'ഗോഡ്‌സെ'യുടെ ജീവിതം സിനിമയാകുന്നു; പ്രഖ്യാപിച്ചത് ഗാന്ധി ജയന്തി ദിനത്തിൽ
text_fieldsമുംബൈ: ഗാന്ധി ജയന്തി ദിനത്തിൽ രാഷ്ട്ര പിതാവിന്‍റെ ഘാതകൻ നാഥുറാം ഗോഡ്‌സെയുടെ പേരിൽ സിനിമ പ്രഖ്യാപിച്ച് മഹേഷ് മഞ്ജരേക്കർ. സന്ദീപ് സിങ്ങിന്‍റെ ഹൗസ് ലെജൻഡ് ഗ്ലോബൽ സ്റ്റുഡിയോയും രാജ് ഷാൻദിലിയാസിന്‍റെ തിങ്ക്ഇങ്ക് പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സ്വതന്ത്ര വീർ സവർക്കർ, വൈറ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ് മഞ്ജരേക്കറും ലെജൻഡ് ഗ്ലോബൽ പിക്ചേഴ്സും കൈകോർക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഗോഡ്‌സെ. ചിത്രത്തിന്‍റെ ടീസർ മഞ്ജരേക്കർ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു.
ആരാണ് ശരി ആരാണ് തെറ്റ് എന്ന് തീരുമാനിക്കാൻ പ്രേക്ഷകരെ അനുവദിക്കുക എന്നതാണ് 'ഗോഡ്‌സെ'യുടെ ഉദ്ദേശ്യമെന്ന് സംവിധായകൻ മഹേഷ് മഞ്ജരേക്കർ പറഞ്ഞു.
'നാഥുറാം ഗോഡ്‌സെയുടെ കഥ എപ്പോഴും എന്‍റെ ഹൃദയത്തോട് ചേർന്നിരുന്നു. ഈ സ്വഭാവത്തിലുള്ള ഒരു സിനിമയുമായി മുന്നോട്ടു വരാൻ വളരെയധികം ധൈര്യം ആവശ്യമാണ്. ഇത്തരം വിഷയങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത കഥപറച്ചിലിലും വിശ്വസിക്കുന്നു. ഗാന്ധിക്കെതിരെ വെടിവെച്ച ആൾ എന്നല്ലാതെ ഗോഡ്‌സെയെ കുറിച്ച് ആളുകൾക്ക് അധികമൊന്നും അറിയില്ല. അദ്ദേഹത്തിന്‍റെ കഥ പറയുമ്പോൾ, ഞങ്ങൾ ആരെയും സംരക്ഷിക്കാനോ ആർക്കെതിരെയും സംസാരിക്കാനോ ആഗ്രഹിക്കുന്നില്ല. ആരാണ് ശരിയെന്നോ തെറ്റെന്നോ അത് പ്രേക്ഷകർക്ക് വിട്ടുകൊടുക്കും'-മഞ്ജരേക്കർ പ്രസ്താവനയിൽ പറഞ്ഞു.
ചിത്രത്തിലെ അഭിനേതാക്കളെ ഇനിയും നിശ്ചയിച്ചിട്ടില്ല. അടുത്ത വർഷം മധ്യത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. തിരക്കഥ രചന പുരോഗമിക്കുകയാണ്. ഗാന്ധിജിയുടെ 152ാം ജന്മവാർഷിക ദിനമായിരുന്ന ശനിയാഴ്ച 'ഗോഡ്‌സെ സിന്ദാബാദ്' എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു. നിരവധി പേർ ഗാന്ധിയെ അപമാനിക്കുന്നതും ഗോഡ്‌സെയെ പ്രശംസിക്കുന്നതുമായ കുറിപ്പുകളും ചിത്രങ്ങളും മൈക്രോബ്ലോഗിങ് സൈറ്റിൽ പങ്കുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.