതെന്ന് കുമാരൻ പറയുന്നു. 'സവർണത എല്ലാതലത്തിലും നിലനിൽക്കുന്നു. അതുകൊണ്ട് എനിക്ക് ലഭിച്ച പുരസ്കാരം കുമാരനാശാന് സമർപ്പിക്കുന്നു. പോരാടാനുള്ള ഊർജമാണ് ഈ പുരസ്കാരമെങ്കിലും ഇനിയും ഒരു സിനിമ എന്റെ അവസാന പോരാട്ടമാണ്'- അർധവിരാമത്തോടെ കെ.പി. കുമാരൻ പറഞ്ഞുനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.