'ചാരമാണെന്നു കരുതി ചികയാൻ നിൽക്കേണ്ട,പൊള്ളും'- സുരേഷ് ഗോപിക്ക് ഇന്ന് 'മാസ്' ജന്മദിനം -Video
text_fields
'ചാരമാണെന്നു കരുതി ചികയാൻ നിൽക്കേണ്ട, കനൽ കെട്ടിട്ടില്ലെങ്കിൽ പൊള്ളും'- 'മാസ്' ഡയലോഗുമായി പ്രേക്ഷകരിലേക്കെത്തി ഇന്ന് 61ാം പിറന്നാൾ ആഘോഷിക്കുകയാണ് മലയാളത്തിെൻറ ആക്ഷൻ ഹീറോ സുരേഷ് ഗോപി. അദ്ദേഹത്തിെൻറ ഏറ്റവും പുതിയ മാസ് ആക്‌ഷൻ സിനിമയായ 'കാവലി'ലെ ഡയലോഗ് ആണിത്. താരത്തിന് പിറന്നാൾ സമ്മാനമായി ഇന്ന് 'കാവൽ' ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ.
'കസബ'ക്ക് ശേഷം നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന സിനിമയാണ് 'കാവൽ'. ഗുഡ്‌വിൽ എൻറർടെയിൻമെൻറ്സിനു വേണ്ടി ജോബി ജോർജാണ് ചിത്രം നിർമിക്കുന്നത്. 'കടുവാക്കുന്നേൽ കുറുവച്ചൻ' എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുന്ന 250–ാം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറക്കാർ ഇന്നാണ് പുറത്തിറക്കിയിരുന്നു. ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് ആണ്.
'കടുവാക്കുന്നേൽ കുറുവച്ചൻ' ആയി സുരേഷ് ഗോപി
1965ൽ അഞ്ച് വയസുള്ളപ്പോൾ 'ഓടയിൽ നിന്ന്' എന്ന സിനിമയിലൂടെ ബാലതാരമായാണ് സുരേഷ് ഗോപി വെള്ളിത്തിരയിലേക്ക് പ്രവേശിക്കുന്നത്. 1980കളില്‍ സിനിമകളില്‍ സജീവമായി. 'രാജാവിന്‍റെ മകന്‍' എന്ന ചിത്രത്തിലെ വില്ലന്‍ വേഷം സുരേഷ് ഗോപിക്ക് ഏറെ കയ്യടി നേടിക്കൊടുത്തു. പിന്നീട് നിരവധി ചിത്രങ്ങളില്‍ വില്ലനായും ഉപനായകനായും വേഷമിട്ടെങ്കിലും 1992ല്‍ പുറത്തിറങ്ങിയ 'തലസ്ഥാന'മാണ് സുരേഷ് ഗോപിയെ ക്ഷോഭിക്കുന്ന നായകനാക്കിയത്. 1994-ൽ 'കമ്മീഷണർ' എന്ന സിനിമയിലൂടെ സൂപ്പർതാര പദിവിയിലേക്കുമെത്തി. പിന്നീടിറങ്ങിയ ലേലം, പത്രം എന്നീ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. 1997-ല്‍ പുറത്തു വന്ന 'കളിയാട്ടം' എന്ന സിനിമയ്ക്ക് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
പിന്നീട് ചില ചിത്രങ്ങൾ സാമ്പത്തികമായി വിജയിക്കാഞ്ഞതിനെ തുടർന്ന് അദ്ദേഹം സിനിമയില്‍ നിന്നു വിട്ടുനിന്നു. സുരേഷ് രണ്ടാം വരവ് നടത്തിയ ചിത്രമായിരുന്നു ഈയിടെ പുറത്തിറങ്ങിയ 'വരനെ ആവശ്യമുണ്ട്'. അത് മികച്ച സാമ്പത്തിക വിജയം നേടുകയും ചെയ്തു. രാജ്യസഭാഗം കൂടിയായ സുരേഷ് ഗോപി സേവനപ്രവര്‍ത്തനങ്ങളിലും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.