Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഹൃദയം തൊട്ട് റസൂൽ...

ഹൃദയം തൊട്ട് റസൂൽ പൂക്കുട്ടി; ഓസ്കർ ജേതാവിനെ കണ്ടുമുട്ടിയ ഓർമയിൽ എഴുത്തുകാരി

text_fields
bookmark_border
ഹൃദയം തൊട്ട് റസൂൽ പൂക്കുട്ടി; ഓസ്കർ ജേതാവിനെ കണ്ടുമുട്ടിയ ഓർമയിൽ എഴുത്തുകാരി
cancel

ഓസ്കർ അവാർഡ് ജേതാവും മലയാളിയുമായ റസൂൽ പൂക്കുട്ടിയെ കണ്ടുമുട്ടിയ ഓർമ പങ്കുവെക്കുകയാണ് എഴുത്തുകാരി ജസീന റഹിം. ലോസ് ആഞ്ചൽസിലെ പ്രശസ്തമായ കൊഡാക് തിയറ്ററിലെ പ്രൗഢഗംഭീരമായ വേദിയിൽ നിന്ന് പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് റസൂൽ പൂക്കുട്ടി എന്ന മഹാപ്രതിഭ ഓസ്കർ അവാർഡ് ഏറ്റുവാങ്ങുമ്പോൾ മലയാളത്തിനത് ഉത്സവമായിരുന്നു. ആദ്യമായൊരു മലയാളി ലോകത്തി​ന്റെ നെറുകയിൽ ഇന്ത്യയെ തന്നെ അടയാളപ്പെടുത്തിയ നിമിഷങ്ങൾ കോടിക്കണക്കിന് ഭാരതീയരുടെ ഹൃദയതാളമായി .


ജസീന റഹീമും ഭർത്താവ് അബ്ദുൽ റഹീമും റസൂൽ പൂക്കുട്ടിക്കൊപ്പം

അവാർഡ് വേദിയിൽ നിന്നുയർന്ന റസൂൽജിയുടെ വിറയാർന്ന വാക്കുകൾക്ക് ലോകം ഒന്നടങ്കം കാതോർക്കുമ്പോൾ വാനോളം ഉയർന്ന ഭാരതത്തി​ന്റെ യശസ്സിൽ ദേശീയ പതാക മനസ്സിൽ പാറിച്ച് അവാർഡ്‌ പ്രഭയിൽ മുങ്ങിയ നിമിഷങ്ങളെ സകല ഭക്തിയോടും കൂടി ഞാനും വരവേറ്റു. എന്റെ തന്നെ നാട്ടുകാരനെന്ന് ഒരർത്ഥത്തിൽ പറയാൻ കഴിയുന്ന വെളുത്ത് മെലിഞ്ഞ തീർത്തും ഗ്രാമീണാന്തരീക്ഷത്തിന്റെ സർവ്വ നൻമയോടെയും വളർന്നുവന്ന യുവാവ് ഉഷസ്സ് പോലെ ഉദിച്ചുയർന്ന ആ നാളുകൾക്ക് ശേഷം, അഭിമാനത്തോടെ പലപ്പോഴും പലരോടും ഞാൻ പറഞ്ഞുനടന്നു 'റസൂൽ പൂക്കുട്ടി പഠിച്ച കോളജിലാ ഞാനും പഠിച്ചതെന്ന്'.

എന്റെ പ്രീഡിഗ്രി കാലത്തിന് തൊട്ട് മുമ്പ് എം.എസ്.എം കോളജിൽ നിന്ന് ബിരുദം പൂർത്തിയാക്കി അദ്ദേഹം കലാലയത്തിന്റെ പടവുകളിറങ്ങിയിരുന്നു. സെക്കൻഡ് ഗ്രൂപ്പ് ബിത്രീ ബാച്ചിലെ ഞാൻ അടങ്ങുന്ന നാലംഗ സംഘത്തിന്റെ ഇടത്താവളമായിരുന്നു കാമ്പസിനോട് ചേർന്നുള്ള മാളിയേക്കൽ വീടും പരിസര പ്രദേശങ്ങളും. റസൂൽജി വളരെ കുറച്ച് കാലം അധ്യാപകനായിരുന്ന ഇംപീരിയൽ പാരലൽ കോളജ് സ്ഥിതി ചെയ്തിരുന്നതും ഇതേ പ്രദേശത്താണ്. അന്ന് അറിഞ്ഞിരുന്നില്ലല്ലോ ശബ്ദതരംഗങ്ങളിൽ നിന്ന് ഉയിർ കൊണ്ട സർഗ്ഗശക്തിയുടെ പ്രഭവസ്ഥാനമായും ഈ പ്രദേശങ്ങളെയൊക്കെ വരും നാളുകൾ ഓർത്തെടുക്കുമെന്ന്.



ഫിസിക്സ് എന്നും എനിക്ക് ദുരൂഹതകൾ നിറഞ്ഞ ഒരു വിഷയമായിട്ടാണ് തോന്നിയിരുന്നത്. ലാബിലെ എക്സ്പിരിമെന്റുകൾ നൽകുന്ന അനിശ്ചിതത്വങ്ങളോട് ഒരിക്കലും പൊരുത്തപ്പെടാൻ കഴിയാത്ത അവസ്ഥ. ഫിസികിസ് സ്വാധീനമാവാം ഒരു ശബ്ദാന്വേഷിയിലേക്ക് റസൂൽജിയെ ഒരു പക്ഷേ കൊണ്ടെത്തിച്ചതെന്ന സ്വയം നിഗമനത്തിൽ സർഗ്ഗ പ്രതിഭയുടെ വിരലടയാളങ്ങൾ പതിഞ്ഞ ഫിസിക്സ് ലാബിലെ പ്രാക്ടിക്കൽ ഇൻസ്ട്രമെന്റ്സിനെ കുറിച്ചോർത്ത് ആദ്യമായി ഞാൻ അഭിമാനം പൂണ്ടു.

കാഴ്ചകളെ ശ്രവണ പുടങ്ങളാൽ ഒപ്പിയെടുത്ത മഹാ മനുഷ്യൻ കൂടുതൽ സമയം ചിലവഴിച്ച ഒരിടത്തേക്ക് അദ്ദേഹത്തി​​ന്റെ വിരൽപാടുകളെ തൊട്ട് പിൻതലമുറക്കാരിയായി കടന്നുചെല്ലാൻ കഴിഞ്ഞതോർത്ത് സന്തോഷത്താൽ മനസ്സ് ദുർബലപ്പെട്ടു. ഒരിക്കൽ പോലും കോളജ് കാലത്തെ ഓർമ്മയിലൊരിടത്തും റസൂൽജിയില്ല. ആയിരക്കണക്കിന് വരുന്ന വിദ്യാർത്ഥികളിലൊരാളായി എപ്പോഴെങ്കിലുമൊക്കെ ഒരു പക്ഷേ കൺമുന്നിലൂടെ അദ്ദേഹം കടന്നുപോയിരിക്കാം. അക്ഷരങ്ങളുടെ തെളിച്ചത്തിൽ, ഹൃദയം ഈറനാക്കുന്ന ഒരനുഭവം കൊണ്ടാണ് റസൂൽജിയെ ആദ്യമായി കണ്ടുമുട്ടാൻ പോകുന്നതെന്ന് അന്ന് ഞാൻ അറിഞ്ഞിരുന്നതേയില്ലല്ലോ.

കായംകുളം എം.എസ്.എം കോളജ് ഓസ്കറിന്റെ ആഢ്യത്വത്തിലുറഞ്ഞ് റസൂൽജിക്ക് വരവേൽപ്പ് നൽകാൻ ഒരുങ്ങിയ വേളയിൽ മഹാപ്രതിഭയെ ആദ്യമായി നേരിട്ട് കാണാൻ ഒരവസരം വന്ന് ചേരുന്നതോർത്ത് ഞാൻ വളരെയധികം സന്തോഷിച്ചെങ്കിലും കോളജിലെ പൂർവ്വവിദ്യാർത്ഥികളടക്കമുള്ളവർ എത്തിച്ചേർന്ന ചടങ്ങുകളിലേക്ക് ഞാൻ എത്തുമ്പോഴേക്ക് റസൂൽജി പങ്കെടുത്ത് മടങ്ങിയിരുന്നു. അതിന്റെ നിരാശ മറികടക്കാൻ കുറച്ച് ദിവസങ്ങൾ വേണ്ടി വന്നെങ്കിലും റസൂൽജിയെ ഉറപ്പായും എന്നെങ്കിലും കാണാൻ കഴിയുമെന്ന പ്രത്യാശയുണ്ടായിരുന്നു.

എന്നാൽ പിന്നീടൊരിക്കൽ പോലും നാട്ടിലെ പൊതുപരിപാടിയിൽ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായില്ല. വിനീതനായി ആ മനുഷ്യൻ പിന്നീടും ഉന്നതിയുടെ പടവുകളിലെത്തപ്പെടുന്നത് ആദരവോടെയും അഭിമാനത്തോടെയും കണ്ടുനിന്നു. നാഷനൽ ഫിലിം അവാർഡ് ,പത്മശ്രീ ഉൾപ്പടെയുള്ള അംഗീകാരങ്ങൾ, ഇന്റർനാഷനൽ തലത്തിൽ ഇന്നോളം ഒരു ഏഷ്യക്കാരനും കടന്നുചെല്ലാൻ കഴിയാത്ത സംഘടനകളിലെ അംഗത്വം, അങ്ങനെ അഞ്ചലിലെ വിളക്ക് പാറ എന്ന ഗ്രാമത്തിൽ തീർത്തും സാധരണക്കാരനായി ജനിച്ച് വളർന്ന യുവാവ് ഇഛാശക്തിയോടെ നേടിയെടുത്ത വിജയങ്ങളൊക്കെയും സ്വന്തം നാടിനോടുള്ള കൂറും കൃപയും കലർത്തി അനശ്വരമാക്കി കൊണ്ടേയിരുന്നു. അതുകൊണ്ടാവാം വീട്ടിലെ ഒരാൾക്ക് ലഭിക്കുന്ന അംഗീകാരങ്ങൾ എന്നത് പോലെ അതൊക്കെ എന്റേയും ഹൃദയത്തെ സ്പർശിച്ചത്. ഒരിക്കൽ പോലും നേടിയെടുത്ത അംഗീകാരങ്ങളിൽ അദ്ദേഹം അഭിരമിച്ചിട്ടില്ല.

പുതുതലമുറയിലെ എ​ന്റെ മക്കളോട് പലപ്പോഴും ഞാൻ അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. മുംബൈയിൽ അദ്ദേഹത്തിന്റെ വസതിയിലെ ചുവരലമാരയിൽ ഓസ്കർ അവാർഡ് തിരഞ്ഞാൽ കാണാൻ കഴിയുന്നത് തുരുമ്പെടുത്തൊരു ത്രാസാണ്. അതിനോളം ജീവിതത്തെ തന്നെ തുലനം ചെയ്ത് പ്രദർശിപ്പിക്കാൻ കഴിയുന്ന മനസ്സിന്റെ നൻമ മുംബൈയിൽ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ അവസരം ലഭിച്ചവരുടെ വാക്കുകളിലൂടെ ഞാൻ കേട്ടറിഞ്ഞിട്ടുണ്ട്. ഉമ്മ വാത്സല്യത്തെ വിട്ട് പോകാത്ത കരുതലോടെ നെഞ്ചോട് ചേർക്കുന്ന മകന് ലഭിച്ച ഓസ്കറാകട്ടെ ഏതോ ബാങ്കിന്റെ ലോക്കറിലും.

ഉടൻ പ്രകാശിതമാകുന്ന 'കോവിഡ് എന്റെ ഗന്ധർവ്വൻ' എന്ന പുസ്തക പ്രകാശന ചടങ്ങിനോടനുബന്ധിച്ച് റസൂൽജിയുടെ സാന്നിധ്യം ആഗ്രഹിക്കുന്നുവെന്ന് ആദ്യമായി സുഹൃത്തിനോട് പറഞ്ഞപ്പോൾ മറുപടി ഇങ്ങനെയായിരുന്നു. ''പുസ്തക പ്രകാശനത്തിന് വേണ്ടി തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് ഒഴുകി നടക്കുന്ന അദ്ദേഹത്തെ പോലുള്ള ഒരാളിനെ ആഗ്രഹിക്കുന്നത് തന്നെ ഔചിത്യബോധത്തിന് നിരക്കാത്തതാണ്''. എന്നിട്ടും എന്റെ നാട്ടുകാരനെന്ന ഹൃദയവികാരവും കരുനാഗപ്പള്ളിയിൽ ഒരു പൊതുപരിപാടിയിൽ അദ്ദേഹത്തെ ലഭിക്കണമെന്ന തീവ്രമായ ആഗ്രഹവും മനസ്സിലൊതുക്കാൻ കഴിയാത്തൊരു നേരത്ത് മെസേജ് അയക്കുമ്പോൾ പല തരത്തിലുള്ള ആശങ്കകളുണ്ടായിരുന്നു.



ലോഗോസ് ബുക്സ് അയച്ചുനൽകിയ പുസ്തകത്തിന്റെ കവർ ചിത്രവും കുറിപ്പുകളെഴുതാൻ പ്രേരിതമായ ആമുഖവും മാത്രമായി പരിചയപ്പെടുത്തുമ്പോൾ, അദ്ദേഹം സംവിധാനം ചെയ്യുന്ന 'ഒറ്റ' എന്ന സിനിമയുടെ തിരക്കുകളിൽ കൂടി അകപ്പെട്ടിരിക്കുന്ന മനുഷ്യനിൽ നിന്ന് വളരെപ്പെട്ടെന്ന് ഒരു മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതേയില്ല. എന്നാൽ, എന്നെ ആശ്ചര്യപ്പെടുത്തി കൊണ്ട് ഉടൻ തന്നെ കാണാം എന്ന മറുപടിയെത്തിയെന്ന് മാത്രമല്ല, ആമുഖം വായിച്ച് വീണ്ടും എഴുതാൻ പ്രചോദിതമായ വാക്കുകൾ നൽകി പ്രശംസിക്കുക കൂടി ചെയ്തു. റസൂൽജി അറിയിച്ചതിനനുസരിച്ച് കായംകുളത്ത് പെങ്ങളുടെ മകളുടെ വിവാഹം നടക്കുന്ന ജി.ഡി.എം ഹാളിലേക്ക് കടന്നുചെല്ലുമ്പോൾ റസൂൽജിക്ക് ചുറ്റും സെൽഫിയും സ്നേഹവും കൊണ്ട് പൊതിഞ്ഞ് ആളുകൾ.

തിരക്കൽപം കുറഞ്ഞ നേരം നേരിയ അപകർഷതാബോധത്തോടെ പരിചയപ്പെടുത്തുമ്പോൾ നിറഞ്ഞ ചിരിയോടെ സ്വീകരിക്കുകയും കല്യാണ ബഹളങ്ങൾക്കിടയിലും പ്രത്യേക ശ്രദ്ധ ചെലുത്തി അദ്ദേഹത്തിനോടും കുടുംബത്തോടുമൊപ്പം ഭക്ഷണം കഴിക്കുന്ന നേരത്ത് എന്നെ വിളിച്ച് ഒപ്പമിരുത്തുകയും ചെയ്തു. പിന്നെയും കാത്തിരുന്നത് നിമിത്തങ്ങൾ.

എന്റെ വിധവയായ ഉമ്മിച്ചായേയും ബാല്യത്തിലേക്ക് പോലും കാലൂന്നിയിട്ടില്ലാത്ത എന്നെയും അനുജനെയും സർവ്വ കരുണയോടെയും ചേർത്ത് പിടിച്ച പി.ടി റംല എന്ന ഉദാരമനസ്കയായ സ്ത്രീ റസൂൽജിയുടെ അപ്പച്ചിയാണെന്ന് അപ്പോൾ മാത്രമാണ് ഞാൻ അറിയുന്നത്. അപ്പച്ചിയുടെ സ്നേഹവും അനുഗ്രഹവും വേണ്ടുവോളം എനിക്കും പുറത്തിറങ്ങാനുള്ള പുസ്തകത്തിനും ലഭിച്ചു. മാനേജരെ വിളിച്ച് പുസ്തക പ്രകാശനത്തിനായി തീയതി ക്രമീകരിക്കാൻ പറയുന്നത് അവിശ്വസനീയതയോടെ കേട്ടുനിൽക്കുമ്പോൾ ഒരു മരം എന്റെ സ്വപ്നത്തിലേക്ക് പൂക്കൾ കൊഴിച്ചിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rasool pookutty
News Summary - malayali writer about rasool pookutty
Next Story