ഷോയിൽ രാഷ്ട്രീയമില്ല, എല്ലാ സംസ്കാരങ്ങളെയും ഇഷ്ടപ്പെടുന്നു; ഫാമിലി മാൻ വിവാദത്തിൽ മനോജ് ബാജ്പേയ്
text_fieldsചെന്നൈ: മനോജ് ബാജ്പേയും സാമന്തയും പ്രധാന വേഷങ്ങളിലെത്തിയ പ്രശസ്ത ആമസോൺ വെബ്സീരിസ് ഫാമിലി മാൻ -2 വിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കിയ സീരീസിൽ തമിഴ് ഈഴത്തിന്‍റെ വീരവും ത്യാഗവും നിറഞ്ഞ കലാപത്തെ മോശവും അപമാനിക്കുന്നതുമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് പ്രമുഖരടക്കം വ്യക്തമാക്കിയിരുന്നു. വെബ് സീരീസ് നിരോധിക്കണമെന്നാവശ്യവുമായി തമിഴ്നാട് സര്‍ക്കാര്‍ അടക്കം രംഗത്തെത്തുകയും ചെയ്തു. മുസ്ലിം, ബംഗാളി വിഭാഗങ്ങളെയും ഫാമിലി മാൻ-2ൽ മോശമായി ചിത്രീകരിച്ചതായുള്ള അഭിപ്രായങ്ങളുയർന്നിരുന്നു.
എന്നാൽ, സീരീസിനെതിരായ വിവാദങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ മനോജ് ബാജ്പേയ്. 'ഞങ്ങളെല്ലാവരും വളരെ ഉത്തരവാദിത്തമുള്ള ആളുകളാണ്. ഈ രാജ്യത്തെ ഓരോ സംസ്കാരത്തെയും ഞങ്ങൾ ഇഷ്ടപ്പെടുന്നു, അതിനാലാണ് ഇത് ഒരു യഥാർത്ഥ പാൻ-ഇന്ത്യൻ ഷോ ആയി മാറിയത്. ഇവിടെ രാഷ്ട്രീയമൊന്നുമില്ല -മനോജ് ബാജ്പേയി പറഞ്ഞു.
ആളുകളുമായി പെട്ടന്ന് കണക്ടാവുന്ന രീതിയിൽ ഫാമിലി മാൻ 2-ൽ കഥാപാത്രങ്ങളെ എഴുതിയ രീതിയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. 'എന്റെ കഥാപാത്രം ശ്രീകാന്ത് വെളുത്തതുപോലെ കറുത്തവനുമാണ്. മറ്റെല്ലാ കഥാപാത്രങ്ങളും പൂർണ്ണമായും മനുഷ്യവൽക്കരിക്കപ്പെട്ടവയാണ്, ഒാരോരുത്തരും സ്വന്തം കഥയിലെ നായകന്മാരുമാണ്. അതിനാൽ, ആ രീതിയിൽ, ഷോ കാണുമ്പോൾ ആളുകളുടെ ആശങ്കകൾക്കും ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടാണ് ഭൂരിപക്ഷാഭിപ്രായം ഞങ്ങൾക്ക് അനുകൂലമെന്ന് എനിക്ക് തോന്നുന്നത് -മനോജ് ബാജ്പേയി കൂട്ടിച്ചേർത്തു.
രാജ് നിധിമോരു, ഡി.കെ.കൃഷ്ണ എന്നിവർ സംവിധായകരും നിർമാതാക്കളുമായ ദ ഫാമിലി മാൻ 2ൽ നാഷനൽ ഇൻവസ്റ്റിഗേഷൻ ഏജൻസി(എൻ.ഐ.എ)യുടെ സാങ്കൽപിക ബ്രാഞ്ചായ ത്രട്ട് അനാലിസിസ് ആൻഡ് സർവേലൻസ് സെല്ലിലെ അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായാണ് മനോജ് ബാജ്പേയ് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.