സിനിമ ചർച്ച ചെയ്യാറില്ല; ഇമ്രാൻ ഖാനുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ജുനൈദ്
text_fieldsബോളിവുഡിൽ സജീവമാവുകയാണ് നടൻ ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ. പോയ വർഷം പുറത്തിറങ്ങിയ മഹാരാജ് എന്ന ചിത്രത്തിലൂടെയായിരുന്നു ജുനൈദിന്റെ അരങ്ങേറ്റം. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിലൂടെ ജുനൈദിന് ലഭിച്ചത്.ലവ്‌യപ്പയാണ് നടന്റെ രണ്ടാമത്തെ ചിത്രം. നടി ശ്രീദേവിയുടെ മകൾ ഖുഷി കപൂറാണ് നായിക.
സിനിമകുടുംബത്തിലെ അംഗമാണ് ജനൈദ്. എന്നാൽ പിതാവിന്റെ പേരിന്റെ പിൻബലമില്ലാതെയാണ് താരപുത്രൻ ബോളിവുഡിലെത്തിയത്. ജുനൈദിന്റെ അടുത്ത ബന്ധുവാണ് നടൻ ഇമ്രാൻ ഖാൻ. ഇപ്പോഴിതാ ഇമ്രാനുമായുള്ള അടുപ്പത്തെക്കുറിച്ച് പറയുകയാണ് ജുനൈദ്. ഇമ്രാനുമായി 10 വയസിന്റെ വ്യത്യാസമുണ്ടെന്നും തങ്ങൾ സിനിമയെക്കുറിച്ച് സംസാരിക്കാറില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'സിനിമയെക്കുറിച്ച് വീട്ടിൽ സംസാരിക്കാറില്ല. പ്രത്യേകിച്ച് ഇമ്രാനുമായി. അദ്ദേഹം എന്നെക്കാൾ 10 വയസ് മുതിർന്നതാണ്. അദ്ദേഹത്തിന് ലോകത്തിലെ ഒട്ടമിക്ക കാര്യങ്ങളെക്കുറിച്ചും അറിയാം. എന്നാൽ ഞങ്ങൾ തമ്മിൽ കാണുമ്പോഴെല്ലാം സിനിമയെക്കുറിച്ചല്ല, മറ്റുള്ള കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്.
ലവ്‌യപ്പ ചെയ്യാൻ തയാറെടുപ്പുകൾ നടത്തിയിരുന്നു. ഈ സിനിമക്കായി തന്നെ സഹായിച്ചത് അമ്മയുടെ കുടുംബം ആണെന്ന് പറയാം. അമ്മയുടേത് ഒരു പഞ്ചാബി കുടുംബമാണ്. ഞങ്ങൾക്ക് ഡൽഹിയിൽ ധാരാളം കുടുംബാംഗങ്ങളുണ്ട്. അതിനൊക്കെ പുറമെ തിരക്കഥയിൽ എല്ലാം കൃത്യമായി എഴുതിയിട്ടുണ്ട്. സംവിധായകൻ അദ്വൈത് മികച്ച പ്രകടനം കിട്ടുന്ന രീതിയിലാണ് ഞങ്ങൾ അഭിനേതാക്കളെ തയാറാക്കിയത്'- ജുനൈദ് ഖാൻ പറഞ്ഞു.
ഫെബ്രുവരി ഏഴിനാണ് ലവ്‌യപ്പയ തിയറ്ററുകളിലെത്തുന്നത്. 2022ൽ റിലീസ് ചെയ്ത തമിഴ് സൂപ്പർഹിറ്റ് ചിത്രം ‘ലവ്ടുഡേ’യുടെ ഹിന്ദി റീമേക്ക് ആണിത്.അഷുതോഷ് റാണ, തൻവിക പർലികർ, ആദിത്യ കുൽഷ്രേഷ്ട്, നിഖിൽ മേഹ്ത എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഫാന്റം പിക്ചേഴ്സും എജിഎസ് എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമാണം. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.