'ഈ പീഡന രംഗം വെട്ടിമാറ്റിയത് എന്തിനാണ്'; മരക്കാറിലെ ഡിലീറ്റഡ് സീനിനെ അഭിനന്ദിച്ച് ആരാധകർ
text_fields'മരക്കാർ' സിനിമയുടെ ഒഴിവാക്കിയ സീനുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. മരക്കാറെ പീഡിപ്പിക്കുന്ന രംഗമാണ് അണിയറക്കാർ പുറത്തുവിട്ടത്. പറങ്കികൾ പിടികൂടുന്ന കുഞ്ഞാലിമരക്കാരെ തുറങ്കലിൽ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇത്രയും പണം ചിലവിട്ട് എടുത്ത രംഗം വെട്ടിക്കളഞ്ഞതെന്തിനെന്ന് ആരാധകർ ചോദിക്കുന്നു.
മോഹൻലാല്‍ അതിഗംഭീരമായാണ് ഈ രംഗത്തിൽ അഭിനയിക്കുന്നതെന്നും സിനിമയിലെ ഏറ്റവും വികാരനിർഭരമായ രംഗമായി ഇതിനെ കാണാമെന്നും വീഡിയോ കാണുന്നവർ അഭിപ്രായപ്പെട്ടു. എന്തായാലും സീനുകൾ നീക്കം ചെയ്യേണ്ടിയിരുന്നില്ലെന്ന ഭൂരിപക്ഷ അഭിപ്രായത്തിലാണ് ആരാധകർ.
നേരത്തേ മരക്കാറിന്‍റെ മലയാള പതിപ്പിൽനിന്ന് ഒഴിവാക്കിയ ഭാഗം ഹിന്ദിയിൽ ഉൾപ്പെടുത്തിയത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മലയാളത്തിൽ ഇല്ലാത്ത എന്നാൽ മറ്റു ഭാഷകളിൽ ഉള്ള ഒരു രംഗമാണ് വിമർശിക്കപ്പെട്ടത്. കുഞ്ഞാലി മരക്കാറും പട്ടുമരക്കാറും സാമൂതിരിയുടെ കൊട്ടാരത്തിൽ എത്തുന്ന രംഗത്തിലാണ് 'പതിനൊന്ന് കെട്ടിയ' ഹാജിയാരുടെ രംഗമുള്ളത്. മാമുക്കോയയാണ് പതിനൊന്ന് കെട്ടിയ താനൂർ അബൂബക്കർ ഹാജി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പോർച്ചുഗീസുകാർ ഇനിയും വരുമെന്നും അന്ന് ഇതുപോലെ ചക്ക വീണ് മുയൽ ചാവില്ലെന്നും പറയുന്ന അബൂബക്കറിനോട് പട്ടുമരക്കാർ ചോദിക്കുന്നത് 'തനിക്ക് എത്ര ഭാര്യമാർ ഉണ്ടെന്നാണ്?' പതിനൊന്ന് ഭാര്യമാർ എന്ന് ഉത്തരം പറയുന്ന ഹാജി ശരിക്കും എത്ര പേരുണ്ടെന്ന് എണ്ണി നോക്കാൻ വീട്ടിലേക്ക് പോവുന്നതോടെയാണ് സീൻ അവസാനിക്കുന്നത്. ഈ കഥാപാത്രത്തോട് സിദ്ദീഖിന്‍റെ പട്ടുമരക്കാർ, പണ്ട് കൊണ്ടോട്ടി മാർക്കറ്റിൽ വെച്ച് സ്ഥിരം തല്ല് വാങ്ങിയിരുന്ന ആളല്ലെയെന്നും പല്ല് കണ്ടാൽ തനിക്ക് തിരിച്ചറിയാമെന്നും പറയുന്നുണ്ട്.
ഡിസംബർ 17നാണ് മരക്കാർ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. മോഹൻലാൽ, നെടുമുടി വേണു, മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കല്ല്യാണി പ്രിയദർശൻ, മുകേഷ്, സുനിൽ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. ചരിത്രത്തോട് തീർത്തും നീതി പുലർത്താതെയാണ് കുഞ്ഞാലിമരക്കാറുടെ സിനിമ അണിയിച്ചൊരുക്കിയതെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ദേശീയ ചലച്ചിത്ര പുരസ്കാരം അടക്കം ചിത്രം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.