പഴയകാല സിനിമ നടി കെ.വി. ശാന്തി അന്തരിച്ചു
text_fieldsചെന്നൈ: പഴയകാല സിനിമ നടി ഏറ്റുമാനൂർ സ്വദേശിനി കെ.വി. ശാന്തി അന്തരിച്ചു. 82 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ ചെന്നൈ കോടമ്പാക്കത്തെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് കിടപ്പിലായിരുന്നു.
നീലാ പ്രൊഡക്ഷൻസിൻെറ ബാനറിൽ മെറിലാൻഡ് സ്റ്റുഡിയോ നിർമിച്ച സിനിമകളിലൂടെയാണ് ശാന്തി ശ്രദ്ധിക്കപ്പെട്ടത്. നർത്തകികൂടിയായ ശാന്തിയെ എസ്.പി. പിള്ളയാണ് സിനിമയിലേക്ക് കൊണ്ടുവന്നത്. 1953ൽ റിലീസായ 'പൊൻകതിർ' ആണ് ആദ്യ സിനിമ. 50ലധികം മലയാള ചിത്രങ്ങളിൽ സത്യൻ, പ്രേംനസീർ, മധു, എസ്.പി. പിള്ള തുടങ്ങിയവരോടൊപ്പം അഭിനയിച്ചു. ഭക്തകുചേല സിനിമയിലെ സത്യഭാമ എന്ന കഥാപാത്രമാണ് ശാന്തിയെ ശ്രദ്ധേയയാക്കിയത്.
മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും വേഷമിട്ടു. 75'ൽ ഇറങ്ങിയ അക്കൽദാമ, കാമം ക്രോധം മോഹം എന്നിവയാണ് അവസാന സിനിമകൾ. നാലു പതിറ്റാണ്ടിലേറെയായി സിനിമയിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ഭർത്താവ്: തിരുവനന്തപുരം സ്വദേശി പരേതനായ ജി. ശശിധരൻ. മകൻ: ശ്യാംകുമാർ, മരുമകൾ: ഷീല. മൃതദേഹം തിങ്കളാഴ്ച വൈകീട്ട് കോടമ്പാക്കത്ത് സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.