ഔട്ട്‌ലൈൻ പറഞ്ഞ് കുറെക്കഴിഞ്ഞാണ് തീരുമാനമായത്! ഓസ്ലറിൽ അതിഥി വേഷത്തിൽ എത്താനുള്ള കാരണം വെളിപ്പെടുത്തി മമ്മൂട്ടി
text_fieldsജയറാമിനെ കേന്ദ്രകഥാപാത്രമാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് 'എബ്രഹാം ഓസ്ലർ'. ജനുവരി 11 ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് പോസിറ്റീവ് പ്രതികരണമാണ് ലഭിക്കുന്നത്. ഓസ്ലറിൽ മമ്മൂട്ടിയും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ നിർണ്ണായകമായ ഒരു കഥാപാത്രമാണ് മമ്മൂട്ടിയുടെത്. ഇപ്പോഴിതാ ഓസ്ലറിൽ അതിഥി വേഷത്തിൽ എത്താനുള്ള കാരണം വെളിപ്പെടുത്തുകയാണ് താരം. പ്രസ്മീറ്റിലാണ് ഇക്കാര്യം പറഞ്ഞത്.
'ആത്യന്തികമായി കഥാപാത്രത്തിനാണ് മുൻഗണന കൊടുക്കുന്നത്. കൂടെ അഭിനയിക്കുന്ന മറ്റുള്ളവർ എല്ലാം നമ്മുടെ സുഹൃത്തുക്കളാണ്. കുറച്ചു കൂടുതൽ സൗഹൃദമുള്ള ആളാണ് ജയറാം.അദ്ദേഹത്തിന് വേണ്ടി വന്ന് അഭിനയിച്ചുവെന്ന് പറയുന്നുവെങ്കിൽ അതിൽ സന്തോഷമേയുള്ളൂ. ഈ സിനിമയിലേക്ക് എന്നെ ആകർഷിച്ചത് കഥാപാത്രം തന്നെയാണ്. ഔട്ട്‌ലൈൻ പറഞ്ഞപ്പോൾ 'ഈ കഥാപാത്രം ഞാൻ ചെയ്താൽ ശരിയാകുമോ' എന്നാണ് ഞാൻ ചോദിച്ചത്. 'ഹെവി ആയിരിക്കും' എന്നാണ് മിഥുൻ പറഞ്ഞത്. പിന്നെയും കുറെക്കഴിഞ്ഞാണ് തീരുമാനമായത്.
സൂപ്പർ സ്റ്റാറുകൾക്ക് ഇന്നത് ചെയ്യാം, ഇന്നത് ചെയ്യാൻ പാടില്ല എന്നൊന്നും ഇല്ലലോ. ഓരോരുത്തർക്കും അവരവരുടെ താല്പര്യം ഇല്ലേ. ഞാൻ നടൻ ആകാൻ ആഗ്രഹിച്ച ആളാണ്. ഇപ്പോഴും ആ ആഗ്രഹം കൊണ്ടുനടക്കുന്നുണ്ട്. ആ ആഗ്രഹം ഇതുവരെയും പൂർത്തിയായിട്ടില്ല എന്നേ ഉള്ളൂ. എനിക്ക് ഇപ്പോഴും കഥാപാത്രങ്ങളോടുള്ള ആർത്തി അവസാനിച്ചിട്ടില്ല'- മമ്മൂട്ടി പറഞ്ഞു.
'ഈ പ്രായത്തിലും ഓടി നടന്ന് സിനിമയിൽ അഭിനയിക്കാനും പരിപാടികളിൽ പങ്കെടുക്കാനും എനിക്ക് ഊർജം കിട്ടുന്നത് എന്നെ കാണാൻ എത്തുന്ന പ്രേക്ഷകരിൽ നിന്നാണ്. നിങ്ങളാണ് എന്റെ എനർജി. നാൽപത്തിരണ്ടു വർഷമായി സിനിമയിൽ. ഇതൊരു ഭാരമാണെങ്കിൽ എവിടെയെങ്കിലും ഇറക്കി വെക്കില്ലേ, ഈ ഭാരം ചുമക്കുന്ന സുഖമാണ് എന്റെ സുഖം'- മമ്മൂട്ടി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.