അറബി പറഞ്ഞ് ജോസേട്ടൻ; മമ്മൂട്ടിയുടെ 'ടർബോ' അറബി പതിപ്പ് തിയറ്ററുകളിലേക്ക്-ട്രെയിലർ
text_fieldsമെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്ത മാസ് ആക്ഷൻ ചിത്രമാണ് ടർബോ. മെയ് മാസത്തിൽ തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ അറബി പതിപ്പ് റിലീസിനൊരുങ്ങുന്നു.ആഗസ്റ്റ് രണ്ടിനാണ് ടർബോയുടെ അറബി പതിപ്പ് തിയറ്ററുകളിലെത്തുന്നത്.
റിലീസിനോട് അനുബന്ധിച്ച് അറബി ഭാഷയിലുള്ള ടർബോയുടെ ട്രെയിലറും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. 17 ഡബ്ബിങ് ആർട്ടിസ്റ്റുകൾ ചേർന്നാണ് ഈ ചിത്രം അറബിയിൽ ഡബ്ബ് ചെയ്തിരിക്കുന്നത്. അതിൽ 11 പേർ യു.എ.ഇ സ്വദേശികളാണ്. അറബി ഭാഷയുടെ പ്രചാരവും അവിടുത്തെ പ്രതിഭകളുടെ കഴിവ് ദേശീയ- അന്തർദേശീയ തലത്തിലെത്തിക്കുക എന്ന ഉദ്ദേശവും മുന്നിൽ വെച്ചാണ് ഇങ്ങനെയൊരു ശ്രമത്തിന് അവർ മുന്നിട്ടിറങ്ങിയത്.
മൂന്നാഴ്ച സമയമെടുത്താണ് ഈ ചിത്രം അറബിയിൽ പൂർണ്ണമായി ഡബ്ബ് ചെയ്തത്. സമദ് ട്രൂത്ത് നേതൃത്വം നൽകുന്ന ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ഈ ചിത്രം ഗൾഫ് രാജ്യങ്ങളിലുടനീളം ആഗസ്റ്റ് രണ്ടിന് പ്രദർശനത്തിന് എത്തിക്കുക. 'ടർബോ' മലയാളം പതിപ്പ് ഗൾഫിൽ റിലീസ് ചെയ്തതും ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിച്ച ചിത്രത്തിൽ കന്നഡ താരം രാജ് ബി ഷെട്ടി, തെലുങ്ക് നടൻ സുനിൽ,ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, അഞ്ജന ജയപ്രകാശ്, നിരഞ്ജന അനൂപ്, ദിലീഷ് പോത്തൻ, ജോണി ആന്റണി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന് സംഗീതമൊരുക്കിയത് ക്രിസ്റ്റോ സേവ്യർ, എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ് എന്നിവരാണ്. വിഷ്ണു ശർമയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.