വല്ല്യേട്ടൻ’ ചിത്രത്തിലെ ചില അപൂർവ്വ ദൃശ്യങ്ങൾ
text_fieldsമമ്മൂട്ടിയുടെ ക്ലാസിക് മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ വീണ്ടും തിയറ്ററുകളിലേക്ക്. 2000 സെപ്റ്റംബർ പത്തിന് പുറത്തിറങ്ങിയ ഈ ചിത്രം നവംബർ 29 ന് 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് നിർമിച്ചത്.
ഇപ്പോഴിതാ ചിത്രത്തിലെ ചില അപൂർവ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. മമ്മൂട്ടിയുടെ ഓഫ് സ്ക്രീൻ ചിത്രങ്ങളാണ് വർഷങ്ങൾക്ക് ശേഷം പുറത്തുവിട്ടിരിക്കുന്നത്. ഇവ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് 24 വർഷങ്ങൾക്ക് ശേഷം 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ വീണ്ടും തിയറ്ററുകളിലേക്ക് ചിത്രം എത്തിക്കുന്നത്. മാറ്റിനി നൗവാണ് 4K ദൃശ്യമികവോടെയും ഡോൾബി ശബ്ദ സാങ്കേതികവിദ്യയുടെ സഹായത്തോടെയും ചിത്രം പുറത്തിറക്കുന്നത്. ചിത്രത്തിന്റെ 4K റീമാസ്റ്റർ ചെയ്ത ട്രെയിലർ വൻ വരവേൽപ്പോടെയാണ് താരങ്ങളും ആരാധകരും സ്വീകരിച്ചത്. ‘വല്ല്യേട്ടന്റെ’ രണ്ടാംവരവ് അറിയിച്ചുകൊണ്ട് പുറത്തിറക്കിയ ടീസർ മണിക്കൂറുകൾക്കുള്ളിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. കൂടാതെ ഏറ്റവും കൂടുതൽ പേർ കണ്ട റീ-റിലീസ് ടീസറുമായിരുന്നു.
രണ്ടായിരത്തിൽ ഇറങ്ങിയ ചിത്രങ്ങളിൽ ബോക്സ് ഓഫീസ് ഹിറ്റുകളിലെ പ്രധാന ചിത്രമായിരുന്നു ‘വല്ല്യേട്ടൻ’. മമ്മൂട്ടിയോടൊപ്പം ശോഭന, സായ് കുമാർ, സിദ്ദിഖ്, മനോജ്.കെ.ജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എൻ.എഫ്.വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമായിരുന്നു. സായ് കുമാർ, എൻ. എഫ് വർഗ്ഗീസ് എന്നിവരുടെ വില്ലൻ കഥാപാത്രങ്ങളും മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ രംഗങ്ങളുമാണ് ഇന്നും ഈ ചിത്രത്തെ ആരാധകർ ഓർത്തിരിക്കുവാനുള്ള ചില പ്രധാനപ്പെട്ട കാരണങ്ങൾ.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിട്ടുള്ളത് മോഹൻ സിത്താരയാണ്. പശ്ചാത്തല സംഗീതം നിർവഹിച്ചത് സി. രാജാമണിയും. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പ്രശസ്ത ഛായാഗ്രഹകൻ രവിവർമ്മനും ചിത്രസംയോജനം നിർവഹിച്ചത് എൽ. ഭൂമിനാഥനുമാണ്. ബോബനാണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ.
ചിത്രത്തിന്റെ സംഗീത സംവിധാനം റീ-മാസ്റ്റർ ചെയ്തിരിക്കുന്നത് ബെന്നി ജോൺസനാണ്. ഡോൾബി അറ്റ്മോസ് മിക്സിംഗ് ചെയ്തത് എം ആർ രാജകൃഷ്ണൻ, ധനുഷ് നായനാരാണ് സൌണ്ട് ഡിസൈനിംഗ് നിർവഹിച്ചിരിക്കുന്നത്. ടീസറും ട്രെയിലറും എഡിറ്റ് ചെയ്തത് കാർത്തിക് ജോഗേഷ്. ട്രെയിലറിന്റെ പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് പ്രകാശ് അലക്സ്. സെൽവിൻ വർഗീസാണ് കളറിസ്റ്റ് (സപ്ത വിഷൻ) ചിത്രത്തിന്റെ റീ-റിലീസിനായി മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് നിർവഹിക്കുന്നത് ഡോ. സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ). ലീഫി സ്റ്റോറീസും ILA സ്റ്റുഡിയോസുമാണ് ക്രിയേറ്റീവ് മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്. ടിങ്ങാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് മാർക്കറ്റിംഗ് ഏജൻസി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.