'ആവിഷ്കാര സ്വാതന്ത്ര്യം പ്രാണവായു പോലെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ്, അതില്ലാതായാൽ ജനാധിപത്യം ഇല്ല; ഈ അവസരത്തിൽ മുരളിഗോപിയെ ഞാൻ അഭിനന്ദിക്കുകയാണ്'-ഡോ. ഗീവർഗീസ് മാർ കൂറിലോസ്
text_fieldsവിവാദങ്ങളുടെ പശ്ചാത്തലത്തിൽ എമ്പുരാൻ വിഷയത്തിൽ പ്രതികരിക്കുകയാണ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്. സിനിമ കാണുന്ന ശീലം നേരത്തെ ഉണ്ടായിരുന്നു. ഞാനൊരു വലിയ സിനിമ ആസ്വാദകനാണ്. ഇപ്പോൾ കുറെ കാലമായി സിനിമ കാണാൻ സമയം കിട്ടുന്നില്ല. താൽപര്യവും കുറഞ്ഞു. പ്രായം ചെല്ലുതോറും ക്ഷമ കുറഞ്ഞ് വരുകയാണ്. രണ്ട് മണിക്കൂർ ഒരു വിഷയം തന്നെ കണ്ടിരിക്കാനുള്ള ഫോക്കസ് ഇപ്പോൾ കിട്ടുന്നില്ല. അതുകൊണ്ട് പടം കണ്ടാലും പകുതിയാവുമ്പോൾ നിർത്താറാണ് പതിവ്.
'എമ്പുരാൻ കാണണമെന്ന് ആഗ്രഹമുണ്ട്. ഇനി ഇപ്പോൾ കണ്ടിട്ട് കാര്യമുണ്ടോ എന്നറിയില്ല. ഇതൊരു ഗൗരമായ വിഷയമാണ്. ഫാഷിസത്തിന്‍റെ വലിയ കടന്നുകയറ്റമാണ് ഇവിടെ കാണുന്നത്. ഇങ്ങോട്ട് ആരും ആവശ്യപ്പെടാതെ സ്വമേധയ എഡിങ്ങിന് വിധേയമാകുക എന്ന് പറയുന്നത് ഭീരുത്വം തന്നെയാണ്. ഇനി ആവശ്യപ്പെട്ടാലും അതിന് വഴങ്ങണ്ട കാര്യം ഉണ്ടായിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ആവിഷ്കാര സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന നമുക്ക് നൽകുന്ന അവകാശമാണ്.
ആവിഷ്കാര സ്വാതന്ത്ര്യം പ്രാണവായു പോലെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ്. അതില്ലാതായാൽ ജനാധിപത്യം ഇല്ല. അങ്ങനെയൊരു കാലത്താണ് നാം ജീവിക്കുന്നത്. ഭയത്തിന്‍റെ ഒരു സംസ്കാരം കുറെ നാളുകളായി നമ്മളെ പിടികൂടിയിട്ടുണ്ട്. ഭയപ്പെടുത്തി എന്തും ചെയ്യാൻ സാധിക്കും എന്നത് ഒരു യാഥാർത്ഥ്യമായികൊണ്ടിരിക്കുന്ന കാലത്താണ് അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിട്ടാണ് എമ്പുരാൻ വിവാദം കത്തിനിൽക്കുന്നത്. അതൊക്കെ ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. ഈയവസരത്തിൽ മുരളിഗോപിയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. അദ്ദേഹം ഇതുവരെ എടുത്ത നിലപാടിൽ നിന്ന് പുറകോട്ട് പോയിട്ടില്ല. അത് അദ്ദേഹത്തിന്‍റെ ധീരതയാണ്. ഡോ. ഗീവർഗീസ് മാർ കൂറിലോസ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.