മോഹൻലാലിന്റെ വാലിബൻ നിരാശപ്പെടുത്തിയോ? ആദ്യദിനം ചിത്രം നേടിയത്
text_fieldsഏറെ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് മോഹൻലാൽ- ലിജോ ടീമിന്റെ 'മല്ലൈക്കോട്ടൈ വാലിബൻ'. ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരമാണ് ലഭിക്കുന്നത്. 2024 ലെ മോഹൻലാലിന്റെ ആദ്യ റിലീസായ വാലിബൻ മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, എന്നീ ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപാണ് ഹിന്ദിയിൽ മോഹൻലാലിന് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത്.
തിയറ്ററിൽ പ്രദർശനം തുടരുന്ന വാലിബൻ 6.5 കോടിയാണ് ആദ്യ ദിനം നേടിയിരിക്കുന്നത്. സാക്‌നില്‍ക്ക് ഡോട്ട് കോം റിപ്പോർട്ട് പ്രകാരം, കേരളത്തിൽ നിന്ന് മാത്രം 5.8 കോടിയാണ് ചിത്രം സമാഹരിച്ചത്. കർണാടകയിൽ നിന്ന് 0.35 കോടി. തമിഴ് നാട് 0.14 കോടിയുമാണ് ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ. 9.5 കോടിയാണ് ആഗോളതലത്തിൽ ചിത്രം സ്വന്തമാക്കിയത്. അവധി ദിനങ്ങൾ ഗുണം ചെയ്യുമെന്നും വരും ദിവസങ്ങളിൽ ചിത്രത്തിന്റെ കളക്ഷൻ വർധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
പലദേശങ്ങളിൽ പോയി മല്ലന്മാരോട് യുദ്ധം ചെയ്ത് തറപറ്റിക്കുന്ന മലൈക്കോട്ടൈ വാലിബനായിട്ടാണ് ചിത്രത്തിൽ എത്തുന്നത്.
മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കൂട്ടുക്കെട്ട് ആദ്യമായി ഒന്നിച്ച ചിത്രം ആണ് മലൈക്കോട്ടൈ വാലിബന്‍. ആമേന്‍ എന്ന ചിത്രത്തിന് ശേഷം പി. എസ് റഫീഖ് തിരക്കഥയെഴുതുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം കൂടിയാണ് ഇത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി എന്നിവരാണ് മറ്റുതാരങ്ങൾ. ഇവരെ കൂടാതെ വിദേശ താരങ്ങളും വാലിബന്റെ ഭാഗമായിട്ടുണ്ട്.
രാജസ്ഥാന്‍, ചെന്നൈ എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രീകരണം. ഷിബു ബേബി ജോണും ലിജോയും മോഹന്‍ലാലും ചേര്‍ന്നാണ് മലൈകോട്ടൈ വാലിബന്‍ നിര്‍മിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കികൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.