മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ...ആരാകും മികച്ച നടൻ?; സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്
text_fieldsകൊച്ചി: ഈ വർഷത്തെ സംസ്ഥാന ചലചിത്ര പുരസ്കാരം വെള്ളിയാഴ്ച പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തുക. ബംഗാളി സംവിധായകൻ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് സിനിമകൾ വിലയിരുത്തിയത്. 154 സിനിമകളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
മികച്ച നടൻ, നടി, സിനിമ തുടങ്ങിയ വിഭാഗങ്ങളിലേക്ക് ശക്തമായ മത്സരമാണുള്ളത്. മികച്ച നടനാകാൻ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ടെവീനോ തോമസുമെല്ലാം മത്സര രംഗത്തുണ്ട്. നൻപകൽ നേരത്ത് മയക്കം, പുഴു, റോഷാക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ മമ്മൂട്ടിയും ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങളിലൂടെ കുഞ്ചാക്കോ ബോബനും തമ്മിലാണ് പ്രധാന മത്സരം. മലയൻകുഞ്ഞിലൂടെ ഫഹദ് ഫാസിലും വഴക്ക്, അദൃശ്യ ജാലകങ്ങൾ എന്നിവയിലൂടെ ടൊവീനോയും അപ്പൻ സിനിമയിലെ പ്രകടനവുമായി അലൻസിയറും സണ്ണി വെയ്നും ഉടലിലൂടെ ഇന്ദ്രൻസും പൂക്കാലത്തിലൂടെ വിജയരാഘവനുമെല്ലാം പുരസ്കാരത്തിനായി മത്സര രംഗത്തുണ്ട്.
ജയ ജയ ജയ ജയഹേയിലെ പ്രകടനത്തിന് ദർശന രാജേന്ദ്രനും അറിയിപ്പിലൂടെ ദിവ്യപ്രഭയും റോഷാക്കിൽ സീതയായി എത്തിയ ബിന്ദു പണിക്കരും അപ്പനിലെ അമ്മയായി എത്തിയ പൗളി വിൽസനുമെല്ലാം മികച്ച നടിയാകാൻ മത്സരിക്കുന്നു. നൻപകൽ നേരത്ത് മയക്കം, അപ്പൻ, ഇലവീഴാപൂഞ്ചിറ, സൗദി വെള്ളക്ക, ഏകൻ അനേകൻ, അടിത്തട്ട്, ബി 32 മുതൽ 44 വരെ തുടങ്ങി 44 സിനിമകളാണ് അവസാന റൗണ്ടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.