ചിലർക്ക് നമ്മുടെ പോരാട്ടം'സ്റ്റണ്ട്' മാത്രം; തോല്‍പ്പിക്കാനാവില്ല, കാന്‍സര്‍ ദിനത്തില്‍ മംമ്ത മോഹന്‍ദാസ്
text_fieldsസെർവിക്കൽ കാൻസറിനെ തുടർന്ന് മരണപ്പെട്ടുവെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ച നടിയും മോഡലുമായ പൂനം പാണ്ഡെക്കെതിരെ വിമർശനവുമായി നടി മംമ്ത മോഹൻദാസ്. പേരെടുത്ത് പറയാതെയാണ് മംമ്തയുടെ പ്രതികരണം. ചിലർ രോഗത്തോട് ഏറ്റുമുട്ടുമ്പോൾ മറ്റുചിലർ ഇതിനെ സ്റ്റണ്ടായി മാത്രം കാണുന്നുവെന്ന് നടി ലോക കാൻസർ ദിനത്തിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
'കുറച്ചു പേർക്ക് പോരാട്ടം യഥാർഥമാണ്. മറ്റുള്ളവർക്ക് നമ്മുടെ പോരാട്ടം ഒരു 'സ്റ്റണ്ട്' മാത്രം. ഇതാണ് നമ്മൾ ജീവിക്കുന്ന ലോകം. സ്വയം സംരക്ഷിക്കു. എപ്പോഴും ആദ്യ പരിഗണന നിങ്ങള്‍ക്കായിരിക്കണം. നിങ്ങളെ തോല്‍പ്പിക്കാനാവില്ല. നിങ്ങള്‍ക്ക് ഇത് സാധിക്കും. രോഗത്തിനെതിരെ പൊരുതിക്കൊണ്ടിരിക്കുന്നവരെയും പോരാടി ജീവന്‍ നഷ്ടപ്പെട്ടവരെയും ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നു'- മംമ്ത മോഹൻദാസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
കാൻസറിനെതിരെ ധൈര്യപൂർവം പേരാടി ജീവിതം തിരിച്ചുപിടിച്ച വ്യക്തിയാണ് മംമ്ത. നടി കാൻസർ ബോധവത്കരണവുമായി രംഗത്തെത്താറുണ്ട്. 2009ലാണ് താരത്തിന് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ 2013ലാണ് താരം രോഗമുക്തി നേടുന്നത്.
ഗായിക കൂടിയായ മംമ്ത അഭിനയത്തിൽ സജീവമാണ്. ദിലീപ് ചിത്രമായ ബാന്ദ്രയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അണ്‍ലോക്, ഊമൈ വിഴികള്‍, മഹാരാജ തുടങ്ങിയവയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.