ഓണമുണ്ണാൻ റിലീഫ് ക്യാമ്പിലേക്ക് വിളിച്ച മമ്മൂക്ക
text_fieldsഒരു കലാകാരൻ എന്ന നിലയിലെ വിജയം മാത്രമാണോ മമ്മൂട്ടിയുടെ എഴുപതാം ജന്മദിനം ഇങ്ങനെ ആഘോഷിക്കാൻ കാരണമെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. ദേശീയോത്സവം പോലെയാണ് മമ്മൂക്കയുടെ ജന്മദിനാഘോഷം. അദ്ദേഹത്തെപോലൊരാൾ ജീവിച്ചിരിക്കുന്ന സമയത്ത് ചെയ്യുന്ന എണ്ണിപ്പറയാൻ പറ്റാത്തത്ര കാര്യങ്ങൾ കൊണ്ടാണ് ഈ പിറന്നാൾ മലയാളികൾക്ക് ഇത്രയും പ്രിയപ്പെട്ടതാകുന്നത്. ആ നന്മമനസ്സിന് ഒപ്പംചേരാൻ എനിക്കും കിട്ടിയിരുന്നു ഒരു അവസരം. 2018 കാലത്തിലാണ് ഞാൻ സംവിധാനം ചെയ്ത ഗാനഗന്ധർവെൻറ കഥപറയാൻ മമ്മൂക്കയുടെ അടുത്ത് രണ്ടുമൂന്ന് പ്രാവശ്യമായി പോകുന്നത്. സിനിമയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായ നാളുകൾ. എങ്കിലും ഷൂട്ടിങ് തുടങ്ങിയിരുന്നില്ല. ആ സമയത്താണ് കേരളത്തെ നടുക്കുന്ന മഹാപ്രളയം. അതിെൻറ കെടുതികൾ എല്ലാം നമ്മൾ കണ്ടതാണ്, അനുഭവിച്ചതാണ്. നാടാകെ നിശ്ചലമായ നാളുകൾ. ആ ദിവസങ്ങളൊന്നിൽ മമ്മൂക്ക ഫോണിൽ വിളിച്ചു ചോദിക്കുന്നു - 'ഓണം വീട്ടിൽ തന്നെ ഉണ്ണണം എന്ന് നിർബന്ധമുള്ളയാളാണോ താൻ'. 'അല്ല, പ്രോഗ്രാമുകൾക്ക് പോകുന്ന കാലത്ത് ഓണം പലപ്പോഴും സ്വന്തം വീട്ടിലല്ല ഉണ്ടിരുന്നത്' -ഞാൻ മറുപടിയും നൽകി. മമ്മൂക്ക വെള്ളപ്പൊക്കത്തിെൻറ കെടുതികൾ പറഞ്ഞു. ഒപ്പം ആദ്യമായി എന്നോട് മമ്മൂക്ക ഒരു കാര്യം ആവശ്യപ്പെട്ടു.
'വെള്ളപ്പൊക്ക ദുരിതം ബാധിച്ചവർ കഴിയുന്ന ക്യാമ്പുകളിൽ ഞാൻ പോകുന്നുണ്ട്. എല്ലാം നഷ്ടപ്പെട്ടിരിക്കുന്ന ആളുകളാണ്. അവിടെ പോയാൽ അവർക്ക് എന്നെ കാണാം, എനിക്ക് അവരെയും കാണാം. അതിനുമപ്പുറം ഒരു മൈക്ക് എടുത്തുവെച്ച് രണ്ട് ആശ്വാസ വാക്കുകൾ പറയാനേ എന്നെക്കൊണ്ട് പറ്റുകയുള്ളൂ. അവർക്ക് സന്തോഷം വരുത്തുന്ന, ചിരിവരുത്തുന്ന എന്തെങ്കിലുമൊക്കെ പറയാൻ നിങ്ങളെ പോലുള്ളവർക്കേ പറ്റൂ. അതിനായി എെൻറയൊപ്പം ആ ക്യാമ്പുകളിൽ വരാൻ കഴിഞ്ഞാൽ നല്ലതായിരിക്കും' -മമ്മൂട്ടിയുടെ വാക്കുകൾ.
മമ്മൂക്കയുെട തന്നെ വണ്ടിയിൽ അദ്ദേഹത്തിനൊപ്പം ചെങ്ങന്നൂരിലെ രണ്ടു ക്യാമ്പുകളിൽ പോയി. തിരുവോണ ദിവസം പറവൂരിലെ ഒരു ക്യാമ്പിലായിരുന്നു ഊണുകഴിച്ചത്. ഒരുപാട് ദുരിതാശ്വാസ ക്യാമ്പുകളിൽ അങ്ങനെ ആ മഹാനടെൻറ കൂടെ ആശ്വാസവാക്കുകളുമായി പോയി. ആ യാത്രകളിലൂടെയാണ് മമ്മൂക്കയുടെ ഒപ്പം നിൽക്കാൻ അവസരം ലഭിച്ചത്.
കാലം കടന്നുപോയി. വെള്ളപ്പൊക്കത്തിെൻറ കെടുതികൾ ഒക്കെ പതുക്കെ നമ്മൾ മറന്നു. കാലം വീണ്ടും മുന്നോട്ടുകുതിച്ചു. സിനിമകളും ഷൂട്ടിങ് സൈറ്റുകളും ഒക്കെയായി സിനിമാ ലോകവും മുന്നോട്ടുപോയി. വീണ്ടുമിതാ കോവിഡിെൻറ വരവ്. നിശ്ചലമായി ലോകം. ദുരിതത്തിെൻറ കഥകൾ തന്നെ ചുറ്റിലും നിന്ന് കേൾക്കുന്നു. ഇപ്പോഴുമുണ്ട് മമ്മൂക്കക്ക് ഒപ്പമുള്ള യാത്ര. ആശ്വാസവും ചിരിയും പടർത്തുന്ന വാക്കുകൾ പറഞ്ഞുകൊണ്ട്. അതുകൊണ്ടൊക്കെയാണ് മമ്മൂക്കയുടെ ജന്മദിനം എല്ലാവർക്കും ഉത്സവമാകുന്നത്. ഒപ്പം എനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.