‘സിനിമ വൻ നഷ്ടം, രൺവീർ സിങ്- ബേസിൽ 'ശക്തിമാൻ' ഉണ്ടാകില്ല?’, സത്യാവസ്ഥ വെളിപ്പെടുത്തി സോണി പിക്ചേഴ്സ്
text_fieldsരൺവീർ സിങ്- ബേസിൽ ജോസഫ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ശക്തിമാൻ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് സോണി പിക്ചേഴ്സ്. ചിത്രം നിർത്തിവെച്ചു എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണവുമായി സോണി പിക്ചേഴ്സിന്റെ ജനറൽ മാനേജറും മേധാവിയുമായ ലാഡ സിങ് രംഗത്തെത്തിയത്. ചിത്രത്തെപ്പറ്റി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ശക്തിമാൻ ഓൺ ആണെന്നും ലാഡ സിങ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
രൺവീർ സിങ്ങിന് ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ടുവെന്നും എന്നാൽ, സിനിമയുടെ ബജറ്റ് 550 കോടിക്ക് മുകളിലാണെന്നും ഇന്നത്തെ സാഹചര്യത്തിൽ വൻ നഷ്ടമാകുമെന്നുമുള്ള സോണിയുടെ വിലയിരുത്തലാണ് ശക്തിമാൻ നിർത്തിവെക്കാൻ കാരണമെന്നായിരുന്നു പ്രചരിച്ച റിപ്പോർട്ട്. ഇതിൽ പ്രതികരിച്ചുകൊണ്ടാണ് സിനിമയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ലാഡ സിങ് പറഞ്ഞത്.
ശക്തിമാൻ ടെലിവിഷൻ പരമ്പരയുടെ സൃഷ്ടാവും നടനുമായ മുകേഷ് ഖന്നയാണ് ശക്തിമാൻ സിനിമയാകുന്ന വിവരം പങ്കുവെച്ചത്. വൻ മുതൽമുടക്കിലെത്തുന്ന ചിത്രം കോവിഡിനെ തുടർന്നാണ് നീണ്ടുപോയതെന്നാണ് അന്ന് മുകേഷ് ഖന്ന പറഞ്ഞത്. ടൊവിനോ തോമസിന്റെ മിന്നൽ മുരളി ആഗോളതലത്തിൽ വലിയ ചർച്ചയായതോടെയാണ് ശക്തിമാൻ സംവിധാനം ചെയ്യുന്നത് ബേസില്‍ ജോസഫ് ആയിരിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. രവി വര്‍മനാണ് സിനിമയുടെ ഛായാഗ്രാഹകന്‍.
1997ലാണ് ശക്തിമാൻ ദൂരദർശനിൽ സംപ്രേഷണം ആരംഭിക്കുന്നത്. 2005 വരെ പരമ്പര സംപ്രേഷണം ചെയ്തിരുന്നു. 450 എപ്പിസോഡുകളായി പുറത്തിറങ്ങിയ ശക്തിമാന്‍ വന്‍ വിജയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.