മലയാള സിനിമയുടെ മാനംകാത്തത് ഇവർ, കർഷകരോടൊപ്പം നിന്നവരെ നെഞ്ചേറ്റി ആരാധകർ
text_fieldsജീവന്മരണ പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന കർഷകരെ ഒരുവാക്കുകൊണ്ടെങ്കിലും പിന്തുണച്ചവരെ നെഞ്ചേറ്റി ആരാധകർ. സൂപ്പർ മെഗാ താരങ്ങളുൾപ്പടെ മൗനം പാലിച്ചപ്പോൾ ഈ നടന്മാരാണ് മലയാളത്തിന്‍റെ മാനം കാത്തെതന്ന് നെറ്റിസൺസ് ഒരേസ്വരത്തിൽ പറയുന്നു. മലയാളികളുടെ പ്രിയ നടൻ സലീം കുമാർ സംവിധായകരായ ജൂഡ് ആന്‍റണി ജോസഫ്, മിഥുൻ മാനുവൽ തോമസ്, നടന്മാരായ ബാബു ആന്‍റണി, ഹരീഷ് പേരടി, സംഗീത സംവിധായകൻ ഷാന്‍ റഹ്മാൻ തുടങ്ങിയവരാണ് ശക്തമായ നിലപാടുമായി രംഗത്ത് എത്തിയത്.
ഉറച്ച ഭാഷയിലായിരുന്നു സലീം കുമാർ കർഷകർക്കായി സംസാരിച്ചത്. 'പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വർഗ്ഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല. എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം'-എന്ന് നിസ്സംശയം സലീംകുമാർ പ്രഖ്യാപിച്ചു.
'അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തെൻറ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിെൻറ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവെൻറയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പറഞ്ഞില്ല.
ഞങ്ങളുടെ രാജ്യത്തിെൻറ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല. പകരം ലോകപ്രതിഷേധത്തെ അവർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കൻ പോലീസ് മേധാവി മുട്ടുകാലിൽ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മൾ കണ്ടു. അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്. പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വർഗ്ഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല. എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം' അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പൊതുമണ്ഡലത്തിലെ മിക്ക വിഷയങ്ങളിലും തേന്റതായ അഭിപ്രായം പങ്കുവയ്ക്കുന്ന നടൻ ഹരീഷ് പേരടി കർഷക പ്രശ്നത്തിൽ പ്രതികരിക്കാത്തരെ പരിഹസിച്ചുകൊണ്ടുകൂടിയാണ് ഫേസ്ബുക്ക് കുറിപ്പിട്ടത്. 'മലയാളത്തിലെ ജൈവ കൃഷിയെ പ്രോൽസാഹിപ്പിക്കുന്ന സെലിബ്രറ്റികളൊന്നും കർഷക സമരത്തെ കുറിച്ച് ക,മ..എന്നൊരു അക്ഷരം മിണ്ടുന്നില്ലല്ലോ..സമരം ചെയ്യുന്ന കർഷകർക്കെതിരെ നടക്കുന്ന രാസ(chemical) പ്രയോഗങ്ങളെ കുറിച്ചും ഈ പാവങ്ങൾ ഒന്നും അറിഞ്ഞില്ലേ...ജൈവ ചാണകം നിരന്തരമായി ഉപയോഗിച്ച് ഇവരുടെ ജീവിതത്തിലും ചാണകം മണക്കാൻ തുടങ്ങിയോ?..കുരു പൊട്ടിയൊലിക്കാൻ നിൽക്കുന്ന ചാണക പുഴുക്കളോട് ഒരു അഭ്യർത്ഥന..കർഷക സമരം ലോക രാഷ്ട്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു..ആഗോളവൽക്കരണം കച്ചവടം ചെയ്യാൻ മാത്രമല്ലെന്നും അത് സമരം ചെയ്യാനുള്ളതുകൂടിയാണെന്ന് ഓർമ്മപ്പെടുത്തുന്ന തിരിച്ചടികൾ' -ഹരീഷ് കുറിച്ചു.
'ഏതൊരു നാടിേന്റയും നിലനിൽപ്പിന്‍റെ അടിസ്ഥാനം യഥാർത്ഥ കർഷകരും അവരുടെ കൃഷിയുമാണ്' എന്നാണ് നടൻ ബാബു ആന്‍റണി കുറിച്ചത്. താപ്സി പന്നുവിന്‍റെ പോസ്റ്റ് ഷെയർ ചെയ്തായിരുന്നു മിഥുൻ മാനുവൽ തോമസ് കർഷകരോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
'കർഷക സമരത്തിനൊപ്പം, അന്നും ഇന്നും എന്നും'എന്നായിരുന്നു സംവിധായകൻ ജൂഡ് ആന്‍റണി ജോസഫ് സമൂഹമാധ്യമത്തിൽ കുറിച്ചത്. 'ഉണ്ട ചോറിന് നന്ദി' എന്ന കുറിപ്പിട്ടാണ് സംഗീതസംവിധായകൻ ഷാൻ റഹ്മാൻ കർഷകരോടുള്ള കൂറ് വെളിപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.