'ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം'; നാദിർഷക്ക് പിന്തുണയുമായി മാക്ട
text_fieldsകൊച്ചി: നാദിർഷായുടെ പുതിയ സിനിമ 'ഈശോ'ക്ക് പിന്തുണയുമായി ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ മാക്ട. മാക്ട വൈസ് ചെയർമാൻ എം.പദ്മകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു സംഘടനയുടെ പ്രതികരണം. മധുപാൽ, അൻവർ റഷീദ്, സേതു, മാർത്താണ്ഡൻ, എൻ.എസ് ബാദുഷ, പി.കെ ബാബുരാജ്, ഗായത്രി അശോക്, എ.എസ് ദിനേശ് എന്നിവർ യോഗത്തിൽ സംസാരിച്ചു. നാദിർഷാക്ക് എല്ലാ പിന്തുണയും അറിയിക്കുന്നതായി മാക്ട എക്സിക്യൂട്ടീവ് കമിറ്റി അറിയിച്ചു. ചിത്രത്തിനെതിെര കെ.സി.ബി.സി അടക്കമുള്ള സംഘടനകളും പി.സി ജോർജും രംഗത്തെത്തിയിരുന്നു.
''മലയാള ചലച്ചിത്ര പ്രവർത്തകരും പ്രേക്ഷകരും തമ്മിലുള്ള ബന്ധം ഏതെങ്കിലും മതത്തിന്‍റെയോ ജാതിയുടെയോ സമുദായത്തിന്‍റെയോ ചേർത്തുപിടിക്കലല്ല. സിനിമ പൊതുവേ മതേതര മനോഭാവമുള്ള ഈ നൂറ്റാണ്ടിലെ കലാരൂപമാണ്. എല്ലാവരും ഒരുമിച്ച് നിന്നുകൊണ്ട് ഏറെ സജീവമായി പ്രവർത്തിക്കുന്ന ഒരിടം. സമൂഹത്തിന്റെ മാനസികമായ സന്തോഷത്തിന് വേണ്ടിയാണ് സിനിമ നിലനില്ക്കുന്നത് തന്നെ. ആ മേഖലയിലേക്കാണ് സോഷ്യൽ മീഡിയയിലൂടെ ഒരു പറ്റം ആളുകൾ വിവാദം സൃഷ്ടിക്കുന്നത്.നാദിർഷാ സംവിധാനം ചെയ്ത സിനിമയുടെപേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്‌കാരിക കേരളത്തിന് ഒട്ടും ഭൂഷണമല്ല. ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് മാക്ട പോലുള്ള സാംസ്‌കാരിക സംഘടനയുടെ ഉത്തരവാദിത്വമാണ്. നാദിർഷായ്ക്കു മാക്ട എക്സിക്യൂട്ടീവ് കമിറ്റി എല്ലാ പിന്തുണയും അറിയിക്കുന്നു'' - മാക്ട എക്സിക്യൂട്ടീവ് കമ്മറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.