ഓസ്കറിലെ മലയാളി സ്പർശം
text_fieldsകോഴിക്കോട്: ലോസ് ആഞ്ജലസിലെ ഡോൾബി തിയറ്ററിൽ ഇന്ത്യയുടെ അഭിമാനമുയർത്തി ഓസ്കർ പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ അതിലൊരിടത്ത് മലയാളത്തിന്റെ സ്പർശവുമുണ്ട്. ഏറ്റവും മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ‘ദ് എലിഫന്റ് വിസ്പറേർസി’ന് പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാൾ കോഴിക്കോട്ടുകാരി അശ്വതി നടുത്തൊടിയാണ്.
ഗുനീത് മോങ്ക നിർമിച്ച് കാർത്തികി ഗോൾസാൽവേസ് സംവിധാനം ചെയ്ത ‘ദ എലിഫന്റ് വിസ്പറേർസ്’ തമിഴ്നാട്ടിലെ മുതുമല വന്യജീവി സങ്കേതത്തിൽ രഘു എന്ന ആനയെ വളർത്തുന്ന ആദിവാസി ദമ്പതികളായ ബൊമ്മന്റെയും ബെല്ലിയുടെയും ജീവിതമാണ് പറയുന്നത്. മനുഷ്യരും പ്രകൃതിയും തമ്മിലെ ബന്ധത്തിന്റെ നേർക്കഥ പറയുന്ന ഈ ഡോക്യുമെന്ററിയുടെ പോസ്റ്റ് പ്രൊഡ്യുസറും സൂപ്പർവൈസിങ് പ്രൊഡ്യൂസറുമായി പ്രവർത്തിച്ചത് കോഴിക്കോട് കോട്ടൂളിയിലെ നടുത്തൊടി വീട്ടിലെ അശ്വതിയാണ്. സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷൻ കൺസൾട്ടൻസിയായി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘വിയു ടാക്കീസി’ന്റെ സ്ഥാപകയാണ് അശ്വതി.
കോഴിക്കോട് നഗരത്തിലെ പ്രശസ്തമായ എൻ. വാസുദേവൻ ചിപ്സ് ആൻഡ് ഹൽവ എന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്ന പരേതനായ വാസുദേവന്റെയും ഉദയശ്രീ വാസുദേവന്റെയും മകളായ അശ്വതിക്ക് ചെറുപ്പം മുതലേ സിനിമയായിരുന്നു മനസ്സിൽ.
കോയമ്പത്തൂരിലെ പി.എസ്.ജി കോളജിൽനിന്ന് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയ ശേഷം മലയാളിയായ ഹിന്ദി സംവിധായകൻ ബിജോയ് നമ്പ്യാരുടെ അസിസ്റ്റന്റായി പ്രവർത്തിച്ച അശ്വതി സൂരറൈപോട്ര്, മിന്നൽ മുരളി, ഉയരെ, ഭ്രമം തുടങ്ങി നിരവധി സിനിമകളുടെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. അമ്മ ഉദയശ്രീയാണ് ഇപ്പോൾ അച്ഛന്റെ ബിസിനസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.