മമ്മൂട്ടിയുടെ 'നൻപകൽ നേരത്ത് മയക്കം' സിനിമക്ക് പ്രചോദനമായ പരസ്യം ഇതാ!
text_fieldsമികച്ച പ്രേക്ഷക സ്വീകാര്യത നേടി മമ്മൂട്ടി- ലിജോ ജോസ് പെല്ലശ്ശേരി ചിത്രമായ 'നൻപകൽ നേരത്ത് മയക്കം'തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഐ.എഫ്.എഫ്.കെയിൽ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം ജനുവരി 19നാണ് തിയറ്ററുകളിൽ എത്തിയത്.
'നൻപകൽ നേരത്ത് മയക്കം' വലിയ ചർച്ചയാവുമ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് സിനിമയ്ക്ക് ആധാരമായ ഒരു പഴയ തമിഴ് പരസ്യമാണ്. ഗ്രീൻപ്ലൈ പ്ലൈവുഡിന്റ പരസ്യമാണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലാവുന്നത്. ചിത്രത്തിന്റെ തുടക്കത്തിൽ അണിയറപ്രവർത്തകർ പരസ്യത്തിന് നന്ദി അറിയിക്കുന്നുണ്ട്.
സിഖുകാരനായ ചെറിയ ആൺകുട്ടി അമ്മക്കും അച്ഛനുമൊപ്പം തമിഴ്നാട്ടിലൂടെ ബസിൽ സഞ്ചരിക്കുന്നു.വഴിയിൽ ഒരു വീട് കാണുമ്പോൾ തമിഴ് ഭാഷയിൽ ബസ് നിർത്താൻ ആവശ്യപ്പെടുന്നു. കുട്ടിയുടെ ബഹളത്തെ തുടർന്ന് ബസ് വഴിയിൽ നിർത്തുന്നു.തുടർന്ന് ബസിൽ നിന്ന് ഇറങ്ങി ആ പഴയ തമിഴ് വീട്ടിൽ ചെന്നു കയറുന്നു. മകന്റെ പെട്ടെന്നുള്ള സ്വഭാവം മാറ്റം കണ്ട് ഞെട്ടിയ മാതാപിതാക്കളും കുട്ടിയുടെ പിന്നാലെ പോകുന്നുണ്ട്.
വീട്ടിലെത്തി എത്തിയ കുട്ടിയുടെ പെരുമാറ്റം മരണപ്പെട്ടുപോയ ഗൃഹനാഥന്റേത് പോലെയായിരുന്നു. കുട്ടിയുടെ പെരുമാറ്റം അവിടെയുണ്ടായ വൃദ്ധയായ സ്ത്രീയെ ഞെട്ടിച്ചു. പണ്ട് വീട്ടിലെ മേശയിൽ അദ്ദേഹം തന്റെ ഭാര്യയുടെ പേര് എഴുതിയിരുന്നു. ഈ മേശ കുട്ടി കണ്ടെത്തുന്നു. തുടർന്ന് അമ്മൂമ്മയും കുട്ടിയും തമ്മിലുള്ള സംഭാഷണത്തോടെ പരസ്യം അവസാനിക്കുന്നു.
ഇതിന് സമാനമാണ് മമ്മൂട്ടി- ലിജോ ചിത്രമായ നൻപകൽ നേരത്ത് മയക്കവും.വേളാങ്കണ്ണിക്ക് പോകുന്ന മലയാളിയായ ജെയിംസ് ബസിൽവെച്ച് ഉറങ്ങി എഴുന്നേൽക്കുമ്പോൾ മറ്റൊരു ഭാഷ സംസാരിക്കുന്ന വേറൊരാളായി മാറുന്നു. പിന്നീട് ജെയിംസിലൂടെ ചിത്രം മുന്നോട്ട് പോകുന്നു.
മലയാളികൾക്കൊപ്പം തമിഴ് പ്രേക്ഷകർക്കും ചിത്രം ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ലിജോ സിനിമ എടുത്തിരിക്കുന്നത്. ഇതുവരെയുള്ള പെല്ലിശ്ശേരി ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കുടുംബ പ്രേക്ഷകർക്കും സ്വീകാര്യമാകുന്ന വിധമാണ് 'നൻപകൽ നേരത്ത് മയക്കം' ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.