മറാത്ത മന്ദിറിൽ 'ദിൽവാലേ ദുൽഹാനിയ ലേ ജായേങ്കേ' വീണ്ടും പ്രദർശനത്തിനെത്തും മുടങ്ങാതെ
text_fieldsമുംബൈ: 'തുജെ ദേഖാ തൊ യെ ജാനാ സനം...' ഈ പാട്ടും ദിൽവാലേ ദുൽഹാനിയ ലേ ജായേങ്കേയും സൃഷ്ടിച്ച തരംഗം ഇനിയും കെട്ടടങ്ങിയിട്ടില്ല. കിങ് ഖാൻ ഷാരൂഖ് ഖാനും കാജോളും തകർത്ത് അഭിനയിച്ച ചിത്രം. സിനിമ റിലീസ് ചെയ്ത് 25വർഷത്തോളം മുംബൈയിലെ മറാത്ത മന്ദിർ തിയറ്ററിൽ മുടങ്ങാതെ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഏറ്റവും കൂടുതൽ കാലം തിയറ്റിൽ പ്രദർശിപ്പിച്ച ചിത്രമെന്ന റെക്കോർഡും ഇതോടെ ഡി.ഡി.എൽ.ജെ സ്വന്തമാക്കിയിരുന്നു.
1995ന് റിലീസ് ആയ ചിത്രത്തിന്‍റെ ജനപ്രീതിയാണ് വർഷങ്ങളോളം തിയറ്ററിൽ പ്രദർശിപ്പിക്കാനുള്ള കാരണവും. ഇന്നും ആരാധകർ ഏറെയുള്ള ചിത്രം മുടങ്ങിയത് കോവിഡ് 19 ലോക്ഡൗണിൽ രാജ്യം മുഴുവൻ സ്തംഭിച്ചപ്പോൾ മാത്രമായിരുന്നു. 1995 മുതൽ 2020 മാർച്ച് വരെ എല്ലാ ദിവസവും ഒരു മാറ്റിനി ഷോ തിയറ്ററിൽ പ്രദർശിപ്പിച്ചിരുന്നു. കാണികൾ കുറവായിരുന്നാൽ പോലും ചിത്രം തിയറ്ററിൽ പ്രദർശിപ്പിക്കും.
2020 നവംബറിൽ മഹാരാഷ്ട്ര സർക്കാർ തിയറ്ററുകൾ 50 ശതമാനം കപ്പാസിറ്റിയോടെ തുറക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ, രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ വീണ്ടും തിയറ്ററുകൾ അടച്ചു.
കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ഒക്ടോബർ 22ന് വീണ്ടും തിയറ്ററുകൾ മഹാരാഷ്ട്രയിൽ തുറക്കും. മഹാരാഷ്ട്രയിൽ തിയറ്ററുകൾ തുറക്കുേമ്പാൾ മറാത്ത മന്ദിറിൽ മാറ്റിനി ഷോയായി മാറ്റമില്ലാെത ദിൽവാലെ ദുൽഹാനിയ ലേ ജായേങ്കേ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. മാറ്റിനി ഷോയായി ഡി.ഡി.എൽ.ജെ തന്നെ പ്രദർശിപ്പിക്കുമെന്ന് അറിയിച്ച് മറാത്ത മന്ദിർ എക്സിക്യൂട്ടീവ് ഡയറക്ടർ മനോജ് േദശായ് അറിയിച്ചു.
'ചിത്രത്തിന്‍റെ പ്രദർശനം തുടരുമോയെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അത് എല്ലായ്പ്പോഴും ആദ്യ ഷോ ആയിരിക്കും. പാരമ്പര്യം തുടരുകയും ചെയ്യും. കോവിഡ് മഹാമാരി വന്നതിനാൽ മാത്രമാണ് ഷോ പിൻവലിച്ചത്. യഷ് രാജ് ഫിലിംസുമായി ഞങ്ങൾക്ക് ദീർഘകാല ബന്ധമുണ്ട്. പ്രത്യേകിച്ച് യഷ് ചോപ്രാജിയുമായി. അദ്ദേഹം എപ്പോഴും വിതരണക്കാരെയും പ്രദർശകരെയും ബഹുമാനിച്ചിരുന്നു. അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിക്കാനുള്ള വഴി കൂടിയാണിത്' -മനോജ് ദേശായ് പറഞ്ഞു.
കോവിഡ് ലോക്ഡൗണിൽ തിയറ്റർ ബിസിനസ് ദുഷ്കരമായിരുന്നുവെന്നും ദേശായ് പറഞ്ഞു. 18 മാസക്കാലം പ്രയാസം അനുഭവിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 'സ്റ്റാൾ ടിക്കറ്റിന് 20 രൂപയാണ്. ഡ്രസ് സർക്കിളിന് 25ഉം ബാൽക്കണിക്ക് 30 രൂപയും. ദിനംപ്രതി 200 മുതൽ 300 വരെ ആളുകൾ എത്തും. 1100 ആണ് തിയറ്ററിന്‍റെ മുഴുവൻ സീറ്റിങ് കപ്പാസിറ്റി. റെയിൽവേ സ്റ്റേഷന്റെയും ബസ് ഡിപ്പോയുടെയും സമീപമാണ് തിയറ്റർ. അവരുടെ യാത്ര തുടങ്ങുന്നതിന് മുമ്പായി തിയറ്ററിലെത്തുകയും വിശ്രമിക്കുകയും ചെയ്യും. ആഴ്ചാവസാനം തിയറ്ററിൽ ആളുകൾ കൂടുതലായി എത്തും. അതിനാൽ പുതിയ ചിത്രം പ്രദർശിപ്പിക്കുന്നതിനേക്കാൾ ഡി.ഡി.എൽ.ജെ പ്രദർശിപ്പിക്കുന്നതാണ് നല്ലത്. തിയറ്ററിൽ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ മാത്രം അനുമതിയുള്ളതിനാൽ ഹൗസ്ഫുൾ കാണാൻ ഇടയില്ല. എന്നാല കോവിഡിന് മുമ്പ് അതും സംഭവിച്ചിരുന്നു' -അദ്ദേഹം പറഞ്ഞു.
'സാധാരണ കാഴ്ചക്കാരേക്കാൾ ഉപരി ഷാരൂഖും കാജോളും സ്ക്രീനിൽ സൃഷ്ടിക്കുന്ന മാജിക് കാണാനെത്തുന്ന നിരവധി വിശ്വസ്തരായ പ്രേക്ഷകരുണ്ട്. വൈ.ആർ.എഫ് പ്രദർശനം നിർത്താൻ തീരുമാനിക്കുന്നതുവരെ മറാത്ത മന്ദിറിൽ ചിത്രം പ്രദർശിപ്പിക്കും' -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.