ചിത്രീകരണത്തിന് രണ്ടു പേര്‍ മാത്രം; 'മതിലുകള്‍: ലൗ ഇന്‍ ദ ടൈം ഓഫ് കൊറോണ' നാളെ പ്രേക്ഷകരിലേക്ക്
text_fieldsകോവിഡ് മഹാമാരിക്കിടയില്‍ ചിത്രീകരിച്ച സ്വതന്ത്ര സിനിമ 'മതിലുകള്‍: ലൗ ഇന്‍ ദ ടൈം ഓഫ് കൊറോണ' ഒ.ടി.ടി റിലീസിന്. 24/1 ഇന്‍ഡിപെന്‍ഡെന്റ് ഫിലിം ആക്ടിവിറ്റീസ് നിര്‍മിച്ച ചിത്രം റൂട്ട്‌സ് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ നാളെ റിലീസ് ചെയ്യും. എഴുത്തുകാരനും തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ ക്രിയേറ്റിവ് റൈറ്റിങ് ഫാക്കല്‍റ്റിയുമായ അന്‍വര്‍ അബ്ദുല്ല രചനയും സംവിധാനവും നിര്‍വഹിക്കുന്നു.
പ്രവാസിയും പരാജയപ്പെട്ട എഴുത്തുകാരനുമായ നായകന്‍ വിദേശത്തെ ഫ്ളാറ്റിലും വിമാനത്താവളത്തിലും ദിവസങ്ങള്‍ നീണ്ട ഏകാന്തതയും നരകയാതനയും താണ്ടി നാട്ടിലെത്തുന്നു. ഭാര്യയെയും കുട്ടികളെയും വേറേ വീട്ടിലേക്കുമാറ്റിയശേഷം വലിയ പറമ്പുള്ള ആ വീട്ടില്‍ ക്വാറന്റീന്‍ വാസത്തിനു വിധിക്കപ്പെട്ടിരിക്കുകയാണയാള്‍. നിവൃത്തികേടുകൊണ്ടുള്ള ഏകാന്തതയും രാഷ്ട്രീയസ്വത്വബോധ പ്രതിസന്ധിയും ലോകനാശത്തെക്കുറിച്ചുള്ള വിഷാദ ദര്‍ശനവും അയാളെ ഭരിക്കുന്നു. എഴുത്തിലും വായനയിലും മുഴുകാന്‍ ശ്രമിക്കുന്നെങ്കിലും സാഹിത്യമുണര്‍ത്തുന്ന ഭാവനാലോകവും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്ന് അയാള്‍ വിചിത്രാനുഭവങ്ങള്‍ക്ക് വിധേയനാകുന്നു.
പരിസരത്തെങ്ങും ജീവന്റെ സ്പന്ദം പോലും വെളിവാകാത്ത ആ തടവുസ്ഥിതിയില്‍, ഏകരക്ഷയായിരുന്ന മൊബൈല്‍ ഫോണ്‍ താഴെവീണു തകരുന്നതോടെ അയാളും യഥാര്‍ത്ഥ ലോകവുമായുള്ള ബന്ധമറ്റു. ആരുമില്ലായ്മയുടെ ആ ലോകത്തില്‍ ശബ്ദത്തിലൂടെ ഒരു സ്ത്രീസാന്നിദ്ധ്യം അയാള്‍ക്കു സാന്ത്വനമാകുന്നു. പ്രപഞ്ചം നിലനില്‍ക്കും മനുഷ്യനോ എന്ന ചോദ്യം നിരാശയുടെയും പ്രത്യാശയുടെയും വിളുമ്പില്‍നിന്നുകൊണ്ട് നിശ്ശബ്ദമായി ചോദിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യത്തിലെ ആത്മകേന്ദ്രമായ ഭാവപുരുഷനും അഭാവസ്ത്രീയും എന്ന ദ്വന്ദ്വത്തെ ആശയമായി സ്വീകരിച്ചുകൊണ്ട്, മനുഷ്യചരിത്രത്തെയും അതിനോട് ഇടഞ്ഞും ചേര്‍ന്നും ഒഴുകുന്ന ഇതര ജീവികുല ചരിത്രത്തെയും അന്യാപദേശാഖ്യാനമായി രേഖപ്പെടുത്തുകയാണ് ഈ ചിത്രം.
കോവിഡ് മഹാമാരിക്കിടെ രണ്ട് പേര്‍ മാത്രം ചേര്‍ന്ന് മൂന്ന് ദിവസം കൊണ്ടാണ് 109 മിനിറ്റ് നീളുന്ന പരീക്ഷണാത്മക സ്വതന്ത്ര സിനിമ ചിത്രീകരിച്ചതെന്ന് സംവിധായകന്‍ അന്‍വര്‍ അബ്ദുല്ല പറഞ്ഞു. സംസ്ഥാനപുരസ്‌കാരം നേടിയ കിണര്‍, ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം നേടിയ സമക്ഷം, ട്രിപ്പ് എന്നീ ഫീച്ചര്‍ ചിത്രങ്ങളുടെ തിരക്കഥാ രചയിതാവാണ് അന്‍വര്‍ അബ്ദുല്ല. ഐ.എഫ്.എഫ്.കെയുടെ ഔദ്യോഗിക ബുള്ളറ്റിന്റെ എക്സിക്യൂട്ടിവ് എഡിറ്ററായും, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജൂറിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എം.ടിയെന്ന രണ്ടക്ഷരമല്ലയോ എന്ന ഡോക്യുമെന്ററിയും സമക്ഷം, ട്രിപ്പ് എന്നീ കഥാചിത്രങ്ങളും സംവിധാനം ചെയ്തു.
മുഹമ്മദ് എ. ആണ് ഛായാഗ്രാഹകന്‍. രാജ്കുമാര്‍ വിജയ് എഡിറ്റിങ്ങും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചു. സൗണ്ട്: വിഷ്ണു പ്രമോദ്, അജയ് ലെ ഗ്രാന്‍ഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.