ബംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരവുമായി കുഞ്ചാക്കോ ബോബന്റെ 'ചാവേർ'
text_fieldsബംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നേട്ടവുമായി കുഞ്ചാക്കോ ബോബൻ, ടിനു പാപ്പച്ചൻ ചിത്രം 'ചാവേർ'. മികച്ച മൂന്നാമത്തെ ചിത്രത്തിനുള്ള പുരസ്കാരമാണ് കരസ്ഥമാക്കിയത്. 320 സിനിമകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 36 സിനിമകളാണ് ഇന്ത്യൻ സിനിമ മത്സര വിഭാഗത്തിൽ മത്സരിച്ചത്. അതിൽ നിന്നുമാണ് ചിത്രം മൂന്നാം സ്ഥാനം നേടിയെടുത്തത്.
അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ ഏറെ പ്രശസ്തമായ ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ നിന്നും ഇത്തരത്തിൽ ഒരു പുരസ്കാരം നേടാൻ സാധിച്ചുവെന്നത് ചാവേറിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ് എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.
മനുഷ്യസമൂഹത്തിലെ സ്നേഹത്തിന്‍റെ, സൗഹൃദത്തിന്‍റെ, പ്രണയത്തിന്‍റെ, വേദനകളുടെ, നിസ്സഹായതകളുടെ, വഞ്ചനയുടെ, ജാതിയുടെയും കഥ പറഞ്ഞ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. എന്തിനും ഏതിനും മുന്നും പിന്നും നോക്കാതെ സ്വന്തം ജീവൻ പോലും അവഗണിച്ചുകൊണ്ട് നെഞ്ചുറപ്പോടെ ഇറങ്ങുന്ന ചാവേറുകളുടെ കഥ പറയുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് നടനും സംവിധായകനുമായ ജോയ് മാത്യുവുമാണ്. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.