മമ്മൂട്ടി @70: മടിയില്ലാത്ത മനസ്
text_fieldsപിറന്നാൾ ദിനത്തിൽ മാത്രമല്ല, എന്നും സൂക്ഷിക്കാൻ ഒരുപാട് മമ്മൂട്ടിയോർമകൾ ഒപ്പമുണ്ട്. ആദ്യമൊരു അപകടകഥ പറയാം, ഇതിൽ പക്ഷേ, മമ്മൂട്ടി രംഗത്തില്ല.
1986ലെ വിഷുക്കാലത്ത് ഞാനെഴുതിയ മൂന്ന് മമ്മൂട്ടി ചിത്രങ്ങൾ ഒരുമിച്ച് റിലീസ് ചെയ്തിരുന്നു. ജോഷിയുടെ 'ക്ഷമിച്ചു എന്നൊരു വാക്ക്', പി.ജി. വിശ്വംഭരെൻറ 'പ്രത്യേകം ശ്രദ്ധിക്കുക', കെ. മധുവിെൻറ ആദ്യചിത്രമായ 'മലരും കിളിയും'. എറണാകുളത്ത് സരിത, മേനക, മൈമൂൺ എന്നീ തിയറ്ററുകളിലായിരുന്നു സിനിമകൾ.
മൂന്നു ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്യുക എന്നത് ഒരു തിരക്കഥാകാരന് കിട്ടുന്ന അപൂർവഭാഗ്യം. ആ നിർവൃതിയിൽ ഏത് സിനിമ ആദ്യം കാണണമെന്ന കൺഫ്യൂഷനിലായിരുന്നു ഞാനും കുടുംബവും. സിനിമ റിലീസ് ദിവസം പ്രേക്ഷകർക്കൊപ്പമിരുന്ന് കാണണമെന്ന് നിർബന്ധമുള്ള ആളാണ് ഞാൻ. ഞങ്ങൾ നറുക്കിടാൻ തീരുമാനിച്ചു. നറുക്ക് വീണത് 'പ്രത്യേകം ശ്രദ്ധിക്കുക'ക്ക്. ഞാനും ഭാര്യയും മൂന്ന് വയസ്സുള്ള മകൻ ഡിനുവും അഞ്ചു വയസ്സുകാരിയായ സഹോദരിപുത്രി രമ്യയുംകൂടി മാറ്റിനി കാണാൻ ഓട്ടോ വിളിച്ച് മേനക തിയറ്ററിലെത്തി. മമ്മൂട്ടി അന്നുവരെ ചെയ്യാത്ത രസകരമായ ഹ്യൂമർ ടച്ചുള്ള കഥാപാത്രമായിരുന്നതുകൊണ്ട് ആദ്യാവസാനം തിയറ്ററിൽ വലിയ ചിരിയും കൈയടിയും വിസിലടിയുമായിരുന്നു. പടം ജനത്തിനിഷ്ടപ്പെട്ടിട്ടുണ്ടെന്ന് തോന്നി. സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ തിയറ്റർ മാനേജർ മേനോൻ ഓൾ കേരള നല്ല അഭിപ്രായമാണെന്നുകൂടി പറഞ്ഞപ്പോൾ പടം ഹിറ്റാകുമെന്ന് ഉറപ്പായി. ഇനി മറ്റു രണ്ട് പടങ്ങൾകൂടി ഒന്നോടിയാൽ മതി. ഒരു ഓട്ടോ വിളിച്ച് ഞങ്ങൾ വീട്ടിലേക്ക് പുറപ്പെട്ടു.
വരുംവഴി ബാനർജി റോഡിൽ സരിത തിയറ്റർ എത്തുംമുേമ്പ ഞങ്ങൾ സഞ്ചരിച്ച ഓട്ടോ പെട്ടെന്ന് തലകീഴായിമറിഞ്ഞു. ഞാൻ വല്ലാതെ ഭയന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ മേലേക്ക് നോക്കിയപ്പോൾ ഓട്ടോയുടെ മേൽക്കൂരയിലാണ് ഞങ്ങൾ വീണുകിടക്കുന്നത്. കുട്ടികൾ പേടിച്ച് കരയുന്നുണ്ട്. പെട്ടെന്നുതന്നെ ആളുകൾ ഓടിക്കൂടി ഞങ്ങളെ പൊക്കി പുറത്തെടുത്തു. ഭാഗ്യത്തിന് കുട്ടികൾക്ക് ഒരു പോറൽപോലുമേറ്റില്ല. എനിക്കും ഭാര്യക്കും നിസ്സാര പരിക്കുകൾ.
അപകടവിവരം അമ്മയെയും സഹോദരിമാരെയും ആരോ വിളിച്ച് അറിയിച്ചിരുന്നു. വീട്ടിൽ എത്തുേമ്പാൾ അവർ വല്ലാതെ പേടിച്ചിരുന്നു. അപ്പോൾ ഒരു ഫോൺ വന്നു. എറണാകുളം ഡിവൈ.എസ്.പി ഹമീദ്. അദ്ദേഹത്തിന് എന്നെ നേരത്തേ്നെ അറിയാം.
''എടോ ഡെന്നീസേ... താൻ ഇപ്പോൾ തന്നെ കലൂർ സെൻറ് ആൻറണീസ് ചർച്ചിൽ പോയി നന്നായി പ്രാർഥിച്ചിട്ടു വാ... ഇത്രയും തിരക്കുള്ള നടുറോഡിൽ ഓട്ടോ മറിഞ്ഞിട്ട് ഒന്നും സംഭവിക്കാതെ രക്ഷപ്പെട്ടില്ലേ. ഇങ്ങനെ ഓട്ടോയിൽ നടക്കാതെ ഒരു കാർ വാങ്ങിക്കൂടേ?''
അപകടത്തെക്കുറിച്ചറിഞ്ഞ ബന്ധുക്കളും അഭ്യുദയകാംക്ഷികളും പറഞ്ഞതിങ്ങനെയാണ്.''ഇത്രയും നാൾ ഓട്ടോയിൽ നടന്നിട്ട് ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ലല്ലോ. ഡെന്നീസിെൻറയും മമ്മൂട്ടിയുടെയും മൂന്ന് സിനിമകൾ ഒന്നിച്ച് ഇറങ്ങിയപ്പോൾ ശരിക്കും കണ്ണ് കിട്ടിയതായിരിക്കും. സൂക്ഷിക്കണം, മമ്മൂട്ടിയോടും സൂക്ഷിക്കാൻ പറയണം, ഉടനെതന്നെ എന്തെങ്കിലും വഴിപാട് നടത്തിക്കോ'' എന്നായിരുന്നു. അന്ധവിശ്വാസങ്ങളിലും വഴിപാടുകളിലൊന്നും വിശ്വാസമില്ലാത്തയാളാണ് ഞാൻ. ശാസ്ത്രം വളർന്നാലും നമ്മുടെ ആളുകൾക്ക് മാറ്റമില്ലല്ലോ എന്നാണ് അതുകേട്ടപ്പോൾ തോന്നിയത്.
കഥാപാത്രത്തിെൻറ പൂർണതക്കായി എന്തു ത്യാഗത്തിനും മടിയില്ലാത്തയാളാണ് മമ്മൂട്ടി, ഒപ്പം താൻ ചെയ്തത് ശരിയല്ലെന്ന് തോന്നിയാൽ സോറി പറയാനുമില്ല മടി. എെൻറ വിവാഹം കഴിഞ്ഞ് നടന്ന ആദ്യ സിനിമ ഷൂട്ടിങ്ങിനിടെ ഒരു സംഭവമുണ്ടായി. സിനിമയുടെ പേര് 'ആ രാത്രി'. തിരുവനന്തപുരമാണ് ലൊക്കേഷൻ. നാലാം ദിവസം മമ്മൂട്ടി എത്തി. പൂർണിമ ജയറാം, രോഹിണി, ബേബി അഞ്ജു, രതീഷ്, ലാലു അലക്സ്, കൊച്ചിൻ ഹനീഫ, സോമൻ, പ്രതാപ ചന്ദ്രൻ, സുകുമാരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. രാപ്പകലില്ലാതെ ഓടിനടന്ന് ഒട്ടേറെ സിനിമകളിൽ മമ്മൂട്ടി അഭിനയിക്കുന്ന സമയം. അന്ന് വളരെ ക്ഷീണിതനായിരുന്നു. ഉറക്കക്ഷീണംകൊണ്ട് മേക്കപ്പിനിടയിൽ മമ്മൂട്ടിയുടെ കണ്ണുകൾ അറിയാതെ അടഞ്ഞുപോകും. പൂർണിമ ജയറാമുമായുള്ള ഒരു കോമ്പിനേഷൻ സീനെടുക്കുേമ്പാൾ മമ്മൂട്ടി നിന്നുറങ്ങുന്നതുകണ്ട് ജോഷി ദേഷ്യപ്പെട്ട് പെട്ടെന്നുതന്നെ പാക്കപ് പറഞ്ഞു:
''നസീർ സാറിനെയും മധുസാറിനെയുംവെച്ച് സിനിമ എടുത്തിട്ടുള്ള ആളാണ് ഞാൻ. അവരിൽനിന്ന് ഒന്നും ഇങ്ങനെയൊരനുഭവം ഉണ്ടായിട്ടില്ല. ''
മമ്മൂട്ടി എന്തൊക്കെ ഒഴികഴിവ് പറഞ്ഞെങ്കിലും അതൊന്നും കേൾക്കാതെ ജോഷി ഷൂട്ടിങ് നിർത്തി ഹോട്ടലിലേക്ക് പോയി. ഷൂട്ടിങ് നിന്നുപോകുമോ എന്നുവരെ എല്ലാവരും ഭയന്നു. പേക്ഷ, കുറെ കഴിഞ്ഞപ്പോൾ മമ്മൂട്ടി ജോഷിയുടെ മുറിയിലേക്ക് കയറിവന്നു. അപ്പോഴും ജോഷിയുടെ ദേഷ്യത്തിെൻറ ഹാങ്ഓവർ മാറിയിരുന്നില്ല. മമ്മൂട്ടി കുറ്റബോധത്തോടെ സോറി പറഞ്ഞപ്പോൾ ജോഷിയുടെ പിണക്കം ഇല്ലാതായി.
അന്നു വൈകീേട്ടാടെ ഷൂട്ടിങ് പുനരാരംഭിച്ചു. ആ ചിത്രത്തോടെ ജോഷി-മമ്മൂട്ടി- കലൂർ ഡെന്നീസ് എന്ന പുതിയൊരു കൂട്ടുകെട്ടുതന്നെയുണ്ടായി. 'എറണാകുളം ബെൽറ്റ്' എന്ന പേരിലായിരുന്നു സിനിമക്കാർക്കിടയിൽ ഞങ്ങളുടെ കൂട്ടുകെട്ട് അറിയപ്പെട്ടിരുന്നത്. മമ്മൂട്ടിയുടെ ഏറ്റവും ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നതും ജോഷിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.