ചെകുത്താൻ ആറ് മണിക്ക് അവതരിക്കും; ഔദ്യോഗിക പ്രഖ്യാപനവുമായി പൃഥ്വിരാജ്
text_fieldsലൂസിഫറിന്‍റെ രണ്ടാം ഭാഗമായ മോഹൻലാൽ ചിത്രം എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. ചിത്രത്തിന്‍റെ റിലീസ് തീയതി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും ചിത്രം തിയേറ്ററുകളിൽ എത്താൻ വൈകുമെന്ന രീതിയിൽ അഭ്യൂഹങ്ങളുയർന്നിരുന്നു. ചിത്രം നിശ്ചയിച്ച ദിവസം തന്നെ തിയറ്ററിൽ എത്തുമെന്ന് സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ അറിയയിച്ചു. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ അപഡേറ്റുമായി എത്തിയിരുക്കുകയാണ് പൃഥ്വിരാജ്.
ചിത്രത്തിന്‍റെ ആദ്യ ഷോ ആറ് മണിക്ക് തന്നെ ആരംഭിക്കുമെന്ന് പൃഥ്വിരാജ് സമൂഹമാധ്യങ്ങളിലൂടെ അറിയിച്ചു. മാർച്ച് 27 ന് രാവിലെ രാവിലെ ആറ് മണി മുതൽ സിനിമയുടെ പ്രദർശനം ആരംഭിക്കുമെന്ന് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ് അറിയിച്ചു. മഴയത്ത് നടക്കുന്ന വിശദീകരണ യോഗത്തിൽ അണികൾക്ക് അഭിമുഖമായി കൈകെട്ടി നിൽകുന്ന സ്റ്റീഫൻ നെടുമ്പള്ളിയെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. മോഹൻലാലും പോസ്റ്റർ പങ്കുവെച്ചു.
റിലീസ് വൈകുമെന്ന അഭ്യൂഹങ്ങൾക്കിടെ, 'ചെകുത്താൻ ഇതുവരെ പ്രയോഗിച്ച ഏറ്റവും വലിയ തന്ത്രം. താൻ എക്സിസ്റ്റ് ചെയ്യുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു!' എന്ന ക്യാപ്ഷനോടെ കഴിഞ്ഞ ദിവസവും പൃഥ്വിരാജ് ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പങ്കുവെച്ചിരുന്നു. ഒരു കെട്ടിടത്തിന് മുന്നിൽ മോഹൻലാൽ നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. 'നിങ്ങളുടെ ഏറ്റവും ഉയർന്ന നിമിഷത്തിൽ ശ്രദ്ധിക്കുക! അപ്പോഴാണ് ചെകുത്താൻ നിങ്ങൾക്കായി വരുന്നത്', എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ.
മാർച്ച് 27 എന്ന ഹാഷ്ടാഗോടെയാണ് ആശിർവാദ് സിനിമാസ് പോസ്റ്റർ പങ്കുവെച്ചത്. അതുകൊണ്ടുതന്നെ ചിത്രം മാർച്ച് 27ന് പുറത്തിറങ്ങുമെന്ന് ഉറപ്പായി. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. എന്നാൽ, ലൈക്ക പ്രൊഡക്ഷൻസിന്റെ ഭാഗത്തുനിന്നുള്ള ഇടപെടൽ മൂലമാണ് ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിൽ ആയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എമ്പുരാൻ കേരളത്തിൽ വിതരണം ചെയ്യുക ഗോകുലം മൂവീസ് ആയിരിക്കുമെന്ന് പൃഥ്വിരാജ് ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.