പത്താൻ സിനിമക്കെതിരെ വിമർശനവുമായി മധ്യപ്രദേശ് ഉലമ ബോർഡ്
text_fieldsന്യൂഡൽഹി: ഷാരൂഖ് ഖാൻ നായകനാവുന്ന പത്താൻ സിനിമക്കെതിരെ വിമർശനവുമായി മധ്യപ്രദേശ് ഉലമ ബോർഡ്. മുസ്‍ലിംകൾക്കിടയിൽ ഏറെ ബഹുമാനിക്കുന്ന വിഭാഗമാണ് പത്താൻ. ആ പേരിലുള്ള സിനിമ പത്താൻ സമൂഹത്തെയാണ് അപമാനിക്കുന്നതെന്നാണ് സംഘടനയുടെ പരാതി.
സിനിമയിലൂടെ പത്താൻ വിഭാഗം മാത്രമല്ല മുസ്‍ലിം സമുദായം തന്നെ അപമാനിക്കപ്പെടുകയാണ്. പത്താൻ എന്നാണ് സിനിമയുടെ പേര് എന്നാൽ സ്ത്രീകൾ മോശം ഡാൻസ് കളിക്കുന്നതാണ് സിനിമയെന്നും സംഘടന കുറ്റപ്പെടുത്തുന്നു. തെറ്റായാണ് പത്താൻ വിഭാഗത്തെ സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നും മധ്യപ്രദേശ് ഉലമ ബോർഡ് വിശദീകരിക്കുന്നു.
നേരത്തെ ഷാരൂഖ് ഖാനും ദീപിക പദുകോണും പ്രധാന വേഷത്തിലെത്തുന്ന പത്താനെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. ചിത്രത്തിൽ ദീപിക പദുകോൺ ധരിച്ച വസ്ത്രം ഹിന്ദു ധർമത്തിനെതിരാണെന്ന പരാതിയിലാണ് കേസെടുത്തത്. ബി.ജെ.പി പ്രവർത്തകനായ സഞ്ജയ് തിവാരിയാണ് പരാതി നൽകിയത്.
അടുത്ത വർഷം ജനുവരി 25ന് റിലീസ് ചെയ്യാനിരിക്കുന്ന പത്താൻ ഷാരൂഖ് ഖാൻ നീണ്ട ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രമാണ്. 'വാർ' എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദാണ് പത്താൻ സംവിധാനം ചെയ്തിരിക്കുന്നത്. ജോൺ എബ്രഹാമാണ് ചിത്രത്തിൽ പ്രതിനായക വേഷം കൈകാര്യം ചെയ്യുന്നത്. യഷ് രാജ് ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ റോ ഏജൻറായ പത്താൻ എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്. അശുതോഷ് റാണ, ഗൗതം റോഡ്, ഡിംപിൾ കപാഡിയ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. സൽമാൻ ഖാനും ഋതിക് റോഷനും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.