നെഗറ്റീവ് റിവ്യൂ പ്രശ്നമല്ല, എന്നാൽ... മലൈക്കോട്ടൈ വാലിബന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ലിജോ ജോസ്
text_fieldsമലൈക്കോട്ടെ വാലിബൻ പ്രേക്ഷകരുടെ ഇടയിൽ സ്വീകരിക്കപ്പെട്ടില്ലെങ്കിൽ രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിക്കാൻ കഴിയില്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലശ്ശേരി. നെഗറ്റീവ് റിവ്യൂവിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അത് തനിക്ക് പ്രശ്നമല്ലെന്നും ലിജോ പ്രസ്മീറ്റിൽ പറഞ്ഞു.
'മലൈക്കോട്ടൈ വാലിബന്റെ നെഗറ്റീവ് റിവ്യൂവിനെപ്പറ്റി ചിന്തിക്കുന്നില്ല. അത് തനിക്ക് പ്രശ്നമല്ല. വാലിബന് ഒരു മുത്തശ്ശി കഥയുടെ വേഗത മാത്രമാണ് ഉള്ളത്. നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുത്. ഷോ കണ്ട പ്രേക്ഷകര്‍ പറയുന്നതാണ് കൂടുതല്‍ സ്വീകരിക്കുന്നത്. സിനിമ സ്വീകരിക്കപ്പെട്ടില്ലെങ്കിൽ ഇതിന്റെ സീക്വലും പ്രീക്വലും ആലോചിക്കാൻ കഴിയില്ല.
ഇന്നലെ രാവിലെ ഫസ്റ്റ് ഷോ കഴിഞ്ഞതുമുതൽ സിനിമക്കെതിരെ ആക്രമണം നടക്കുന്നു. ഇത്തരം ഷോകൾ കഴിഞ്ഞുവരുന്ന അഭിപ്രായങ്ങൾ ഒരിക്കലും സത്യമാകണമെന്നില്ല. രാവിലെ വരുന്ന ഓഡിയൻസും വൈകിട്ട് വരുന്നവരും രണ്ടും രണ്ടാണ് എന്നാൽ രാവിലെ ഷോ കഴിഞ്ഞുവരുന്ന ഓഡിയൻസ് പറയുന്നതാണ് വൈബായി മാറുന്നത്. അത് സമൂഹമാധ്യമങ്ങളിലും പ്രതിഫലിപ്പിക്കുന്നു. എന്തിനാണ് ഈ വിദ്വേഷം നടത്തുന്നത്. എന്ത് ഗുണമാണ് ഇതിൽ നിന്ന് ലഭിക്കുന്നത്.
ഫാന്റസി കഥയിൽ വിശ്വസിച്ച് എടുത്ത സിനിമയാണിത്. വാലിബൻ എന്നു പറയുന്നത് ഫെരാരിയുടെ എൻജിൻ വച്ച് ഓടുന്ന വണ്ടിയല്ല. ഒരു മുത്തശ്ശിക്കഥയുടെ വേഗതമാത്രമാണ് ഇതിനുള്ളത്. അതിൽ നമ്മൾ ഒളിപ്പിച്ചിരിക്കുന്നത് വലിയ കാഴ്ചകളാണ്. അതിന്റെ വേഗത കുറേ മുകളിലാണ്. അതിനു വേഗത പോരാ എന്നു പറയുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്.
മുഴുവൻ ടീമും ഏറെ ബുദ്ധിമുട്ടിയാണ് സിനിമ എടുത്തത്. ലിജോ എന്ന സംവിധായകനെ വിശ്വസിക്കുന്നുണ്ടെങ്കിൽ എന്റെ വാക്കുകളും വിശ്വസിക്കണം. എല്ലാവരും ഈ സിനിമ തിയറ്ററിൽ തന്നെ പോയി കാണണം. പല കഥാപാത്രങ്ങൾക്കും പൂർണതയില്ലെന്ന് തോന്നുന്നത് അതിന് ബാക്കി ഭാഗം ഉള്ളതുകൊണ്ടാണ്' –ലിജോ പറഞ്ഞു.
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് മല്ലൈക്കോട്ടൈ വാലിബൻ. ജനുവരി 25 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. വാലിബൻ തിയറ്ററുകളിലെത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.