എന്തിന് ഇത്ര ഹൈപ്പ്‍? തമിഴ്നാട്ടിലെ ആഘോഷം മനസിലാകുന്നില്ല; മഞ്ഞുമ്മൽ ബോയ്സിനെ വിമർശിച്ച് മലയാളി താരം - വിഡിയോ
text_fieldsകേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന മഞ്ഞുമ്മൽ ബോയ്സിനെ വിമർശിച്ച് മലയാളി താരം മേഘന. നടിയുടെ തമിഴ് ചിത്രമായ ‘അരിമാപ്പട്ടി ശക്തിവേലി'ന്റെ പ്രദർശനത്തിന് ശേഷം മാധ്യമങ്ങളെ കാണവെയാണ് വിമർശനം ഉന്നയിച്ചത്. താനൊരു മലയാളിയാണെന്ന് പറഞ്ഞു തുടങ്ങിയ നടി, കേരളത്തിൽ മഞ്ഞുമ്മൽ ബോയ്സിന് ഇത്രയും സ്വീകാര്യത ലഭിക്കുന്നില്ലെന്നും തമിഴ്നാട്ടിൽ എന്തുകൊണ്ടാണ് ചിത്രം ഇത്രയധികം ആഘോഷിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും നടി പറഞ്ഞു. മഞ്ഞുമ്മൽ ബോയ്സ് താൻ കണ്ടെന്നും പുറത്തെ പ്രതികരണം പോലെ തൃപ്തികരമല്ലെന്നും താരം വ്യക്തമാക്കി.
' ഞാൻ ഒരു മലയാളിയാണ്. കേരളത്തിൽ മഞ്ഞുമ്മൽ ബോയ്സിന് ഇത്രത്തോളം പ്രതികരണം ഒന്നുമില്ല. എന്നാൽ തമിഴ്നാട്ടിൽ നിന്ന് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ല. ചിത്രത്തിലൂടെ വ്യത്യസ്തമായി എന്തെങ്കിലും കൊടുത്തോ എന്നും അറിയില്ല. എന്നാൽ ഞാൻ ചിത്രം കണ്ടതാണ്. ഈ പറയുന്ന രീതിയിൽ തൃപ്തികരമായി തോന്നിയില്ല. അങ്ങനെ ഒന്നും കിട്ടിയുമില്ല.ചെറിയ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് നല്ലതാണ്. എന്നാൽ ഒരാളൊരു ഹെപ്പ് കൊടുത്താൽ വരുന്നവരെല്ലാം സിനിമയെ വെറുതെ പ്രശംസിക്കുകയാണ്. ഇത്രത്തോളം ഹൈപ്പ് കൊടുക്കാൻ അതിൽ എന്താണ് ഉള്ളതെന്നും മനസിലാകുന്നില്ല.
തമിഴ്നാട്ടിൽ മലയാള സിനിമകൾ ആഘോഷമാക്കുന്നതുപോലെ കേരളത്തിൽ തമിഴ് പടങ്ങൾ ആഘോഷിക്കാറില്ല. കേരളത്തിൽ ആകെ ഹിറ്റാകുന്നത് വിജയ് ചിത്രങ്ങൾ മാത്രമാണ്. ചെറിയ സിനിമകൾ വരുന്നതും പോകുന്നതും അവിടെ ആരും അറിയുന്നില്ല. അവർ തമിഴ് സിനിമകളെ അധികം പ്രോത്സാഹിപ്പിക്കുന്നില്ല. പിന്നെ എന്തിനാണ് ഇവിടെ ഇവർ മലയാള സിനിമകളെ ഇത്ര പ്രോത്സാഹിപ്പിക്കുന്നതെന്ന് എനിക്ക് അറിയില്ല'-മേഘന വ്യക്തമാക്കി.
അരിമാപ്പട്ടി ശക്തിവേലിന്റെ സംവിധായകനും നടിക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ മേഘനയുടെ പ്രതികരണത്തിന് പിന്നാലെ മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് സംവിധായകൻ എത്തി. മഞ്ഞുമ്മൽ ബോയ്സിൽ ഇമോഷൻസ് കണക്ട് ആകുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
നടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. രൂക്ഷ വിമർശനമാണ് ഉയരുന്നത്. 2017 റിലീസ് ചെയ്ത ഉരുതിക്കോൽ എന്ന ചിത്രത്തിലൂടെയാണ് മേഘന വെള്ളിത്തിരയിൽ എത്തുന്നത്. ബൈരി, ഐപിസി 376 എന്നിവയാണ് നടി പ്രധാനവേഷത്തിലെത്തിയ ചിത്രങ്ങൾ.
25 കോടിയുമായിമഞ്ഞുമ്മൽ ബോയ്സ് തിമിഴ്നാട്ടിൽ പ്രദർശനം തുടരുകയാണ്. 84 കോടിയാണ് ആഗോള കളക്ഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.