തിയറ്ററുകൾ 'പൊതപ്പിച്ച്' രോമാഞ്ചം; പുതിയ നേട്ടം സ്വന്തമാക്കി ചിത്രം
text_fieldsമോളിവുഡിൽ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ് രോമാഞ്ചം. ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തിയറ്ററുകളിൽ മുന്നേറുകയാണ്. ഇപ്പോഴിതാ 50 കോടി ക്ലബിൽ ഇടംപിടിച്ചിരിക്കുകയാണ് രോമാഞ്ചം. 23 ദിവസം കൊണ്ടാണ് ഈ സുവർണ്ണ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
1.75 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ചിത്രം ഇതിനോടകം കേരളത്തിൽ നിന്ന് നേടിയത് 30 കോടിയാണ്. 17 കോടി രൂപയാണ് വിദേശത്ത് നിന്ന് ലഭിച്ച കളക്ഷൻ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മൂന്ന് കോടി രൂപയും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. 144 സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം നിലവിൽ 197 സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. അതേസമയം പുതിയ ചിത്രങ്ങളുടെ റിലീസ് രോമാഞ്ചത്തെ ബാധിച്ചിട്ടില്ല.
നവാഗതനായ ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത ചിത്രം ഹൊറർ കോമഡി ത്രില്ലറാണ്. സുഷിൻ ശ്യാമാണ് സംഗീതം.
രോമാഞ്ചം തിയറ്ററുകളിൽ വലിയ ആഘോഷം സൃഷ്ടിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നിർമാതാവ് ജോൺപോൾ ജോർജ് പങ്കുവെച്ച കുറിപ്പാണ്. സിനിമയുടെ റിലീസിനോടനുബന്ധിച്ചായിരുന്നു കുറിപ്പ് പങ്കുവെച്ചത്.
'രോമാഞ്ചം വെള്ളിയാഴ്ച തിയറ്ററില്‍ വരുകയാണ്, കച്ചവടത്തിന്റെ കണക്ക് പുസ്തകമെല്ലാം തകരുകയും തകര്‍ക്കപ്പെടുകയും ചെയ്തപ്പോള്‍ ജീവിതവും കരിയറുമെല്ലാം പണയത്തിലായി. ഇനി നിങ്ങള്‍ പ്രേക്ഷകരില്‍ മാത്രമാണ് ഏക പ്രതീക്ഷ. നിങ്ങള്‍ക്ക് മുന്നില്‍ വന്ന് കൈകൂപ്പി കരഞ്ഞു ടിക്കറ്റെടുക്കണമെന്ന് അപേക്ഷിക്കണമെന്നുണ്ട്, എന്റെ ആത്മാഭിമാനം അതിനനുവദിക്കുന്നില്ല, നിങ്ങള്‍ക്കും അതിഷ്ടമാവില്ല.....അതുകൊണ്ട് ചോദിക്കുവാ, അന്ന് ഗപ്പി തിയറ്ററില്‍ കാണാന്‍ പറ്റാതിരുന്നപ്പോള്‍ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ..... അത് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാന്‍ ഉപയോഗിച്ചാല്‍ എനിക്ക് ഇനിയും മുന്നോട്ട് പോകാനാകും.ഒരു റീ-റിലീസിങ്ങിനും കൂടിയുള്ള ത്രാണി എനിക്കില്ല'. ജോൺ പോളിന്റെ ഈ വാക്കുകൾ സിനിമാപ്രേമികൾ ഒന്നടങ്കം ഏറ്റെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.