കുമാര്‍ ശഹാനി പറഞ്ഞു; ‘എന്തു കഴിക്കുന്നെന്നല്ല, എന്തെങ്കിലും കഴിക്കാനുണ്ടോയെന്നാണ് ഭരണകൂടം നോക്കേണ്ടത്’
text_fieldsകഴിഞ്ഞ ദിവസം അന്തരിച്ച കുമാര്‍ ശഹാനിയുമായി ഇ.പി. ഷെഫീഖ് നടത്തിയ അഭിമുഖമാണിത്. പുതിയ കാല രാഷ്ട്രീയ സാഹചര്യത്തിൽ കുമാർ ശഹാനിയുടെ വാക്കുകൾ ഏറെ പ്രസക്തമാണ്. അദ്ദേഹത്തിെൻറ നിലപാടുകൾ വ്യക്തമാക്കുന്ന വാക്കുകളാണ് ചുവടെ...
‘എന്‍െറ പേര് കുമാര്‍ ശഹാനി എന്നാണ്. അധികം മലയാളികളും കുമാര്‍ സാഹ്നി എന്ന് തെറ്റായാണ് വിളിക്കുന്നത്. രൂപസാദൃശ്യം കണ്ട് എഴുത്തുകാരന് ഭീഷ്മ സാഹ്നിയും ഞാനും സഹോദരങ്ങളാണെന്ന് തെറ്റിദ്ധരിക്കുന്നവരുമുണ്ട് കേരളത്തില്‍. ഇത് രണ്ടും നിങ്ങള്‍ തിരുത്തണം’- 1972ല്‍ ആദ്യ സിനിമയായ ‘മായാദര്‍പണി’ലൂടെ ഇന്ത്യന്‍ ചലച്ചിത്രലോകത്തിന് പുതിയ ദൃശ്യഭാഷ പരിചയപ്പെടുത്തിയ വിഖ്യാത സംവിധായകന് കുമാര്‍ ശഹാനി സംസാരിച്ചുതുടങ്ങിയത് ഇങ്ങനെയാണ്. ‘മായാദര്‍പണി’നുശേഷം ഒരു കുമാര്‍ ശഹാനി സിനിമക്കായുള്ള കാത്തിരിപ്പ് 12 വര്‍ഷം നീണ്ടു. തരംഗ് (1984), ഖയാല്ഗാഥ (1989), കസ്ബ (1990), ചാര് അധ്യായ് (1997). ആവിഷ്കരിച്ച സിനിമകള്‍ വിരലിലെണ്ണാവുന്നവ മാത്രം. ഹ്രസ്വചിത്രങ്ങളുടെയും ഡോക്യുമെന്ററികളുടെയും കാര്യവും അങ്ങനെ തന്നെ. ‘ഞാന്‍ എന്തുകൊണ്ട് സിനിമയെടുക്കുന്നില്ല എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമേയല്ല. സിനിമയെടുക്കുന്നതുപോയിട്ട്, എന്നെപ്പോലെ ഫാഷിസ്റ്റ് വിരുദ്ധ നിലപാട് എടുക്കുന്നവര്‍ക്ക് ജീവനോടെ ഇരിക്കാന്‍ പോലും കഴിയുന്ന സ്ഥിതിയല്ല ഇന്ത്യയില്‍. അതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്’- കുമാര്‍ ശഹാനി സംസാരിക്കുന്നു; കപട ദേശസ്നേഹത്തെ കുറിച്ച്, സാംസ്കാരിക മേഖലയിലെ ഫാഷിസ്റ്റ് കടന്നുകയറ്റത്തെ കുറിച്ച്, കോര്‍പറേറ്റുകള്‍ക്ക് രാജ്യം തീറെഴുതി കൊടുക്കുന്നതിനെ കുറിച്ചെല്ലാം...
? ഞങ്ങള്‍ മാത്രമാണ് രാജ്യസ്നേഹികളെന്ന് ഒരു കൂട്ടര്. തങ്ങള്‍ രാജ്യസ്നേഹികളെന്ന് തെളിയിച്ചാലേ ജീവിക്കാന്‍ കഴിയൂ മറ്റൊരു കൂട്ടര്‍ക്ക്. ആദ്യഗണത്തില്‍പ്പെട്ടവര്‍ ദേശസ്നേഹത്തെ ദുരുപയോഗപ്പെടുത്തുകയല്ലേ?
ദേശസ്നേഹത്തെ ദുരുപയോഗം ചെയ്ത സംഭവങ്ങള്‍ ലോകത്തെവിടെയുമുള്ള ചരിത്രം പരിശോധിച്ചാല്‍ നിരവധി കാണാന്‍ കഴിയും. യുഗങ്ങളായി അതുണ്ട്. എന്നാല്‍, അസാധാരണമായ സാഹചര്യമാണ് ഇപ്പോള്‍ ഇന്ത്യയില്‍. ദേശസ്നേഹമെന്നത് സങ്കുചിത വികാരമായി. ഇന്നലെ വരെ സഹോദരനെ പോലെ കണ്ടൊരുവന്‍ പൊടുന്നനെ ശത്രുവാകുന്ന കാഴ്ച. എത്ര ഭീകരമാണത്? വ്യത്യസ്ത ഭാഷ, സംസ്കാരം തുടങ്ങി വ്യത്യസ്ത ഭക്ഷണരീതി വരെ പുലര്‍ത്തുന്നവരെ ഒരുപോലെ ഉള്‍ക്കൊണ്ടിരുന്ന രാജ്യമാണിത്. ഇന്ത്യന്‍ സംസ്കാരം അതാണ്. അതിനെതിരായി നിലകൊള്ളുന്നവര്‍ രാജ്യസ്നേഹത്തിന്‍െറ മറവില്‍ രാജ്യദ്രോഹമാണ് ചെയ്യുന്നത്. ആഗോള വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യയെ പ്രാപ്തയാക്കുന്നതിന് തോളോടുതോള്‍ ചേര്‍ന്ന് നിന്നവര്‍ പൊടുന്നനെ രാജ്യദ്രോഹികളാകുന്നു. ആഗോള മുതലാളിത്ത വ്യവസ്ഥയുടെ പാഴ്വാഗ്ദാനങ്ങളില്‍ മയങ്ങി അവര്‍ക്ക് പാദസേവ ചെയ്യുന്നവര്‍ ദേശസ്നേഹത്തിെൻറ മറവില്‍ രാജ്യം ഭരിക്കുന്നു. എന്തൊരു വൈരുധ്യമാണത്? ഒരാള്‍ വിശ്വസിക്കുന്ന മതം, ദൈവം, രാഷ്ട്രീയം ഇതൊക്കെ മാത്രമാണ് ശരിയെന്നും അതിനുപുറത്തുള്ളവരെല്ലാം ദേശവിരുദ്ധരാണെന്നും പറയുന്നതില്‍ എന്ത് ശരിയാണുള്ളത്? രാജ്യസ്നേഹത്തിെൻറ മറവില്‍ അതേ രാജ്യത്തെ പൗരനെ കൊല്ലുന്നതില്‍ എന്ത് രാജ്യസ്നേഹമാണുള്ളത്? സഹജീവിയെ സ്നേഹിക്കാന്‍ കഴിയാത്തവന് എങ്ങിനെയാണ് രാജ്യത്തെ സ്നേഹിക്കുക? അപ്പോളത് കപട ദേശീയതയാണ്. കപട ദേശീയതയുടെ നിര്‍മിതിയിലൂടെയാണ് ഇറ്റലിയില്‍ സില്‍വിയോ ബെര്‍ലുസ്കോണി തുടര്‍ച്ചയായി അധികാരം നിലനിര്‍ത്തിയത്. എന്നാല്‍, ഇറ്റലിയുടെ സാംസ്കാരിക അപചയമാണ് തുടര്‍ന്ന് ലോകം കണ്ടത്. ഇത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രസക്തമാണ്. 1968ല്‍ മേയ് വിപ്ലവകാലത്ത് ഞാന്‍ പാരീസില്‍ ഉണ്ടായിരുന്നു. ‘ചിന്ത/ഭാവന അധികാരം പിടിച്ചെടുക്കട്ടെ’ എന്നതായിരുന്നു അക്കാലത്ത് മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളിലൊന്ന്. അത്തരം സാംസ്കാരിക മുന്നേറ്റമാണ് ഇന്ത്യയില്‍ വേണ്ടത്.
?അത് സാധിക്കുമോ? ഇവിടെ ചരിത്രം തിരുത്തിയെഴുതപ്പെടുന്നു. ഭാഷ, സാഹിത്യം, സിനിമ തുടങ്ങി ഭക്ഷണത്തില്‍ വരെ ഭരണകൂട ഇടപെടലുകളുമുണ്ട്
അസത്യം പറയുന്നവര്‍ അല്ലെങ്കില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചരിത്രം തിരുത്തിയെഴുതുന്നത് സ്വാഭാവികമാണ്. ഹിറ്റ്ലറൊക്കെ അതെങ്ങിനെയെന്ന് രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും വരെ കാട്ടികൊടുത്തിട്ടുണ്ട്. പാശ്ചാത്യലോകം, പ്രത്യേകിച്ച് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം, ഹിറ്റ്ലറിന്റെ ഔദ്യോഗിക ചലച്ചിത്രകാരനായ ലെനി റീഫിന്സ്റ്റലിനെയാണ് (Leni Reifinstal) മഹത്വവത്കരിച്ചിട്ടുള്ളത്. ഐസന്‍സ്റ്റീനെ പോലെയുള്ളവരെ അവര്‍ പുച്ഛിച്ച് തള്ളിയിട്ടുണ്ട്. കച്ചവടാധിഷ്ഠിതമായ നിയോ-ലിബറല്‍ സമ്പദ് വ്യവസ്ഥകളില്‍ അത് തുടര്‍ന്നുകൊണ്ടേയിരുന്നു. കല, സാഹിത്യം, സംഗീതം എന്നിവയിലെല്ലാം ഇടപെടലുകള്‍ നടത്തിയാണ് വംശീയ തത്ത്വങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്. അങ്ങനെ കാഴ്ചക്കാരെ വിധേയ ഉപഭോക്താക്കളാക്കാന്‍ നിരവധി മുഖ്യധാരാ സിനിമകളും അവക്ക് ആധാരമായ ചവറ് സാഹിത്യവും ലോകത്തിനുമുന്നിലേക്ക് ഫാഷിസ്റ്റ് ശക്തികള്‍ പടച്ചുവിട്ടിട്ടുണ്ട്. ഫാഷിസത്തെ എതിര്‍ക്കുന്നവരും കലയുടെ മേലുള്ള കൈയേറ്റത്തിനുനേരെ കണ്ണടക്കാറുണ്ട്. ഉദാഹരണത്തിന് എം.എഫ്. ഹുസൈെൻറ കാര്യമെടുക്കാം. സ്വന്തം കലയോടും തന്നോടുതന്നെയും ആത്മാര്‍ഥതയുള്ള ആളായിരുന്നു ഹുസൈന്. അതിഭീകരമായി തെറ്റിദ്ധരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് രാജ്യം വിടേണ്ടി വന്നത്. ഞങ്ങള്‍ സുഹൃത്തുക്കള്‍ അദ്ദേഹത്തെ തിരികെ കൊണ്ടുവരാന്‍ കഴിവിെൻറ പരമാവധി ശ്രമിച്ചതാണ്. ഫാഷിസ്റ്റ് വിരുദ്ധരെന്ന് പറയുന്നവര്‍ക്കു പോലും ഇന്ത്യയില്‍ അദ്ദേഹത്തിന് സുരക്ഷിതത്വം ഉറപ്പുകൊടുക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യക്ക് തനതായ പാചക വൈവിധ്യമുണ്ട്, ഭാഷാഭേദങ്ങളുണ്ട്, കലയുണ്ട്, സംഗീതമുണ്ട്. വീണ്ടും പറയാം, ഈ സംസ്കാരത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കുന്നവര്‍ തന്നെയാണ് ശരിക്കും ദേശസ്നേഹികള്‍.
ഈ ബഹുസ്വരതയോട് വിമുഖത കാട്ടുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണ്. ഇവിടെ ജനങ്ങള്‍ എന്തു കഴിക്കണം എന്നുവരെ ഭരണകൂടങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയിലത്തെിയിട്ടുണ്ട് കാര്യങ്ങള്‍. ജനങ്ങള്‍ എന്തു കഴിക്കുന്നെന്നല്ല, അവര്‍ക്ക് എന്തെങ്കിലും കഴിക്കാന്‍ കിട്ടുന്നുണ്ടോയെന്നാണ് ഭരണകൂടങ്ങള്‍ ശ്രദ്ധിക്കേണ്ടത്.
? മറ്റൊരര്‍ഥത്തില്‍ അടിമത്തത്തിലേക്കുള്ള തിരിച്ചുപോക്കാണോ ഇത്
തീര്‍ച്ചയായും. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയിട്ടും പല രീതിയിലുള്ള അടിമത്തം ഈ ജനത അനുഭവിച്ചിട്ടുണ്ട്. ഭരണകൂടം നേരിട്ടും അല്ലാതെയും നേതൃത്വം നല്‍കിയിട്ടുള്ള അടിമത്തം. ഇപ്പോളൊരു വ്യത്യാസം ഉള്ളത് ഭരണകൂടം കോര്‍പറേറ്റുകളുടെ അടിമയായെന്നതാണ്. ഭരണകൂടം പറയുന്നതാണ് പൊലീസ് അനുസരിക്കുന്നത്. ഭരണകൂടത്തിെൻറ സുരക്ഷ പൊലീസ് ഉറപ്പാക്കണം. അങ്ങിനെ നോക്കുമ്പോള്‍ കോര്‍പറേറ്റുകളുടെ പൊലീസാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്. കോര്‍പറേറ്റുകളുടെ ചൊല്‍പ്പടിക്ക് നില്ക്കുന്ന, അവരുടെ സുരക്ഷ മാത്രം ഉറപ്പാക്കുന്ന ഭരണകൂടം. ഇന്ത്യയില്‍ മാത്രമല്ല, ആഗോള തലത്തില്‍ നോക്കിയാലും ഭരണാധികാരികള്‍ അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടി വന്‍കിട കോര്‍പറേറ്റുകള്‍ക്ക് രാജ്യതാല്പര്യങ്ങള് വിറ്റ നിരവധി ഉദാഹരങ്ങള്‍ കാണാം. അവിടെയെല്ലാം സാധാരണക്കാരന് തൊഴിലില്ലായ്മയും അവസരങ്ങള്‍ നഷ്ടപ്പെടലുമെല്ലാമാണ്. ഇന്ത്യയില്‍ തന്നെ നോക്കൂ, ജനസംഖ്യയുടെ അഞ്ച് ശതമാനം പേരാണ് സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നത്. എത്ര സമ്പത്താണ് ഏതാനും വ്യക്തികളില്‍ കേന്ദ്രീകരിച്ച് കുമിഞ്ഞുകൂടുന്നത്? ഇതെല്ലാം ഇവര്‍ എവിടേക്ക് കൊണ്ടുപോകും? എത്രനാള്‍ അസത്യങ്ങള്‍ക്കുമേല്‍ കെട്ടിപ്പൊക്കിയ സാമ്രാജ്യം തകരാതെ സൂക്ഷിക്കാമെന്ന ഭീതി കോര്പറേറ്റുകള്ക്കുമുണ്ട്. അവര്‍ മാധ്യമങ്ങളുടെ സഹായത്തോടെ കൂടുതല്‍ കള്ളങ്ങള്‍ പടച്ചുവിടുന്നു. രാജ്യം നേരിടുന്ന പല വെല്ലുവിളികളും തുറന്നുകാട്ടുന്നതില്‍ മാധ്യമങ്ങള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നും പരിശോധിക്കണം. ഇന്ത്യയില്‍ ജനാധിപത്യത്തെ തന്നെ പുനര്‍നിര്‍വചിക്കേണ്ടതുണ്ട്. കറന്‍സി നിരോധത്തിലൂടെ തങ്ങളെ പൊരിവെയിലത്ത് മണിക്കൂറുകള്‍ ക്യൂ നിര്‍ത്തി ശിക്ഷിച്ചവരെ തന്നെ, പോളിങ് ബൂത്തുകളില്‍ അതേപോലെ ക്യൂ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റുന്ന കാഴ്ച ഒരു വശത്ത്. ഒരു ജനതയുടെ അവകാശത്തിനായി ജീവിതത്തിെൻറ നല്ലൊരു ഭാഗം പാഴാക്കിയ ഇറോം ശര്‍മിളക്ക് 100 വോട്ടുപോലും കിട്ടാതിരിക്കുന്ന കാഴ്ച മറുവശത്ത്. രണ്ടിടത്തും തോറ്റത് ജനാധിപത്യമാണ്. ഫാഷിസ്റ്റ് വിരുദ്ധ നിലപാടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആശങ്കപ്പെടേണ്ട കാര്യമാണത്.
? എന്താണ് താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം
വ്യക്തമായ രാഷ്ട്രീയ നിലപാടും കാഴ്ചപ്പാടുമുള്ളയാളാണ് ഞാന്‍. അതേസമയം, ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല. എെൻറ അഭിപ്രായത്തില്‍ സാഹിത്യത്തിലും സിനിമയിലും പ്രവര്‍ത്തിക്കുന്നവര്‍, എന്തിന് ചരിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് അകന്നുനില്ക്കണം. എനിക്ക് എന്നെ ഒരു രാഷ്ട്രീയക്കാരനായി സങ്കല്പ്പിക്കാന് പോലുമാകില്ല. വ്യത്യസ്തമായ ഒരു വ്യക്തിത്വമാണ് അതിനുവേണ്ടത്. അതേസമയം, രാഷ്ട്രീയ പ്രശ്നങ്ങളില്‍, പ്രത്യേകിച്ച് സഹജീവിയുടെ നിലനില്പിനെ ബാധിക്കുന്ന വിഷയങ്ങളില്‍ ഞാന്‍ ഇടപെടാതിരിക്കുന്നുമില്ല. ഗുരുസ്ഥാനീയരായ ഋത്വിക് ഘട്ടകും കൊസമ്പിയുമൊക്കെ മാര്‍ക്സിസ്റ്റ് അനുകൂലികളായിരുന്നു. അതില്‍തന്നെ യോജിക്കാനാകാത്ത ആശയങ്ങളോട് അവര്‍ കലഹിക്കുന്നതും കണ്ടിട്ടുണ്ട്. അത്തരം വിമര്ശനങ്ങളിലൂടെയും വിയോജിപ്പുകളിലൂടെയും ആ പാരമ്പര്യം മുന്നോട്ടുപോകുന്നുമുണ്ട്.
? സിനിമയിലേക്ക് വരാം. ഒരു കുമാര്‍ ശഹാനി സിനിമ കാത്തിരിക്കുന്നവര്‍ വര്‍ഷങ്ങളായി നിരാശരാണ്
പണവും അധികാരവും ഉള്ളവര്‍ക്ക് എന്നെ ഇഷ്ടമല്ലാത്തതാകാം കാരണം (ചിരിക്കുന്നു). നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ സത്യസന്ധതയോടെയും മാന്യതയോടെയും സിനിമയെടുക്കാന്‍ ബുദ്ധിമുട്ടാണ്. കലാപരമായ സഹജാവബോധത്തിനൊക്കെ ഇന്ത്യന്‍ സിനിമയില്‍ സ്ഥാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു പറയാം. ആഗോളവത്കരണത്തിന്‍െറ കടന്നുവരവോടെ തനത് കലക്ക് വന്‍ വിലയാണ് ഒടുക്കേണ്ടി വന്നത്. വൈകാരികമായ ഭാവങ്ങളൊക്കെ നഷ്ടമായി. പണമായി മുഖ്യ വികാരം. തല്‍ക്ഷണ നേട്ടമാണ് എല്ലാവര്ക്കും വേണ്ടത്. അതിനുവേണ്ടി കൃത്രിമമായ വികാരങ്ങളുണ്ടാക്കി പ്രേക്ഷകരിലേക്ക് തള്ളി വിടുകയാണ്. കലാസ്വാദനത്തെയും സര്‍ഗാത്മകതയെയും അകറ്റി നിര്‍ത്തുന്നിടത്ത് നല്ല സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്തിട്ട് എന്തുകാര്യം? പരീക്ഷണ സിനിമകള്‍ വരുന്നില്ലെന്ന് വിലപിച്ചിട്ട് കാര്യമില്ല. അത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ എന്ത് അവസരമാണ് ഈ രാജ്യത്തുള്ളത്? മുമ്പ് എന്‍െറ ഒരു സിനിമ, പ്രദര്ശിപ്പിച്ചയിടങ്ങളിലെല്ലാം മികച്ച അഭിപ്രായം നേടിയതും രാജ്യാന്തര പുരസ്കാരം വരെ ലഭിച്ചതുമാണ്, പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് ദൂരദര്‍ശനുമായി സംസാരിച്ചപ്പോള്‍ കിട്ടിയ മറുപടി ‘അതിനുപറ്റിയ സ്ളോട്ട് ഇല്ലെന്നാണ്.
ഹിന്ദിയിലായതിനാല്‍ പ്രാദേശിക സിനിമ വിഭാഗത്തിലും പ്രദര്ശിപ്പിക്കാനാകില്ലത്രേ. പശ്ചാത്തല സംഗീതത്തിനായി ഷഹനായ് ധാരാളം ഉപയോഗിച്ചിട്ടുള്ളതിനാല്‍ ഏതെങ്കിലും പ്രമുഖര്‍ മരിക്കുമ്പോള്‍ ദുഃഖാചരണ വേളയില്‍ പരിഗണിക്കാമെന്ന് പറഞ്ഞ ആ ഉദ്യോഗസ്ഥന് അപ്പോള്‍ തന്നെ തിരുത്തി. നൃത്തരംഗങ്ങള്‍ ഉള്ളതുകൊണ്ട് അതും പറ്റില്ലത്രേ. എനിക്കെന്‍െറ സിനിമയെന്തെന്ന് വിശദീകരിക്കാം. പ്രദര്ശിപ്പിക്കണമെന്നാവശ്യപ്പെടാം. അല്ലാതെ ആരുടെയും കാലില്‍ വീഴാന്‍ പറ്റില്ലല്ലോ? സ്വകാര്യ ചാനലുകള്ക്കാണെങ്കിലും സ്പോണ്‍സര്‍മാരെ തൃപ്തിപ്പെടുത്തുന്ന സിനിമ മതി. സമാന്തര സിനിമയുടെ വക്താക്കളെന്ന് അറിയപ്പെടുന്ന പല ചലച്ചിത്രകാരന്മാരും വിട്ടുവീഴ്ചക്ക് തയാറായി എവിടെയും ‘സ്ളോട്ട് ലഭിക്കുന്ന’, ഈ സംവിധാനങ്ങളുടെ ‘ആവശ്യങ്ങളുമായി’ യോജിച്ച് പോകുന്ന സിനിമകളെടുത്തിട്ടുണ്ട്. എനിക്കതിന് കഴിയില്ല.
എന്‍െറ സിനിമകള്‍ക്ക് പ്രേക്ഷകരില്ലെന്നതോ വര്‍ഷങ്ങളായി ചെയ്യണമെന്നാഗ്രഹിക്കുന്ന തിരക്കഥ സിനിമയാക്കാന്‍ പറ്റുന്നില്ലെ ന്നതോ എല്ലാം മനസിനെ അലട്ടുന്ന അവസ്ഥയൊക്കെ ഞാന്‍ മറികടന്നു കഴിഞ്ഞു. എെൻറ ഏതെങ്കിലും സിനിമയെ കുറിച്ച് ചിന്തിക്കുമ്പോള്‍, അത് ചെയ്യേണ്ടിയിരുന്നില്ല എന്ന കുറ്റബോധം തോന്നാത്തിടത്തോളം, ഞാന്‍ വിജയിച്ച ചലച്ചിത്രകാരനാണ്.
? താങ്കള്‍ വെട്ടിത്തെളിച്ച പാതയിലൂടെ കടന്നുവന്നവരുണ്ടല്ലോ. പരീക്ഷണ സിനിമകള്‍ക്ക് വളരാന്‍ പറ്റിയ അന്തരീക്ഷമാണ് ഇന്ത്യയിലെന്ന് അവരുടെ നേട്ടങ്ങളിലൂടെ തോന്നിയിട്ടുണ്ടോ
ഞാന്‍ ഗുരുസ്ഥാനത്തുണ്ടെങ്കിലും രജത് കപൂറും ഫരീദ മത്തേയുമൊക്കെ അവരുടേതായ ശൈലിയില്‍ തന്നെ വളര്‍ന്നുവന്നവരാണ്. പരീക്ഷണ സിനിമകളെടുക്കുന്നവര്‍ എത്രപേര്‍ നിലനില്‍ക്കുമെന്ന് പറയാനാകുന്ന സാഹചര്യമല്ല. പരീക്ഷണത്തിലൂടെ ഒരു പുതിയ സിനിമാ ഭാഷയാണ് അവര്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ആ ഭാഷയുടെ വ്യാകരണത്തിനുള്ളില്‍ നിന്നുള്ള വിര്‍മശനങ്ങളും നിരൂപണങ്ങളും വന്നാലേ അത് സ്വീകരിക്കപ്പെടുകയുള്ളൂ. ഇന്ത്യയില്‍ സിനിമാ നിരൂപണമൊക്കെ ഇപ്പോഴും വളര്‍ച്ചാദശയില്‍ തന്നെയാണ്.
എന്‍െറ സിനിമകളില്‍ ഐസന്സ്റ്റീെൻറ സ്വാധീനമുണ്ടെന്ന് നിരൂപണം ചെയ്യാന്‍ എളുപ്പമാണ്. അത് ഏതൊക്കെ പോയന്റിലാണ് ഉള്ളതെന്ന് ചൂണ്ടിക്കാണിക്കാനും നിരൂപകന് കഴിയണം. അങ്ങിനെയുള്ളവര്‍ വിരലിലെണ്ണാവുന്നവരേയുള്ളൂ. സിനിമാക്കഥ പറഞ്ഞുപോകുന്നതിലൊതുങ്ങുന്ന നിരൂപണം വരെയുണ്ട്. ഇന്ത്യന്‍ പരീക്ഷണ സിനിമകള്‍ ശ്രദ്ധ നേടിയതില്‍ തങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് അവകാശപ്പെടുന്ന പാശ്ചാത്യ നിരൂപകരുണ്ട്. അവരുടെ വാദം സത്യമോ കള്ളമോ ആയിക്കോട്ടെ, ഒന്നുറപ്പാണ്, ഒരു സിനിമ ഇഷ്ടപ്പെട്ടാല്‍ അത് തുറന്നുപറയുന്നതില്‍ പാശ്ചാത്യ നിരൂപകള്‍ മടികാട്ടാറില്ല. പിന്നെ സെന്‍സറിങ്. ബ്രിട്ടീഷ് ഭരണകാലത്ത് അത് സ്ഥാപിച്ച നാള് മുതല്‍ ഏറ്റവും കുത്തഴിഞ്ഞ, അഴിമതി നടമാടുന്ന ഇടമാണ് സെന്‍സര്‍ ബോര്‍ഡ്. ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ വേണ്ടി മാത്രം സ്ഥാപിക്കപ്പെട്ടത്. ഇപ്പോള്‍ ഭരണകൂടത്തിെൻറ സെന്‍സറിങ് കൂടിയാകുന്നതോടെ പരീക്ഷണ സിനിമകളെടുക്കുന്നവര്‍ കൂടുതല്‍ പ്രതിസന്ധിയിലാണ്.
? എം. ഗോവിന്ദെൻറ ‘സര്‍പ്പം’ സിനിമയാക്കുന്നെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആ പദ്ധതി എന്തായി
ജോണ്‍ എബ്രഹാം ആണ് എം. ഗോവിന്ദനെ പരിചയപ്പെടുത്തുന്നത്. ‘സര്‍പ്പം’ വായിച്ചതുമുതലുള്ള ആഗ്രഹമാണ് അത് സിനിമയാക്കണമെന്നത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ അതിന്‍െറ തിരക്കഥ തയാറായതാണ്. ഞാനത് ഗോവിന്ദന് അയച്ചുകൊടുത്തു. അന്ന് അതിനുള്ള പണം ശരിയായില്ല. പിന്നെ കാലഘട്ടത്തിനനുസരിച്ചുള്ള തിരുത്തലുകള്‍ തിരക്കഥയില്‍ വരുത്തിക്കൊണ്ടേയിരുന്നു. 1970കളില്‍ ആറര ലക്ഷം രൂപയിലൊക്കെ ആ സിനിമ തീരുമായിരുന്നു. ഇപ്പോള്‍ ബജറ്റ് ഉയര്‍ന്നു. അത്രയും ഫണ്ട് കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. മോഹന്‍ലാല്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്തായാലും ആ സിനിമ യാഥാര്‍ഥ്യമാക്കണം. ഗോവിന്ദന് ഞാന്‍ കൊടുത്ത വാക്ക് പാലിക്കണം.
? കേരളവുമായി അടുത്ത ബന്ധമാണല്ലോ?
മലയാളത്തിലെ കലാകാരന്മാരും സാഹിത്യകാരന്മാരും ചലച്ചിത്രകാരന്മാരുമായെല്ലാം അടുത്ത ബന്ധമാണ്. ഇവിടെയാരും എന്നെ അന്യനായി കാണുന്നില്ല. ശശികുമാര്‍, എം.ആര്. രാജന്, സദാനന്ദ് മേനോന് അങ്ങനെ നിരവധി സുഹൃത്തുക്കള്‍. നൃത്തം, കവിത തുടങ്ങി സാമൂഹിക വിഷയങ്ങള്‍ വരെ ചര്‍ച്ച ചെയ്ത് വളര്‍ന്ന സൗഹൃദം. വിപിന്‍ വിജയ് എന്‍െറ പ്രതിഭാശാലിയായ ശിഷ്യനാണ്. ജോണ്‍ എബ്രഹാം, അരവിന്ദന് എന്നിവരിലൂടെയാണ് മലയാള സിനിമകളിലേക്ക് കൂടുതല്‍ അടുക്കുന്നത്.
അടൂര്‍, ഷാജി എന്‍. കരുണ്‍ തുടങ്ങിയ ചലച്ചിത്രകാരന്മാരുമായും അടുപ്പമുണ്ട്. അവരുടെയെല്ലാം സൃഷ്ടികളെ ആദരിക്കുന്നു, വിലമതിക്കുന്നു. അനുഷ്ഠാന കലകളില്‍ ലോകത്തിലെ തന്നെ മികച്ച പാരമ്പര്യമുള്ള നാടാണ് കേരളം. കാഴ്ചയിലും കേള്‍വിയിലും അന്താരാഷ്ട്ര സാങ്കേതികതയുടെ പിന്തുണയോടെ കേരള കലകള്‍ക്ക് സമകാലിക ചിന്തകളുടെ തീവ്രത നല്‍കുന്നൊരു സ്ഥാപനം ഇവിടെ തുടങ്ങണമെന്നാഗ്രഹമുണ്ട്. അതിനുളള ചര്‍ച്ചകളും നടക്കുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിനും ഡി.ഡി. കൊസമ്പിക്കുമൊക്കെ ഞാന്‍ കൊടുത്ത വാക്കാണത്. കേരളവുമായി മറ്റൊരു ബന്ധവുമുണ്ടെനിക്ക്. മൂത്ത മകള്‍ ഉത്തരയുടെ ഭര്‍ത്താവ് അര്ജുന് വിശ്വനാഥന് മലയാളിയാണ്. അവരുടെ മകന് അമര്‍ത്യയെ കാണുമ്പോളൊക്കെ, എനിക്കെന്തോ, എ.കെ.ജിയെ ഓര്മ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.