അമ്മയുടെ ആസ്ഥാനമന്ദിരം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്തു
text_fieldsകൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ'അമ്മ'യുടെ ആസ്ഥാന മന്ദിരം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്തു. താരനിബിഡമായ അന്തരീക്ഷത്തിലായിരുന്നു ഉദ്ഘാടനചടങ്ങ്. അത്യാധുനിക സൗകര്യങ്ങളോടെയാണ് 10 കോടിയോളം രൂപ ചെലവിട്ട് കലൂരിൽ മന്ദിരം നിർമിച്ചിരിക്കുന്നത്.
തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇങ്ങനെ ഒരു പ്രസ്ഥാനമെന്ന് ഉദ്ഘാടനവേളയിൽ മോഹൻലാൽ പറഞ്ഞു. മലയാള സിനിമക്ക് നിരവധി നല്ല കാര്യങ്ങൾ ഈ ബിൽഡിങ് കൊണ്ട് ലഭിക്കട്ടെയെന്നും ട്വന്റി 20ക്ക് ശേഷം അമ്മ നിർമിക്കുന്ന ഒരു സിനിമ വരുമെന്നും മോഹൻലാൽ ഉദ്ഘാടന വേളയിൽ പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങില്‍ നൂറ് പേര്‍ക്കായിരുന്നു പ്രവേശനം. അഞ്ച് നിലയുള്ള കെട്ടിടം നവീകരിച്ചാണ് അമ്മ ആസ്ഥാന മന്ദിരമായി തയ്യാറാക്കിയിരിക്കുന്നത്.
ഗ്രൗണ്ട് ഫ്ലോറില്‍ റിസപ്ഷന് ഏരിയയും സന്ദര്‍ശകര്‍ക്കായി പ്രത്യേക ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. ഓഫീസ് ജീവനക്കാര്‍ക്കായുള്ള മുറിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഒന്നാം നിലയിലാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെയും സെക്രട്ടറി ഇടവേള ബാബുവിന്റെയും മുറികള്‍. ചെറിയൊരു ലൈബ്രറിയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കുള്ള മുറിയും ഈ നിലയിലുണ്ട്.
അമ്മയുടെ സംഘടനാ യോഗങ്ങള്‍ നടക്കുന്ന കോണ്‍ഫറന്‍സ് ഹാളാണ് രണ്ടാം നിലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. മൂന്നാം നിലയില്‍ മാധ്യമ സമ്മേളനങ്ങള്‍ വിളിച്ച് ചേര്‍ക്കാനുള്ള ഹാളാണ്. സിനിമാ പ്രദര്‍ശനത്തിനും ഇവിടെ സംവിധാനമുണ്ട്. സാംസ്കാരിക പരിപാടികള്‍ക്കായി ഈ ഹാള്‍ വിട്ടുനല്‍കാനും സാധിക്കും.
നാലാം നിലയില്‍ അംഗങ്ങള്‍ക്ക് എഴുത്തുകാരുമായോ സംവിധായകരുമായോ കൂടിക്കാഴ്ച നടത്താനുള്ള കാബിനുകളാണ്. സൗണ്ട് പ്രൂഫ് ഗ്ലാസുകൊണ്ടു വേര്‍തിരിച്ചതാണ് ഈ മുറികള്‍. അഞ്ചാം നിലയില്‍ വിശാലമായ കഫറ്റേരിയ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.