20 വർഷങ്ങൾക്ക് ശേഷം കുമരനും അമ്മയും എത്തി; 'എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി' റീ റിലീസ് ചെയ്തു
text_fieldsഎം. രാജ സംവിധാനം ചെയ്ത 2004-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി. രവി മോഹൻ (ജയം രവി), അസിൻ, നദിയ മൊയ്തു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. 20 വർഷങ്ങൾക്ക് ശേഷം മാർച്ച് 14-ന് ചിത്രം റീ റിലീസ് ചെയ്തു.
അമ്മ മകൻ ബന്ധത്തിന്‍റെ തീവ്രത പ്രേക്ഷകരിലേക്ക് എത്തിച്ച ചിത്രമാണ് എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി. ബോക്സിങ്ങിന്‍റെ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന കഥയിൽ ആക്ഷൻ, പ്രണയം, നർമം, എന്നിവയും ഉൾച്ചേർന്നിട്ടുണ്ട്. ശ്രീകാന്ത് ദേവ സംഗീതം നൽകി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു.
20 വർഷത്തിനിടയിൽ തനിക്ക് ലഭിച്ച ഫീഡ്‌ബാക്കിൽ നിന്ന് ചിത്രം കുടുംബ ഹൃദയങ്ങളിൽ ഇടം നേടി എന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്ന് എം. രാജ പറഞ്ഞു. യുവാക്കളോട് അമ്മമാരോടും കുടുംബങ്ങളോടും ഒപ്പം ചിത്രം കാണാൻ അദ്ദേഹം അഭ്യർഥിച്ചു. നിങ്ങൾ അവർക്ക് നൽകുന്ന ഒരു ചെറിയ സമ്മാനമായിരിക്കും അതെന്നും രാജ പറഞ്ഞു.
ചിത്രത്തിൽ പ്രകാശ് രാജ്, ഐശ്വര്യ, വിവേക്, വെണ്ണിറ ആടൈ മൂർത്തി, ടി.പി. മാധവൻ, ജ്യോതി ലക്ഷ്‌മി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ ചിത്രം റീ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ബാലസുബ്രഹ്മണ്യവും എഡിറ്റിങ് എസ്. സൂരജ്കവിയും നിർവഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.