മലയാളി മറക്കൂമോ, 'എന്റെ മകനാണ് ഇവൻ... ഇവന്‍റെ മകനാണ് അവൻ... അവന്‍റെ മകനാണ് ഇവൻ...'
text_fieldsതൃപ്പൂണിത്തുറ തെക്കുംഭാഗം പടന്നയിൽ വീട്ടിൽ കെ.ടി. സുബ്രഹ്മണ്യൻ എന്ന കെ.ടി.എസ് പടന്നയിൽ വിടപറയുേമ്പാൾ, മലയാള ചലചിത്ര പ്രേമികൾക്ക് മറക്കാൻ കഴിയാത്ത വേഷങ്ങൾ ഏറെ. തന്‍റെ സാന്നിധ്യം കൊണ്ട് തന്നെ, പ്രേക്ഷക മനസിൽ ഇടം നേടിയ കഥാപാത്രങ്ങൾ കൊണ്ട് സമ്പന്നമാണ് പടന്നയിലിന്‍റെ അഭിനയ ജീവിതം. മലയാളിയെ പൊട്ടിച്ചിരിപ്പിച്ച , 'എന്റെ മകനാണ് ഇവൻ... ഇവന്‍റെ മകനാണ് അവൻ... അവന്‍റെ മകനാണ് ഇവൻ...' എന്ന ഡയലോഗ് മാത്രം മതി ആ അഭിനയ ജീവിതത്തിനു പൊൻതൂവലായി.'അനിയൻ ബാവ, ചേട്ടൻ ബാവ' എന്ന ചിത്രത്തിലെ ഈ ഡയലോഗ് അത്രമേൽ പ്രിയപ്പെട്ടതായി.
അരനൂറ്റാണ്ടിലേറെക്കാലം പ്രഫഷണൽ നാടകരംഗത്ത് ഹാസ്യനടനായി തിളങ്ങിനിൽക്കേ തന്നെ വെള്ളിത്തിരയിലേക്കെത്തി.
140-ലേറെ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള പടന്നയിലിനു കുട്ടിക്കാലം മുതൽക്കെ അഭിനയ രംഗമായിരുന്നു ഇഷ്ടം. എന്നാൽ, അവസരങ്ങളൊന്നും കിട്ടിയില്ല. പടന്നയിലിന്‍റെ പ്രകൃതം നാടകത്തിനു പറ്റിയതല്ലെന്നുവരെ ചിലർ അഭിപ്രായപ്പെട്ടു. ഇതോടെ, നാടകരംഗത്ത് എത്തണമെന്നത് വാശിയായി. അങ്ങനെയിരിക്കെ തൃപ്പൂണിത്തുറ ഊട്ടുപുര ഹാളിൽ ചർക്ക ക്ലാസിൽ ചേർന്നു. അവിടെ വാർഷികാഘോഷത്തിൽ നാടകം ഉണ്ടാകും. അതിൽ അഭിനയിക്കാൻ വേണ്ടി മാത്രമായാണ് ചർക്ക ക്ലാസിൽ ചേർന്നത്. അങ്ങനെ 'വിവാഹദല്ലാളി' എന്ന നാടകത്തിൽ ദല്ലാളിയായി വേഷം കെട്ടി. ആദ്യ നാടകമായതുമാറി. 65 വർഷം മുൻപത്തെ ആ നാടകത്തെ കുറിച്ച് ഏറെ അഭിമാനപൂർവം പടന്നയിൽ പറയാറുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായി, അഞ്ചുരൂപ പ്രതിഫലത്തിൽ നാടകങ്ങളിൽ അഭിനയം തുടർന്നു. പിന്നീട് പ്രഫഷണൽ നാടകരംഗത്ത് നിറഞ്ഞു നിന്ന അഞ്ച് പതിറ്റാണ്ട്. വൈക്കം മാളവിക, ചങ്ങനാശേരി ഗീഥ, കൊല്ലം ട്യൂണ, ആറ്റിങ്ങൽ പത്മശ്രീ, ഇടക്കൊച്ചി സർഗചേതന തുടങ്ങി ഒട്ടേറെ സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ദിവസം മൂന്ന് നാടകങ്ങൾ വരെ കളിച്ച കാലം. ഉറക്കമില്ലാതെ വേദികളിൽ നിന്നും വേദികളിലേക്കുള്ള ഓട്ടം.. ആ വലിയ അനുഭവമാണ് തന്‍റെ ജീവിതത്തിനു കരുത്ത് പകർന്നതെന്ന് പടന്നയിൽ പറയാറുണ്ടായിരുന്നു. സിനിമാ സംവിധായകൻ രാജസേനൻ നാടകം കണ്ടതോടെയാണ്, ചലചിത്ര മേഖലയിലെ തിരശ്ശീല ഉയർന്നത്. അങ്ങനെയാണ് 'അനിയൻ ബാവ, ചേട്ടൻ ബാവ' യിലൂടെ ആദ്യമായി സിനിമയിലെത്തുന്നത്. പടം ഹിറ്റായി, പിന്നെ, കൈനിറയെ ചിത്രങ്ങളായി.
ഇതോടെ, ടെലിവിഷൻ സീരിയലുകളിലും സജീവമായി. തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിൽ ചെറിയൊരു കടയും കെ.ടി.എസ്. പടന്നയിലിനുണ്ട്. ഷൂട്ടിങ് ഇല്ലാത്തപ്പോൾ ഈ കടയിൽ പടന്നയിൽ ഉണ്ടാകും. വഴിയാത്രക്കാർ പലരും ഈ കടയിലെത്തി സെൽഫിയെടുക്കുന്നതൊക്കെ പതിവ് കാഴ്ചയായി. മലയാള ചലചിത്ര മേഖലയ്ക്കൊപ്പം തൃപ്പൂണിത്തുറയുടെ അഭിമാനമായാണ് പടന്നയിൽ യാത്രയാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.