നിങ്ങൾ വിചാരിച്ച ആളല്ല മഞ്ഞുമ്മലിലെ ഡ്രൈവർ പ്രസാദ്; സംവിധായകനെ തിരിച്ചറിയാതെ പോയത് വിചിത്രം; വിമർശനം
text_fieldsപ്രഖ്യാപനം മുതലെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. വലിയ ഹൈപ്പില്ലാതെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ആദ്യ ദിനം അഞ്ച് കോടിയാണ് മഞ്ഞുമ്മൽ ബോയ്സ് ആഗോളതലത്തിൽ നേടിയിരിക്കുന്നത്. പ്രേമലു, ഭ്രമയുഗം എന്നീ ചിത്രങ്ങൾക്കൊപ്പം ഹൗസ് ഫുള്ളായി മഞ്ഞുമ്മലും തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
2006ൽ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് ഒരു സംഘം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് പോയ സംഭവമാണ് ചിത്രത്തിന്റെ കാതൽ. ചിദംബരം തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മഞ്ഞുമ്മൽ ബോയ്സിൽ സംവിധായകൻ ഖാലിദ് റഹ്മാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഡ്രൈവർ പ്രസാദ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മഞ്ഞുമ്മൽ ടീമിന്റെ സാരഥിയാണ് പ്രസാദ്. ചിത്രത്തിൽ ഗംഭീര പ്രകടനമാണ് ഖാലിദ് കാഴ്ചവെച്ചിരിക്കുന്നത്. ചിത്രം മികച്ച സ്വീകാര്യത നേടുമ്പോൾ ഖാലിദിന്റെ ഡ്രൈവർ വേഷം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. അതിന് കാരണം ചിത്രത്തിന്റെ റിലീസിന് പിന്നാലെ യുട്യൂബർമാർ നൽകിയ റിവ്യൂ ആണ്.
ഡ്രൈവറായി എത്തിയ പുള്ളി, ഡ്രൈവറായി എത്തിയ ചേട്ടൻ എന്നിങ്ങനെയാണ് ഖാലിദിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലൗ, തല്ലുമാല എന്നിങ്ങനെ സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ ഖാലീദ് റഹ്മാനെ തിരിച്ചറിയാതെ പോയത് പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുന്ന ഖാലിദ് റഹ്മാനെ ഡ്രൈവറായി വന്ന പുള്ളി, ഡ്രൈവറായി വന്ന ചേട്ടൻ എന്നാണ് ചില നിരൂപകർ വിശേഷിപ്പിച്ചത്. ഇത് വളരെ വിചിത്രമായിട്ടുണ്ടെന്നാണ് സോഷ്യൽമീഡിയ ഒന്നടങ്കം പറയുന്നത്. ഖാലിദ് ചിത്രങ്ങളെക്കുറിച്ച് പുകഴ്ത്തിയവർ തന്നെ അദ്ദേഹത്തെ തിരിച്ചറിയാതെ പോയത് ദൗർഭാഗ്യകരമാണെന്നും പ്രേക്ഷകർ പറയുന്നു.
അന്തരിച്ച പ്രശസ്ത ചലച്ചിത്ര- നാടക നടനായിരുന്ന വി.പി. ഖാലിദിന്‍റെ മകനാണ് ഖാലിദ് റഹ്‍മാന്‍. 2016ൽ പുറത്തിറങ്ങിയ അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെയാണ് ഖാലിദ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ബിജു മേനോൻ, ആസിഫ് അലി, രജിഷ വിജയൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം വൻ വിജയമായിരുന്നു. മമ്മൂട്ടി ചിത്രം ഉണ്ട, ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ എന്നിവർ ഒന്നിച്ച ലവ്, ടൊവിനോ തോമസ് ചിത്രം തല്ലുമാല എന്നിവയാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ. ഇതാദ്യമായിട്ടില്ല സംവിധായകൻ കാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. അനില്‍ രാധാകൃഷ്ണന്‍ മേനോന്‍റെ നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‍കരാ, പറവ, മായാനദി എന്നീ ചിത്രങ്ങളിലെ ചെറിയ വേഷങ്ങളിൽ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.