ചലച്ചിത്രമേളയെ അപ്രസക്തമാക്കും; സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് കെ.എസ്. ശബരിനാഥൻ
text_fieldsകോഴിക്കോട്: രാജ്യാന്തര ചലച്ചിത്രമേള നാല് ജില്ലകളിൽ സംഘടിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ കെ.എസ്. ശബരിനാഥൻ എം.എൽ.എ. ഒരു തീർഥാടനം പോലെ ഡിസംബർ മാസത്തിൽ തിരുവനന്തപുരത്തേക്ക് വരുന്ന സിനിമാസ്വാദകാർക്ക് ഈ നഗരം ഒരു വികാരമാണ്. ഭാവിയിൽ ഐ.എഫ്.എഫ്.കെ അപ്രസക്തമാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മുന്നോട്ടു പോകാൻ സർക്കാർ തീരുമാനം ഇടയാക്കും. സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും കെ.എസ്. ശബരിനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ലോകത്തിലെ ഏറ്റവും വിഖ്യാതമായിട്ടുള്ള ഫിലിം ഫെസ്റ്റിവലുകളായി അറിയപ്പെടുന്നത് ബെർലിൻ ഫിലിം ഫെസ്റ്റിവൽ, വെനീസ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പിന്നെ കാൻസ് ഫിലിം ഫെസ്റ്റിവലാണ്. ഈ ഫെസ്റ്റിവലുകളുടെ ഐഡന്‍റിറ്റി ഈ മൂന്നു നഗരങ്ങളാണ്. മേളകളിലൂടെ ലക്ഷകണക്കിന് സിനിമാസ്വാദകർക്ക് ഈ നഗരങ്ങൾ സുപരിചിതമാണ്. 1996ൽ തുടങ്ങിയ ഐ.എഫ്.എഫ്.കെയിലൂടെ തിരുവനന്തപുരത്തിന് ലോക സിനിമാ ഭൂപടത്തിൽ ഒരു പ്രഥമസ്‌ഥാനമുണ്ട്. തിരുവനന്തപുരത്തെ മികച്ച തിയേറ്ററുകളും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് ഐ.എഫ്.എഫ്.കെയുടെ വിജയത്തിന്‍റെ പ്രധാന അടിത്തറ.
ഒരു തീർഥാടനം പോലെ ഡിസംബർ മാസത്തിൽ തിരുവനന്തപുരത്തേക്ക് വരുന്ന സിനിമാസ്വാദകാർക്ക് ഈ നഗരം ഒരു വികാരമാണ്. ഇതിനു സമാനമാണ് കൊച്ചി ബിനാലെക്ക് വരുന്നവർക്കുള്ള കൊച്ചിയുമായിട്ടുള്ള ആത്മബന്ധം. സർക്കാർ ഈ വർഷം മുതൽ ഐ.എഫ്.എഫ്.കെ പൂർണമായി തിരുവനന്തപുരത്ത് നടത്താതെ പകരം നാല് ജില്ലകളിൽ ഭാഗികമായി നടത്തുന്നത് നിർഭാഗ്യകരമാണ്.
25 വർഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് നമ്മൾ വളർത്തിയെടുത്ത "തിരുവനന്തപുരം" എന്ന ബ്രാൻഡിനെ ഈ തീരുമാനം തകർക്കും. ഭാവിയിൽ ഐ.എഫ്.എഫ്.കെ അപ്രസക്തമാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മുന്നോട്ടു പോകും. സർക്കാർ ഈ തീരുമാനം പുനഃപരിശോധിക്കണം എന്ന് അഭ്യർഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.