‘കാതൽ’ കണ്ട സൂര്യക്ക് പറയാനുള്ളത് ഇതാണ്; അഭിപ്രായം വൈറൽ
text_fieldsമമ്മൂട്ടിയും ജ്യോതികയും ഒന്നിച്ചെത്തിയ ‘കാതൽ’ സിനിമയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ട് നടൻ സൂര്യ. ഭാര്യയും കാതലിലെ നായികയായ ജ്യോതികയെക്കുറിച്ചും കുറിപ്പിൽ പരാമർശമുണ്ട്. സൂര്യയുടെ വാക്കുകൾക്ക് നന്ദി പറഞ്ഞ് കാതൽ ടീമും രംഗത്തെത്തി.
സിനിമയേയും അണിയറപ്രവര്‍ത്തകരേയും പ്രശംസകൊണ്ട് മൂടുകയാണ് സൂര്യ. മനോഹരവും പുരോഗമനപരവുമായ ചിത്രമാണ് 'കാതലെ'ന്ന് സൂര്യ കുറിച്ചു. ‘സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ ‘കാതൽ’ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കും. എത്ര പുരോഗമനപരമായ സിനിമയാണ്. ഈ മനോഹരമായ ടീമിന് അഭിനന്ദനങ്ങൾ. നല്ല സിനിമയോടുള്ള സ്നേഹത്തിനും ഞങ്ങളെ പ്രചോദിപ്പിക്കുന്നതിനും മമ്മൂട്ടി സാറിനു നന്ദി. ജിയോ ബേബി, നിങ്ങളുടെ നിശബ്ദ ഷോട്ടുകൾ പോലും ഉച്ചത്തിൽ സംസാരിക്കുന്നതുപോലെ തോന്നി. ഈ ലോകത്തിന് ഇങ്ങനെയൊരു കഥ പരിചയപ്പെടുത്തിയതിന് തിരക്കഥാകൃത്തുക്കളായ പോൾസണും ആദർശിനും നന്ദി. സ്നേഹം എന്തായിരിക്കുമെന്നു കാണിച്ചുതന്ന് എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്റെ ഓമന ജ്യോതികയ്ക്കും അഭിനന്ദനം. അതിമനോഹരം.’’–സൂര്യ കുറിച്ചു.
സിനിമയുടെ ഷൂട്ടിങ് സമയത്ത് സൂര്യ ലൊക്കേഷൻ സന്ദർശിക്കാൻ എത്തിയിരുന്നു.കോലഞ്ചേരി ബ്രൂക്ക് സൈഡ് ക്ലബ്ബിൽ നടന്ന ഷൂട്ടിനിടയിലാണ് സൂര്യ അതിഥിയായി ലൊക്കേഷനിൽ എത്തിയത്. മമ്മൂട്ടിയോടും ജ്യോതികയോടും കാതൽ ടീമിനോടും ഏറെ സമയം ചിലവഴിച്ച ശേഷമാണ് താരം അന്ന് തിരികെ പോയത്.
സിനിമാലോകത്ത് നിന്നുൾപ്പടെ നിരവധിയാളുകളാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത്എത്തുന്നത്. കഴിഞ്ഞ ദിവസം കാതൽ ഈ വർഷത്തെ ഏറ്റവും മികച്ച സിനിമയെന്ന് നടി സമാന്ത അഭിപ്രായപ്പെട്ടിരുന്നു.
പ്രഖ്യാപനം മുതല്‍ വന്‍ പ്രേക്ഷക ശ്രദ്ധലഭിച്ച ചിത്രമാണ് കാതല്‍. ജ്യോതിക, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം ആര്‍ എസ് പണിക്കര്‍, ജോജി ജോൺ, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങി നിരവധി താരങ്ങളും അണിനിരന്നിരുന്നു. 13 വർഷത്തെ ഇടവേളയ്ക്കുശേഷം ജ്യോതിക മലയാളത്തിലെത്തുന്ന ചിത്രമാണ് കാതൽ. 2009-ൽ പുറത്തിറങ്ങിയ 'സീതാകല്യാണം' ആണ് ജ്യോതിക ഒടുവിൽ അഭിനയിച്ച മലയാള ചിത്രം.
'കണ്ണൂർ സ്‌ക്വാഡി'ന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയത്. ആദർശ് സുകുമാരൻ പോൾസൺ സക്കറിയ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ. സാലു കെ തോമസാണ് ഛായാഗ്രാഹണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.