‘മറക്കില്ലൊരിക്കലും’: മലയാളി മറക്കാത്ത പത്ത് കഥാപാത്രങ്ങളെ പ്രഖ്യാപിച്ചു
text_fieldsകൊച്ചി: നൂറ്റാണ്ടെത്തുന്ന മലയാള സിനിമയുടെ ചരിത്രത്തിൽ പകരം വെക്കാനില്ലാത്ത അവിസ്മരണീയ കഥാപാത്രങ്ങളെ കണ്ടെത്താൻ മാധ്യമം ഡോട് കോം അവതരിപ്പിച്ച ‘മറക്കില്ലൊരിക്കലും’ എന്ന ആദ്യആഗോള മെഗാ ഡിജിറ്റൽ ഇവന്‍റിന് കൊച്ചിയിൽ ആവേശോജ്ജ്വല സമാപനം. കലൂർ ഐ.എം.എ ഹാളിൽ മലയാള സിനിമയുടെ അഭിമാനമായ സംവിധായകർ ഉൾപ്പെടെയുള്ളവർക്ക് മുന്നിൽ നടന്ന പരിപാടിയിൽ മലയാളിയുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന 10 കഥാപാത്രങ്ങളെ പ്രഖ്യാപിച്ചാണ് ഇവന്‍റിന് കൊടിയിറങ്ങിയത്.
മലയാളിയും മലയാള സിനിമയും ഇതുവരെ കാണാത്ത ഡിജിറ്റൽ വോട്ടിങ് പോരാട്ടത്തിലാണ് ഏറ്റവും കൂടുതൽ വോട്ട് നേടിയ 10 അനശ്വര കഥാപാത്രങ്ങളുടെ പിറവി. പ്രായഭേദമന്യേ ലക്ഷക്കണക്കിന് പ്രേക്ഷകർ വോട്ടെടുപ്പിൽ പങ്കെടുത്തു. സംവിധായകരായ സിബി മലയിൽ, സിദ്ദീഖ്, ജിയോ ബേബി, തരുൺ മൂർത്തി, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരും ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകൻ ലോഹിതദാസിന്‍റെ മകൻ വിജയ് ശങ്കർ ലോഹിതദാസ്, സംവിധായകൻ പത്മരാജന്‍റെ മകൻ അനന്തപത്മനാഭൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. മുഖ്യാതിഥികളെ ചടങ്ങിൽ ആദരിച്ചു.
അഞ്ഞൂറിലേറെ കഥാപാത്രങ്ങളിൽനിന്ന് കൂടുതൽ വോട്ട് നേടിയ 60 കഥാപാത്രങ്ങളെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തു. അടുത്ത ഘട്ടത്തിൽ പട്ടിക 25ലേക്ക് ചുരുങ്ങി. വീറുംവാശിയും നിറഞ്ഞ തീപാറും പോരാട്ടമായിരുന്നു ഫൈനലിൽ. അവസാനം ഏറ്റവും കൂടുതൽ വോട്ട് നേടിയ 10 കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുകയായിരുന്നു. കഥാപാത്രങ്ങളെ പ്രഖ്യാപിക്കുമ്പോൾ ആവേശത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. ചിരിപ്പിച്ചവരും കരയിപ്പിച്ചവരും ഹൃദയത്തിൽ നോവ് സമ്മാനിച്ചവരുമായ കഥാപാത്രങ്ങൾ അത്രമേൽ ആഴത്തിൽ ഓരോ മലയാളിയുടെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്നുവെന്ന് ‘മറക്കില്ലൊരിക്കലും’ തെളിയിച്ചു.
പരിപാടിയുടെ മുഖ്യസ്പോൺസർമാരായ മൈജി ബി.ഡി.എം മാർഷൽ, വില്ലിവൈറ്റ് ടൂത്ത്പേസ്റ്റ് മീഡിയ മാനേജർ അഭിലാഷ്, സെന്റ് പോൾസ് ആയുർവേദ ചീഫ് കൺസൾട്ടന്‍റ് ഡോ. പി.എച്ച്. അശ്വതി എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. മാധ്യമം റെസിഡന്‍റ് എഡിറ്റർ എം.കെ.എം. ജാഫർ, കൺട്രി ഹെഡ് ഇവന്‍റ് മുഹ്സിൻ അലി, പി.ആർ മാനേജർ കെ.ടി. ഷൗക്കത്തലി, മാർക്കറ്റിങ് മാനേജർ ഡിജിറ്റൽ സി.എം. നിഷാദ്, സബ് എഡിറ്റർ മുഹമ്മദ് ഷെബിൻ എന്നിവർ പങ്കെടുത്തു. രാജ് കലേഷും മാത്തുക്കുട്ടിയുമായിരുന്നു അവതാരകർ.
അനശ്വരമായ ആ പത്ത് കഥാപാത്രങ്ങൾ.
1 അമരം -അച്ചൂട്ടി - മമ്മൂട്ടി - 1991
2 സേതുമാധവൻ- കിരീടം- മോഹൻലാൽ -1989
3 ഗംഗ -മണിച്ചിത്രത്താഴ് -ശോഭന- 1993
4 ബാലന്‍ മാഷ് - തനിയാവർത്തനം - മമ്മൂട്ടി - 1987
5 നിശ്ചൽ -കിലുക്കം - ജഗതി - 1991
6 സത്യനാഥൻ- സദയം- മോഹൻലാൽ - 1992
7 തമ്പി-മൂന്നാംപക്കം- തിലകൻ
8 പ്രസാദ്- തൊണ്ടിമുതലും ദൃക്സാക്ഷിയും- ഫഹദ്ഫാസിൽ - 2017
9 ഭാനുമതി - കന്മദം- മഞ്ജു വാര്യർ -1998
10 കുട്ടൻതമ്പുരാൻ-സർഗം - മനോജ്കെ ജയൻ - 1992
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.