രണ്ടാഴ്ചയിലധികമായി മൃതദേഹം മോർച്ചറിയിൽ; ഏറ്റെടുക്കാൻ ബന്ധുക്കളില്ല, നടൻ കെ.ഡി ജോർജിന്റെ സംസ്കാരം നാളെ
text_fieldsഅന്തരിച്ച പഴയകാല നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ കെ.ഡി. ജോർജിന്റെ സംസ്കാരം നാളെ (തിങ്കളാഴ്ച) രവിപുരം ശ്മാശനത്തിൽ നടക്കും. 2023 ഡിസംബർ 29നായിരുന്നു അന്ത്യം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹം ഏറ്റെടുക്കാൻ മറ്റ് ബന്ധുക്കളാരുമില്ലെന്ന് അറിയിച്ചിരുന്നെങ്കിലും നടപടിക്രമങ്ങളുടെ ഭാഗമായി മൃതദേഹം വിട്ടു നൽകിയിരുന്നില്ല. അസുഖബാധിതനായി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് കെ.ഡി. ജോർജിന്റെ വിയോഗം. എന്നാൽ, മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളില്ലെന്ന് വ്യക്തമാക്കി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക യൂനിയൻ ഫോർ ഡബ്ബിങ് ആർട്ടിസ്റ്റിന്റെ ഭാരവാഹികൾ മൃതദേഹം ഏറ്റെടുത്ത് അന്ത്യകർമങ്ങൾക്ക് തയാറാണെന്ന് ആശുപത്രി അധികൃതരേയും കോർപറേഷനേയും പൊലീസിനേയും അറിയിച്ചിരുന്നു. എന്നാൽ, നടപടിക്രമങ്ങളുടെ ഭാഗമായി മൃതദേഹം വിട്ടുനൽകിയിരുന്നില്ല. തുടർന്ന് നടത്തിയ ചർച്ചക്കൊടുവിലാണ് മൃതദേഹം വിട്ടുനൽകാൻ തീരുമാനമായത്.
ആദ്യകാല മലയാള സിനിമകൾക്ക് ഡബ്ബ് ചെയ്തുകൊണ്ടാണ് കെ.ഡി. ജോർജ് സിനിമ രംഗത്തേക്ക് കടന്നുവന്നത്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ഏറെക്കാലം ചെന്നൈയിലായിരുന്ന ഇദ്ദേഹം പിൻകാലത്ത് കൊച്ചിയിലേക്ക് താമസം മാറ്റുകയായിരുന്നു. അസുഖബാധിതനാകുന്നതിന് മുമ്പ് വരെ ഡബ്ബിങ് രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത മിർസാപൂർ, ബാംബൈ മേരി ജാൻ എന്നീ വെബ് സീരീസുകൾക്കാണ് അവസാനമായി ശബ്ദം നൽകിയത്. കൊച്ചി പച്ചാളത്തെ ലോഡ്ജിലായിരുന്നു താമസം.
'ഞങ്ങളുടെ സഹപ്രവർത്തകനാണ്. കഴിഞ്ഞ അഞ്ച് കൊല്ലമായി ഞങ്ങളുടെ സംഘടന അദ്ദേഹത്തിന് പെൻഷൻ നൽകുന്നു. കോവിഡ് കാലത്തടക്കം സംഘടനയുടെ സംരക്ഷണയിലായിരുന്നു അദ്ദേഹം. രക്തബന്ധമുള്ളവർ മാത്രമല്ല ബന്ധുക്കൾ. ഞങ്ങളും അദ്ദേഹത്തിന്റെ ബന്ധുക്കളാണ്. അദ്ദേഹം അനാഥനല്ല'- ഫെഫ്ക യൂനിയൻ ഫോർ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാരവാഹിയായ ഷോബി തിലകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.